CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 50 Minutes 27 Seconds Ago
Breaking Now

അവിശ്വാസ വോട്ട് സാധ്യമാക്കാനുള്ള 48 കത്തുകള്‍ ലഭിച്ചതായി ടോറി വിമതര്‍; തെരേസ മേയ് ഒരുങ്ങുന്നത് മറ്റൊരു നേതൃപോരാട്ടത്തിന്; യൂറോപ്പിലെ കറക്കം കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ പ്രധാനമന്ത്രി കസേര ബാക്കി കാണുമോ; രാജ്യം നീങ്ങുന്നത് വീണ്ടും തെരഞ്ഞെടുപ്പിലേക്കോ?

യൂറോപ്യന്‍ വിരുദ്ധ എംപിമാര്‍ ഇതിന് ആവശ്യമായ 48 കത്തുകള്‍ സ്വരൂപിക്കാന്‍ കഴിഞ്ഞതിന്റെ ആഘോഷം തുടങ്ങിക്കഴിഞ്ഞു

പ്രധാനമന്ത്രി തെരേസ മേയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ താഴെവീണാല്‍ ബ്രിട്ടന്‍ വീണ്ടുമൊരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങും. ഇതിനുള്ള സര്‍വ്വസാധ്യതകളും ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. തെരേസ മേയുടെ നേതൃത്വത്തില്‍ അവിശ്വാസം പ്രകടിപ്പിച്ച് 48 കത്തുകള്‍ ടോറി നേതൃത്വത്തിന്റെ കൈകളില്‍ എത്തിയാല്‍ സ്വാഭാവികമായും ഒരു നേതൃപോരാട്ടം ആരംഭിക്കും. ഇതില്‍ മേയ് പുറത്തുപോയാലും പകരം ഒരു നേതാവിനെ കണ്ടെത്തി പ്രധാനമന്ത്രിയാക്കാന്‍ വിമതര്‍ ഐക്യത്തോടെ നില്‍ക്കുമോയെന്ന് സംശയമാണ്. കാര്യങ്ങള്‍ ആ വഴിക്ക് നീങ്ങിയാല്‍ സ്വാഭാവികമായും സര്‍ക്കാര്‍ താഴെവീഴാനും, വീണ്ടുമൊരു തെരഞ്ഞെടുപ്പിന് വഴിയൊരുങ്ങുകയും ചെയ്യും. 

സ്വന്തം പാര്‍ട്ടിയുടെ അവിശ്വാസം നേരിടാനുള്ള ഒരുക്കത്തിലാണ് തെരസേ മേയെന്നാണ് റിപ്പോര്‍ട്ടുകള്‍. യൂറോപ്യന്‍ വിരുദ്ധ എംപിമാര്‍ ഇതിന് ആവശ്യമായ 48 കത്തുകള്‍ സ്വരൂപിക്കാന്‍ കഴിഞ്ഞതിന്റെ ആഘോഷം തുടങ്ങിക്കഴിഞ്ഞു. ഇതോടെ പ്രധാനമന്ത്രിക്കെതിരെ പാര്‍ട്ടിക്കാര്‍ അവിശ്വാസം വോട്ടിനിട്ട് പാസാക്കുമെന്നാണ് കരുതുന്നത്. അങ്ങിനെ സംഭവിച്ചാല്‍ നേതൃപദവിയില്‍ നിന്നും പ്രധാനമന്ത്രിക്ക് ഇറങ്ങിപ്പോകേണ്ടി വരും. ബ്രക്‌സിറ്റ് കരാറില്‍ സുപ്രധാനമായ കോമണ്‍സ് വോട്ട് പരാജയം ഭയന്ന് തെരേസ മേയ് പിന്‍വലിച്ചതോടെ മുന്‍ ക്യാബിനറ്റ് മന്ത്രി ഓവന്‍ പാറ്റേഴ്‌സണ്‍ വിമത നീക്കത്തില്‍ ചേര്‍ന്നിരുന്നു. ഇത് കാര്യങ്ങള്‍ ശരിയായ ദിശയിലേക്ക് നയിക്കുമെന്നാണ് കരുതുന്നത്. 

രാജ്യത്ത് തിരിച്ചെത്തുന്ന പ്രധാനമന്ത്രിയുമായി കണ്‍സര്‍വേറ്റീവുകളുടെ 1922 കമ്മിറ്റിയുടെ ചെയര്‍മാന്‍ സര്‍ ഗ്രഹാം ബ്രാഡി ചര്‍ച്ചയ്ക്ക് സമയം ചോദിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന് മാത്രമാണ് എത്ര കത്തുകള്‍ ലഭിച്ചെന്ന് കൃത്യമായി അറിവുള്ളത്. എന്നാല്‍ ഇൗ എണ്ണത്തെക്കുറിച്ച് വ്യക്തമാക്കാന്‍ ബ്രാഡി തയ്യാറല്ല. തനിക്കെതിരെ ഉയരുന്ന വിമത ശബ്ദത്തിന് എതിരെ പോരാടുമെന്നാണ് തെരേസ മേയും സംഘവും ഇതുവരെ പറഞ്ഞിരുന്നത്. പക്ഷെ കഴിഞ്ഞ ഏതാനും ആഴ്ചകളായി ശക്തി ചോര്‍ന്ന് ഗുരുതരമായ ഭീഷണി നേരിടുകയാണ് മേയ്. ബ്രക്‌സിറ്റ് കരാര്‍ നഷ്ടമാകാതെ കാക്കാന്‍ യൂറോപ്യന്‍ തലസ്ഥാനങ്ങളില്‍ മേയ് അടിയന്തര സന്ദര്‍ശനം നടത്തുകയായിരുന്നു. 

വിമതനീക്കങ്ങള്‍ ശക്തിപ്പെടുത്താന്‍ കഴിയാത്തതിന്റെ നിരാശയില്‍ ഇരിക്കവെയാണ് പാറ്റേഴ്‌സണ്‍ ഇവര്‍ക്കൊപ്പം ചേര്‍ന്നിരിക്കുന്നത്. എന്നാല്‍ ഭാവി പ്രധാനമന്ത്രിയെ ടോറികള്‍ക്ക് കണ്ടെത്താന്‍ സാധിക്കുമോയെന്നത് അനിശ്ചിതത്വമാണ്. പ്രത്യേകിച്ച് നിരവധി നേതാക്കള്‍ ഇതിനായി പോരാട്ടം നടത്താനുള്ള തയ്യാറെടുപ്പിലുമാണ്. ഒടുവില്‍ പടവെട്ടി ആര് നേതൃത്വം പിടിച്ചെടുക്കും, കാത്തിരിക്കാം ആ ജേതാവിനായി!




കൂടുതല്‍വാര്‍ത്തകള്‍.