CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 31 Seconds Ago
Breaking Now

ബ്രക്‌സിറ്റില്‍ നഴ്‌സുമാരുടെ നിലപാട് ദേ ഇതാണ്; നഴ്‌സിംഗ് ജീവനക്കാരെ സാരമായി ബാധിക്കുന്ന ബ്രക്‌സിറ്റ് വേണ്ട, ജനങ്ങളുടെ മനസ്സിലിരുപ്പ് രണ്ടാമതും തേടണം; ഇയു ജീവനക്കാരില്ലെങ്കില്‍ കാര്യങ്ങള്‍ കുഴപ്പത്തിലാകുമെന്ന് ആര്‍സിഎന്‍

ഇയു നഴ്‌സിംഗ് ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് പുറമെ ഭാവിയില്‍ മൈഗ്രേഷന്‍ അനുവദിക്കണമെന്നും ആര്‍സിഎന്‍

ബ്രക്‌സിറ്റ് നടപ്പാക്കിയാല്‍ എന്‍എച്ച്എസിന്റെ പ്രവര്‍ത്തനങ്ങള്‍ കുഴപ്പത്തിലാകുമെന്ന നിലപാടുമായി റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ്. ഇക്കാര്യത്തില്‍ തങ്ങളുടെ ആശങ്കകള്‍ ബോധിപ്പിക്കാന്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ആര്‍സിഎന്‍ അംഗങ്ങള്‍ എംപിമാരെയും, ലോര്‍ഡ്‌സ് അംഗങ്ങളെയും നേരില്‍ കണ്ടു. ബ്രക്‌സിറ്റ് വോട്ട് വിജയിച്ചത് മുതലുള്ള തങ്ങളുടെ അനുഭവങ്ങളെക്കുറിച്ചാണ് ഇവര്‍ വ്യക്തമാക്കിയത്. നഴ്‌സിംഗ് സേവനമേഖലയെ സാരമായി ബാധിക്കുന്ന ബ്രക്‌സിറ്റ് മരുന്നുകളുടെ വിതരണം, പബ്ലിക് ഹെല്‍ത്ത്, നഴ്‌സിംഗ് റെഗുലേഷന്‍ എന്നിവയെ ബാധിക്കുമെന്നാണ് ആര്‍സിഎന്‍ വ്യക്തമാക്കുന്നത്. 

ഈ വര്‍ഷം ആദ്യം ബ്രക്‌സിറ്റില്‍ ചര്‍ച്ചകള്‍ നടത്തിയ ആര്‍സിഎന്‍ കോണ്‍ഗ്രസ് അവസാന ബ്രക്‌സിറ്റ് കരാറില്‍ ഹിതപരിശോധന വേണമെന്നാണ് ആവശ്യപ്പെടുന്നത്. ഇയു വിത്‌ഡ്രോവല്‍ എഗ്രിമെന്റില്‍ ഹൗസ് ഓഫ് കോമണ്‍സ് അഞ്ച് ദിവസം നീളുന്ന ചര്‍ച്ചകള്‍ നടത്തിയതിന് പിന്നാലെയാണ് നഴ്‌സിംഗ് അറ്റ് ബ്രേക്കിംഗ് പോയിന്റ് എന്ന പേരില്‍ പാര്‍ലമെന്റില്‍ പരിപാടി സംഘടിപ്പിച്ചത്. പാര്‍ലമെന്റില്‍ ഏതാനും ദിവസങ്ങളായി നടക്കുന്ന കലുഷിതമായ സംഭവങ്ങള്‍ക്കിടെ ബ്രക്‌സിറ്റ് ഏത് തരത്തിലുള്ള പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയെന്നും, രോഗികളുടെ സുരക്ഷയെ എങ്ങിനെ ബാധിക്കുമെന്നും എംപിമാരെ ബോധ്യപ്പെടുത്തിയതായി ആര്‍സിഎന്‍ ആക്ടിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ഡെയിം ഡോണാ കിന്നെയര്‍ വ്യക്തമാക്കി. 

ആവശ്യത്തിന് ഹെല്‍ത്ത് കെയര്‍ ജീവനക്കാരെ റിക്രൂട്ട് ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയും, വന്‍തോതില്‍ ഇയു നഴ്‌സുമാര്‍ സ്ഥലംവിടുകയും ചെയ്യുന്നത് രോഗീപരിചരണത്തെ ബാധിക്കുമെന്നാണ് ആശങ്ക. ബ്രക്‌സിറ്റ് വരുത്തിവെയ്ക്കുന്ന അനിശ്ചിതാവസ്ഥ മൂലം കുടുംബങ്ങള്‍ താമസം ഉറപ്പിക്കാനും, ഭാവിയെക്കുറിച്ച് കൃത്യമായ തീരുമാനം എടുക്കാനും മടിക്കുകയാണെന്നും ആര്‍സിഎന്‍ ചൂണ്ടിക്കാണിച്ചു. 

ഇയു നഴ്‌സിംഗ് ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് പുറമെ ഭാവിയില്‍ മൈഗ്രേഷന്‍ അനുവദിക്കണമെന്നും ആര്‍സിഎന്‍ ആവശ്യപ്പെടുന്നു. കൂടാതെ തൊഴില്‍ സാഹചര്യങ്ങള്‍ ഇയു നിലവാരത്തില്‍ നിലനിര്‍ത്തണമെന്നും അവര്‍ പറയുന്നു. അതുകൊണ്ട് തന്നെ ബ്രക്‌സിറ്റ് കരാറില്‍ ജനഹിതം തേടണമെന്നാണ് ആര്‍സിഎന്‍ ആവശ്യപ്പെടുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.