CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
22 Minutes 41 Seconds Ago
Breaking Now

പനിക്കാലത്ത് എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് പണിയാകാന്‍ ഫ് ളൂ പ്രതിരോധ കുത്തിവെയ്പ്പ്; ജാബുകള്‍ എടുക്കാതെ രോഗികളെ അപകടത്തിലാക്കുന്ന ജീവനക്കാരെ ഫ്രണ്ട്‌ലൈന്‍ ഡ്യൂട്ടിയില്‍ നിന്നും പിന്‍വലിക്കുമെന്ന ഭീഷണിയുമായി ആരോഗ്യ മേധാവികള്‍; മയമില്ലെന്നത് മുതല്‍ സൂചി ഇഷ്ടമല്ലെന്നത് വരെ കാരണങ്ങള്‍

പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് കണക്ക് പ്രകാരം 46.3 ശതമാനം ജീവനക്കാരാണ് രാജ്യത്ത് വാക്‌സിനേഷന്‍ എടുത്തവര്‍

ജോലി ചെയ്യുന്നത് ബ്രിട്ടനിലെ ആരോഗ്യസേവന രംഗത്ത് എന്നിട്ടും സൂചി ഇഷ്ടമല്ല! ഈ ന്യായീകരണം കേട്ടാല്‍ ആരും ഒന്ന് അമ്പരക്കും. പനിക്കാലം അടുക്കുന്നതിനാല്‍ എന്‍എച്ച്എസ് ജീവനക്കാരെ പ്രതിരോധ കുത്തിവെയ്പ്പ് എടുപ്പിക്കാനുള്ള മേലാളന്‍മാരുടെ നീക്കങ്ങള്‍ക്കുള്ള മറുപടികളില്‍ ഒന്നാണ് മുകളില്‍ പറഞ്ഞത്. കുത്തിവെയ്പ്പ് എടുക്കാന്‍ സമയം കിട്ടുന്നില്ലെന്നത് മുതല്‍ സൂചി ഇഷ്ടമല്ലെന്ന് വരെയാണ് ന്യായങ്ങള്‍. പകുതിയോളം ജീവനക്കാര്‍ ഫ് ളൂ ജാബ് എടുത്തിട്ടില്ലാത്തത് രോഗികളെ അപകടത്തിലാക്കുമെന്നാണ് ഇപ്പോഴത്തെ ആശങ്ക. 

ശൈത്യകാലം എത്തുന്നതോടെ ഒപ്പമെത്തുന്ന പനിക്കാലത്ത് എല്ലാ ജീവനക്കാര്‍ക്കും പ്രതിരോധ കുത്തിവെയ്പ്പ് നല്‍കാനാണ് ഹെല്‍ത്ത് ബോസുമാരുടെ നിര്‍ദ്ദേശം. ഇതിന് തയ്യാറാകാത്ത ജീവനക്കാരെ ഫ്രണ്ട്‌ലൈന്‍ ഡ്യൂട്ടിയില്‍ നിന്നും പിന്‍വലിക്കുമെന്നാണ് ഭീഷണി. എന്നാല്‍ ഇതൊന്നും ജീവനക്കാരെ പേടിപ്പിച്ചിട്ടില്ല. നോര്‍ത്ത് ലണ്ടനിലെ കാംഡെന്‍ & ഐലിംഗ്ടണ്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് നല്‍കുന്ന കണക്ക് പ്രകാരം കേവലം 33 ശതമാനം പേരാണ് വാക്‌സിനേഷന്‍ സ്വീകരിച്ചത്. ഗില്‍ഡ്‌ഫോര്‍ഡ് റോയല്‍ സറേ കൗണ്ടി ഹോസ്പിറ്റലില്‍ 31%, ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍ പാര്‍ട്ണര്‍ഷിപ്പ് ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ 28.7%, ഈസ്റ്റ് സഫോക്ക് & നോര്‍ത്ത് എസെക്‌സ് ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ 36%, കോണ്‍വാള്‍ പാര്‍ട്ണര്‍ഷിപ്പ് ഫൗണ്ടേഷന്‍ ട്രസ്റ്റില്‍ 42% എന്നിങ്ങനെയാണ് പ്രതിരോധ കുത്തിവെയ്പ്പ് കണക്കുകള്‍. 

ഒക്ടോബര്‍ 31 വരെയുള്ള പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് കണക്ക് പ്രകാരം 46.3 ശതമാനം ജീവനക്കാരാണ് രാജ്യത്ത് വാക്‌സിനേഷന്‍ എടുത്തവര്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കേവലം 0.3 ശതമാനം മാത്രമാണ് കൂടുതല്‍. ഈ മാസം ഫ് ളൂ തലവേദന ആരംഭിക്കുമ്പോള്‍ ഹെല്‍ത്ത് കെയര്‍ ജീവനക്കാര്‍ പ്രതിരോധ കുത്തിവെയ്പ്പ് എടുത്തില്ലെങ്കില്‍ രോഗികള്‍ക്ക് അസുഖം കൈമാറുമെന്നാണ് ആശങ്ക. കൂടാതെ എന്‍എച്ച്എസില്‍ ഏറ്റവും തിരക്കും സമ്മര്‍ദവുമുള്ള സമയം കൂടിയാണ് ശൈത്യകാലം. വൈറസും ഒന്ന്-രണ്ട് ആഴ്ച വരെ ഇവരെ പിടികൂടിയാല്‍ അത്രയും ദിവസം ലീവെടുക്കുമെന്നതും എന്‍എച്ച്എസ് മേലാളന്‍മാര്‍ക്ക് തലവേദനയാണ്. 

വാക്‌സിനേഷന്‍ എടുക്കാത്ത ജീവനക്കാരെ ഫ്രണ്ട്‌ലൈന്‍ ഡ്യൂട്ടിയില്‍ നിന്നും പിന്‍വലിക്കുമെന്ന് എന്‍എച്ച്എസ് ഇംപ്രൂവ്‌മെന്റ് സെപ്റ്റംബറില്‍ വ്യക്തമാക്കിയിരുന്നു. പക്ഷെ ജീവനക്കാര്‍ ഇതിന് തയ്യാറാകാതെ പിന്‍വലിക്കപ്പെട്ടാല്‍ എങ്ങിനെ ജനത്തെ പരിചരിക്കുമെന്നത് സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.