CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Minutes 29 Seconds Ago
Breaking Now

ഈ ആഴ്ച മഞ്ഞെത്തും; എല്ല് മരവിപ്പിക്കുന്ന -10 സെല്‍ഷ്യസ് വരെ താഴുമെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍; മഴ മഞ്ഞുവീഴ്ചയായി മാറുന്നതിനാല്‍ എവിടെ വേണമെങ്കിലും പ്രതീക്ഷിക്കാം; പ്രവചനങ്ങള്‍ ഇങ്ങനെ

തണുത്തുറഞ്ഞ കാലാവസ്ഥ കൂടുതല്‍ കടുപ്പവും, വ്യാപകവുമാകുമെന്ന് കാലാവസ്ഥാ പ്രവചനക്കാര്‍

ജനുവരി പകുതി പിന്നിടുകയാണ്. എന്നിരുന്നാലും താപനില തീര്‍ത്തും മോശമായിട്ടില്ല. പക്ഷെ ഇതില്‍ ആശ്വസിക്കാന്‍ വലിയ കാര്യമില്ലെന്നാണ് മെറ്റ് ഓഫീസ് നല്‍കുന്ന മുന്നറിയിപ്പ്. ആളിക്കത്തുന്നതിന് മുന്‍പുള്ള ശാന്തത മാത്രമാണ് ഇപ്പോള്‍ കാണുന്നത്. മാസാവസാനം ആകുന്നതോടെ മഞ്ഞ് ബ്രിട്ടനില്‍ എവിടെ വേണമെങ്കിലും പെയ്യാമെന്നാണ് സൂചന. ഒപ്പം താപനില ഈ ആഴ്ചയോടെ -10 സെല്‍ഷ്യസിലേക്ക് കൂപ്പുകുത്തുമെന്നും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു. 

സ്‌കോട്ട്‌ലണ്ടിലെ മലനിരകളില്‍ വീഴുന്ന മഞ്ഞ് പിന്നീട് മറ്റിടങ്ങളിലേക്ക് വ്യാപിക്കും. ബ്രിട്ടന്റെ നോര്‍ത്ത്, സെന്‍ട്രല്‍ മേഖലകളിലാണ് പ്രത്യേകിച്ചും മഞ്ഞിന് സാധ്യതയേറുന്നത്. താരതമ്യേന സുഖകരമായ കാലാവസ്ഥയില്‍ ആഴ്ചാവസാനം കടന്നുപോയ ശേഷമാണ് ബുധനാഴ്ചയോടെ താപനില താഴുന്നത്. - 5 സെല്‍ഷ്യസിലേക്ക് താപനില താഴുമെന്നും ചില പ്രദേശങ്ങളില്‍ -10 സെല്‍ഷ്യസിലേക്ക് വരെ പോകാനും സാധ്യത കല്‍പ്പിക്കപ്പെടുന്നു. വെള്ളിയാഴ്ചയോടെ യുകെയുടെ വെസ്‌റ്റേണ്‍ ഭാഗങ്ങളില്‍ മഞ്ഞ് വീഴുന്നത് ആരംഭിക്കും, 

അടുത്ത ദിവസം ഈസ്റ്റ് പ്രദേശങ്ങളിലേക്ക് ഈ മഞ്ഞെത്തും. മറ്റിടങ്ങളില്‍ പെയ്യുന്ന മഴയാണ് മഞ്ഞായി മാറുന്നത്. നോര്‍ത്ത്, സെന്‍ഡ്രല്‍ മേഖലകളിലാണ് ഈ പ്രതിഭാസം പ്രധാനമായും അനുഭവപ്പെടുകയെന്ന് മെറ്റ് ഓഫീസ് പറയുന്നു. തണുത്തുറഞ്ഞ കാലാവസ്ഥ കൂടുതല്‍ കടുപ്പവും, വ്യാപകവുമാകുമെന്ന് കാലാവസ്ഥാ പ്രവചനക്കാര്‍ അറിയിക്കുന്നു. ജനുവരി അവസാനത്തോടെ യുകെയുടെ എല്ലാ ഭാഗങ്ങളിലേക്കും തണുപ്പെത്തും. ഫെബ്രുവരിയിലും ഈ അവസ്ഥ തുടരും. ഈ ട്രെന്‍ഡ് തുടരുമെന്നും തണുപ്പ് വര്‍ദ്ധിച്ച് വരുമെന്നും മെറ്റ് ഓഫീസ് മുന്നറയിപ്പ് നല്‍കുന്നു. 

മഞ്ഞും, ഐസും, വ്യാപകമായ തണുത്തുറഞ്ഞ കാലാവസ്ഥയും കൂടുതല്‍ അപകടസാധ്യതയും കാണിക്കുന്നു. ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ താപനില അബെര്‍ദീന്‍ഷയറില്‍ ജനുവരി മൂന്നിന് രാത്രിയില്‍ രേഖപ്പെടുത്തി, -10.5 സെല്‍ഷ്യസ്. എവിടിയെല്ലാം മഞ്ഞ് പെയ്യുമെന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്നു. ഈ അവസ്ഥയ്ക്ക് ശേഷം ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് ശൈത്യം വര്‍ദ്ധിപ്പിക്കുമെന്നാണ് പ്രവചനക്കാര്‍ കരുതുന്നത്. കഴിഞ്ഞ വര്‍ഷത്തെ അതേ രൂക്ഷമായ സ്ഥിതി ഇക്കുറിയും ആവര്‍ത്തിക്കുമെന്നാണ് ആശങ്ക. 

താപനില താഴുന്നതിനാല്‍ യാത്രകളില്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. പ്രത്യേകിച്ച് റോഡ്, റെയില്‍, വ്യോമ ഗതാഗതത്തില്‍ തടസ്സങ്ങള്‍ക്ക് സാധ്യതയുണ്ട്. യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളില്‍ മഞ്ഞ് കനത്ത നാശം വിതയ്ക്കുന്നതിന് പുറമെ ജീവന്‍ കവരുന്ന സാഹചര്യവും നിലനില്‍ക്കുമ്പോഴാണ് ബ്രിട്ടന്‍ ആശ്വാസത്തില്‍ തുടരുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.