CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 50 Minutes 17 Seconds Ago
Breaking Now

ഗര്‍ഭം അലസിപ്പിക്കാന്‍ ഇനി അയര്‍ലണ്ടിലെ സ്ത്രീകള്‍ക്ക് ഇംഗ്ലണ്ട് വരെ യാത്ര ചെയ്യേണ്ട; അബോര്‍ഷന്‍ നിയമവിധേയമാക്കി ഐറിഷ് പാര്‍ലമെന്റ്; സ്ത്രീകള്‍ക്ക് ചരിത്ര നിമിഷമെന്ന് പ്രധാനമന്ത്രി ലിയോ വരദ്കര്‍; വിജയം സഭയുടെ ശക്തി ക്ഷയിക്കുന്നതിന്റെ സൂചന; 12 ആഴ്ചയ്ക്കുള്ളില്‍ അബോര്‍ഷനാകാം

ജനുവരി മുതല്‍ സ്ത്രീകള്‍ക്ക് അബോര്‍ഷന്‍ ലഭ്യമാക്കി തുടങ്ങും.

ഈ വര്‍ഷം ആദ്യം ജനങ്ങള്‍ വിജയിപ്പിച്ച ഹിതപരിശോധനയെത്തുടര്‍ന്ന് ഐറിഷ് പാര്‍ലമെന്റ് അബോര്‍ഷന്‍ നിയമവിധേയമാക്കാനുള്ള ഭേദഗതി പാസാക്കി. ഇത് ചരിത്രനിമിഷമെന്നാണ് പ്രധാനമന്ത്രി ലിയോ വരദ്കര്‍ ഭേദഗതി പാസാക്കിയതിനെ പുകഴ്ത്തിയത്. കത്തോലിക്കാ ഭൂരിപക്ഷമുള്ള അയര്‍ലണ്ടില്‍ സഭയുടെ ശക്തി അടുത്ത കാലത്തായി ക്ഷയിക്കുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് അബോര്‍ഷന്‍ നിയമങ്ങള്‍ പാസാക്കിയത്. മെയ് മാസത്തില്‍ നടന്ന ഹിതപരിശോധനയില്‍ 66% പേരാണ് മാറ്റത്തിന് അനുകൂലമായി വോട്ട് ചെയ്തത്. 

'ഐറിഷ് സ്ത്രീകള്‍ക്ക് ചരിത്ര നിമിഷം. പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. ഇരുസഭകളിലൂടെയും ഭേദഗതി പാസാക്കിയ ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസിന് അഭിനന്ദനങ്ങള്‍', വരദ്കര്‍ ട്വീറ്റ് ചെയ്തു. 1980 മുതല്‍ അയല്‍ക്കാരായ ബ്രിട്ടനിലേക്ക് യാത്ര ചെയ്താണ് അബോര്‍ഷന്‍ ആവശ്യമുള്ള സ്ത്രീകള്‍ ഇത് നടത്തിയിരുന്നത്. ഇക്കാലയളവില്‍ ഏകദേശം 170,000 ഐറിഷ് സ്ത്രീകള്‍ ഇത്തരത്തില്‍ യാത്ര ചെയ്‌തെന്നാണ് കണക്ക്. പുതിയ നിയമം പാസായതോടെ ഗര്‍ഭം ധരിച്ച് 12 ആഴ്ചയ്ക്കുള്ളില്‍ അബോര്‍ഷന്‍ നടത്താന്‍ അനുവാദം ലഭിക്കും. ഇതിന് പുറമെ ഗര്‍ഭിണിയുടെ ജീവന് അപകടമുള്ള, ആരോഗ്യത്തിന് വലിയ പ്രശ്‌നങ്ങള്‍ സമ്മാനിക്കുന്ന അവസ്ഥകളിലും അബോര്‍ഷന്‍ നടത്താം. 

ഭ്രൂണത്തിന് എന്തെങ്കിലും തരത്തിലുള്ള അസ്വാഭാവികതകള്‍ രൂപപ്പെട്ടാലും അബോര്‍ഷന്‍ നടത്താന്‍ നിയമം അനുവദിക്കുന്നു. ജനിച്ച് 28 ദിവസത്തിനുള്ളില്‍ മരിച്ചേക്കുമെന്ന സാധ്യത കൂടി ഇതില്‍ കണക്കിലെടുക്കും. അയര്‍ലണ്ട് കൂടി ഈ മാറ്റം പ്രഖ്യാപിച്ചതോടെ അബോര്‍ഷന്‍ പൂര്‍ണ്ണമായി വിലക്കിയ ഏക യൂറോപ്യന്‍ രാജ്യമായി മാള്‍ട്ട മാറി. 'ഏകദേശം 200 ദിവസം മുന്‍പ് അയര്‍ലണ്ടിലെ ജനങ്ങള്‍ ഭരണഘടനയിലെ 8ാം ഭാഗം ഇല്ലാതാക്കാന്‍ വോട്ട് ചെയ്തു. സ്ത്രീകളോട് നമുക്ക് അനുതാപമുണ്ട്. അതുകൊണ്ടാണ് ആ മാറ്റം യാഥാര്‍ത്ഥ്യമാക്കാന്‍ നിയമം പാസാക്കുന്നത്. ഒറ്റയ്ക്കുള്ള സ്ത്രീകളുടെ യാത്രകള്‍ ഒഴിവാക്കാന്‍, മാനസിവ്യഥ അവസാനിപ്പിക്കാന്‍, സ്ത്രീകളുടെ തീരുമാനത്തെ പിന്തുണയ്ക്കാന്‍ ഈ മാറ്റം അനിവാര്യമാണ്', മന്ത്രി സൈമണ്‍ ഹാരിസ് വ്യക്തമാക്കി. 

ഇനി നിയമത്തില്‍ പ്രസിഡന്റ് മൈക്കിള്‍ ഡി ഹിഗ്ഗിംസ് ഒപ്പുവെയ്ക്കുന്നത് മാത്രമാണ് ബാക്കിയുള്ള നടപടി. ജനുവരി മുതല്‍ സ്ത്രീകള്‍ക്ക് അബോര്‍ഷന്‍ ലഭ്യമാക്കി തുടങ്ങും. 




കൂടുതല്‍വാര്‍ത്തകള്‍.