ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത് ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക്. കോണ്‍ഗ്രസ് ഉപാധ്യക്ഷനായി ചുമതലയേറ്റ ശേഷം ആദ്യമായി യുഎഇ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധി ദുബായില്‍ നടത്തിയ പ്രഭാഷണം കേള്‍ക്കാന്‍ സ്റ്റേഡിയം തിങ്ങിനിറഞ്ഞപ്പോള്‍ ഇന്ത്യന്‍ സമൂഹം ഹൃദയപൂര്‍വ്വം അദ്ദേഹത്തിന്റെ വാക്കുകളെ ഏറ്റുവാങ്ങി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും യുഎഇയിലെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന പതിനായിരങ്ങളാണ് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞത്.
ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭരണത്തില്‍ നിന്നും ഇന്ത്യയെ മോചിപ്പിക്കാനുള്ള പോരാട്ടം നയിച്ചത് മഹാത്മാ ഗാന്ധിയെന്ന പ്രവാസിയാണ്. അതുകൊണ്ട് തന്നെ ഇന്ത്യ ഇന്ന് എത്തിച്ചേര്‍ന്നിട്ടുള്ള നേട്ടങ്ങള്‍ പ്രവാസി സമൂഹത്തിന്റെ സഹായമില്ലാതെ അപ്രാപ്യമാണെന്നും രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. ഏറെ നാളായി പ്രവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങളെല്ലാം പാര്‍ട്ടി പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമെന്നും രണ്ട് ദിവസത്തെ യുഎഇ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ വ്യക്തമാക്കി. ജബല്‍ അലി വ്യവസായ മേഖലയില്‍ ഇന്ത്യന്‍ തൊഴിലാളികളുമായി നേരില്‍ സംസാരിച്ച് ഇവരുടെ പ്രശ്നങ്ങളെക്കുറിച്ച് മനസ്സിലാക്കിയ ശേഷമായിരുന്നു രാഹുല്‍ സ്റ്റേഡിയത്തില്‍ അഭിസംബോധന ചെയ്യാനെത്തിയത്.
'നിങ്ങള്‍ക്കൊപ്പം ഉണ്ടെന്ന് പറയാനാണ് ഞാന്‍ ഇവിടെ വന്നത്. നിങ്ങള്‍ കുടുംബങ്ങളെ ഇന്ത്യയിലാക്കി ഇവിടെ വന്ന് അധ്വാനിച്ച് അവര്‍ക്കായി സമ്പാദ്യം നേടുന്നു. ഞാന്‍ ഉറപ്പ് നല്കുന്നു ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ടെന്ന്. നിങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനാണ് ഇവിടെ വന്നത്. എന്ത് തരത്തിലുള്ള സഹായവും നല്കാന് ഞങ്ങള്‍ തയ്യാറാണ്', ജനങ്ങളുടെ നിറഞ്ഞ കൈയടികള്‍ക്കിടെ രാഹുല്‍ പ്രസ്താവിച്ചു. മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്മാന് സാം പിട്രോഡ എന്നിവര്‍ അദ്ദേഹത്തിനൊപ്പമുണ്ട്.
ശമ്പളം പൂര്‍ണ്ണമായി ലഭിക്കാത്ത സാഹചര്യങ്ങളും, ഏജന്റുമാര്‍ പറ്റിക്കുന്നതുമായ പരാതികളാണ് രാഹുലിന് ഇന്ത്യന്‍ തൊഴിലാളികള്‍ നല്‍കിയത്. പിട്രോഡയെ ഇതെല്ലാം അറിയിക്കാനും ഇവയെല്ലാം പാര്‍ട്ടി പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്താമെന്നും രാഹുല്‍ ഉറപ്പ് നല്കി. 'എല്ലാ പ്രശ്നങ്ങളും പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തും. എന്തെല്ലാം പ്രശ്നങ്ങളുണ്ടെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ എന്ത് ചെയ്യണമെന്നും മനസ്സിലാക്കും. ഇപ്പോഴത്തെ മോദി സര്‍ക്കാരല്ല തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിലെത്തുന്ന പുതിയ സര്‍ക്കാരിന്റെ കാര്യമാണ് പറയുന്നത്', രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ നിങ്ങള്‍ക്ക് വേണ്ടിയും, ഇന്ത്യയിലുള്ള കുടുംബങ്ങള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. നരേന്ദ്ര മോദി സര്‍ക്കാര്‍ കഴിഞ്ഞ നാലര വര്‍ഷം ഇന്ത്യയില്‍ അസഹിഷ്ണുതയാണ് പയറ്റിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യുഎഇയിലെയും, ഇന്ത്യയിലെയും ജനങ്ങളെ ഒരുമിപ്പിക്കുന്നത് മനുഷ്യത്വവും, സഹിഷ്ണുതയുമാണ്. വിവിധ വിശ്വാസങ്ങളോട്, മതങ്ങളോട്, സമൂഹങ്ങളോട് സഹിഷ്ണുതയാകാം. ഇവിടെ സഹിഷ്ണുതയുടെ വര്‍ഷം ആഘോഷിക്കുമ്പോള്‍ ഇന്ത്യയില്‍ നാലര വര്‍ഷമായി അസഹിഷ്ണുതയാണ്, രാഹുല്‍ വ്യക്തമാക്കി.
ചിലര്‍ കോണ്‍ഗ്രസ് മുക്ത ഭാരതം സ്വപ്നം കാണുന്നു, പക്ഷെ ബിജെപി മുക്ത ഭാരതം എന്ന് നമ്മള് ആവശ്യപ്പെടുന്നില്ല. നമുക്ക് ഏക ഭാരതമാണ് ആദ്യം വേണ്ടത്, രാഹുല്‍ പ്രഖ്യാപിച്ചു.