CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 16 Minutes 2 Seconds Ago
Breaking Now

22 വര്‍ഷം, ആയിരക്കണക്കിന് രോഗികള്‍ക്ക് ചികിത്സ; എന്‍എച്ച്എസ് സൈക്യാട്രിസ്റ്റ് പ്രവര്‍ത്തിച്ചത് വ്യാജ ഡിഗ്രിയുമായി; വ്യാജ ഡോക്ടര്‍ പിടിയിലായതോടെ വ്യാപക അന്വേഷണം; 3000 വിദേശ ഡോക്ടര്‍മാരുടെ പൂര്‍വ്വകാലം പരിശോധിക്കാന്‍ ഉത്തരവ്

അലേമിക്കെതിരെയുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് സ്ഥിരീകരിച്ചു

മൂവായിരത്തോളം വിദേശ ഡോക്ടര്‍മാരുടെ പൂര്‍വ്വകാല ചരിത്രം അടിയന്തര പരിശോധനയ്ക്ക് വിധേയമാക്കുന്നു. ഒരു വ്യാജ വനിതാ ഡോക്ടര്‍ 22 വര്‍ഷത്തോളം എന്‍എച്ച്എസില്‍ സേവനം നല്‍കിയതിനിടെ പിടിയിലായതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. യാതൊരു യോഗ്യതയുമില്ലാത്ത ഒരു സ്ത്രീയാണ് പിടിയിലായത്. ന്യൂസിലാന്‍ഡില്‍ നിന്നും 1992-ല്‍ യുകെയിലെത്തുമ്പോള്‍ ഓക്ക്‌ലാന്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡിഗ്രി നേടിയിട്ടുണ്ടെന്നായിരുന്നു സോളിയ അലേമി അവകാശപ്പെട്ടത്. എന്നാല്‍ ഒന്നാം വര്‍ഷം തന്നെ തോറ്റ് പഠനം അവസാനിപ്പിച്ച ശേഷമായിരുന്നു ഇവരുടെ തട്ടിപ്പ് പരിപാടി! 

ഡോക്ടര്‍മാരുടെ പിന്നണി പരിശോധിക്കുന്ന ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ ഈ 56-കാരിയുടെ സര്‍ട്ടിഫിക്കറ്റ് ഒറിജിനല്‍ ആണോയെന്ന് പോലും പരിശോധിച്ചില്ല. ആ സമയത്ത് ചില കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി ജോലിയില്‍ കയറാനുള്ള അവസരമുണ്ടായിരുന്നു. ഇവര്‍ക്ക് മറ്റ് പരിശോധനകള്‍ക്ക് ഇരിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ഇതുവഴി 1995 മുതല്‍ ജോലിക്ക് കയറിയ അലേമി എന്‍എച്ച്എസില്‍ രണ്ട് ദശകത്തോളം ആയിരക്കണക്കിന് മാനസിക രോഗികളെ ചികിത്സിച്ചു. ഇവര്‍ക്ക് മരുന്ന് നല്‍കി, രോഗവിവരം വിലയിരുത്തി ഡോക്ടറായി വിലസുകയും ചെയ്തു. 

വ്യാജ ഡോക്ടറുടെ പദവി ഉപയോഗിച്ച് ഒരു വൃദ്ധയുടെ 1.3 മില്ല്യണ്‍ പൗണ്ട് മൂല്യമുള്ള ഇഷ്ടദാനം കൈക്കലാക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായതോടെയാണ് അലേമിയുടെ കള്ളി പുറത്തായത്. കഴിഞ്ഞ മാസം ഇവര്‍ക്ക് അഞ്ച് വര്‍ഷത്തെ ശിക്ഷ വിധിച്ച് കോടതി ജയിലിലേക്ക് അയച്ചിരുന്നു. അലേമിയുടെ ബാക്ക്ഗ്രൗണ്ട് പരിശോധിച്ച് പ്രശ്‌നങ്ങള്‍ ബോധ്യപ്പെട്ടതോടെയാണ് ജിഎംസി റിവ്യൂ പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്‍എച്ച്എസില്‍ സൈക്യാട്രിസ്റ്റായി ജോലി ചെയ്ത അലേമിക്ക് പ്രതിവര്‍ഷം ഒരു ലക്ഷം പൗണ്ട് വരുമാനമുണ്ടായിരുന്നു. ബാച്ചിലര്‍ ഓഫ് മെഡിസിന്‍, ബാച്ചിലര്‍ ഓഫ് സര്‍ജറി സര്‍ട്ടിഫിക്കറ്റുകളാണ് അലേമി വ്യാജമായി ഹാജരാക്കിയത്. 

അലേമിക്കെതിരെയുള്ള അന്വേഷണം തുടരുകയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇവരുടെ ചികിത്സയ്ക്ക് വിധേയമായ രോഗികളുടെ അവസ്ഥയാണ് ഇപ്പോള്‍ ആശങ്ക ഉയര്‍ത്തുന്നത്. വെസ്റ്റ് യോര്‍ക്ക്ഷയര്‍, ലങ്കാഷയര്‍, സ്‌കോട്ട്‌ലണ്ട് എന്നിവിടങ്ങളില്‍ ഇവര്‍ സേവനം നല്‍കിയിരുന്നതായാണ് വിവരം.




കൂടുതല്‍വാര്‍ത്തകള്‍.