CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 18 Minutes 59 Seconds Ago
Breaking Now

ഹിന്ദുക്കള്‍ ഹിന്ദുക്കളായിരിക്കട്ടെ, ക്രിസ്ത്യാനികള്‍ ക്രിസ്ത്യാനികളും; എന്തിനാണ് ലോകം മുഴുവന്‍ മതം മാറ്റം നടത്തുന്നത്; ചോദ്യവുമായി രാജ്‌നാഥ് സിംഗ് ക്രൈസ്തവ വേദിയില്‍

ആളുകള്‍ക്കിടയില്‍ ബിജെപിയെക്കുറിച്ച് ഭയം ജനിപ്പിക്കാനാണ് ശ്രമം നടക്കുന്നത്

രാജ്യത്ത് വന്‍തോതില്‍ നടക്കുന്ന മതംമാറ്റങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. ക്രിസ്ത്യന്‍ സംഘടന സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവെയാണ് കൂട്ട മതംമാറ്റങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടത്. ഏത് മതവും ആചരിക്കാനുള്ള സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുമ്പോഴും കൂട്ട മതംമാറ്റങ്ങള്‍ ഏത് രാജ്യത്തിനും ആശങ്കയായതിനാല്‍ ഇതേക്കുറിച്ച് ചര്‍ച്ച ആവശ്യമാണെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു. 

'ഒരാള്‍ സ്വന്തം താല്‍പര്യത്തില്‍ ഒരു മതം സ്വീകരിച്ചാല്‍ ഇതിനെ എതിര്‍ക്കേണ്ടതില്ല. എന്നാല്‍ കൂട്ട മതംമാറ്റങ്ങള്‍ രാജ്യത്തിന് ആശങ്കയുളവാക്കുന്ന കാര്യമാണ്. നിങ്ങളൊരു ഹിന്ദുവെങ്കില്‍ ഹിന്ദുവായി ഇരിക്കട്ടെ, മുസ്ലീമെങ്കില്‍ മുസ്ലീം, ക്രിസ്ത്യാനിയെങ്കില്‍ ക്രിസ്ത്യനുമായി തുടരാം. എന്തിനാണ് ലോകം മുഴുവന്‍ മതംമാറ്റം നടത്തുന്നത്?', അദ്ദേഹം ചോദിക്കുന്നു. 

ഒരു സര്‍ക്കാരെന്ന രീതിയില്‍ ആരോടും വിവേചനം കാണിക്കില്ലെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. ജാതിയുടെയും, മതത്തിന്റെയും, നിറത്തിന്റെയും ഒന്നും പേരില്‍ ജീവിതത്തില്‍ ഒരാളോടും ഞാന്‍ വിവേചനം കാണിച്ചിട്ടില്ല. വോട്ട് കിട്ടിയാലും ഇല്ലെങ്കിലും. ഞങ്ങള്‍ സര്‍ക്കാര്‍ ഉണ്ടാക്കുകയോ, ജയിക്കുകയോ, തോല്‍ക്കുകയോ ചെയ്താലും വിവേചനം എന്നൊന്ന് ജനങ്ങളോട് കാണിക്കില്ല. ഞങ്ങളുടെ പ്രധാനമന്ത്രിയും ഈ നിലപാടാണ് മുന്നോട്ട് വെയ്ക്കുന്നത്, രാഷ്ട്രീയ ഇസൈ മഹാസംഘ് സംഘടിപ്പിച്ച ചടങ്ങില്‍ ആഭ്യന്തര മന്ത്രി വിശദീകരിച്ചു. 

ബ്രിട്ടനിലും, അമേരിക്കയിലും ന്യൂനപക്ഷങ്ങള്‍ മതംമാറ്റ വിരുദ്ധ നിയമം വേണമെന്ന് ആവശ്യപ്പെടുന്നു. ഇന്ത്യയില്‍ ഭൂരിപക്ഷമാണ് ഇത് ആഗ്രഹിക്കുന്നത്. ഇത് ആശങ്കപ്പെടുത്തുന്നതാണ്, സിംഗ് വ്യക്തമാക്കി. മതം ഉദ്‌ബോധിപ്പിക്കാന്‍ ആളുകളുടെ എണ്ണം കൂട്ടാന്‍ ശ്രമിക്കുന്നത് എന്തിനാണ്. ആളുകള്‍ക്കിടയില്‍ ബിജെപിയെക്കുറിച്ച് ഭയം ജനിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. ബിജെപി എത്തിയിട്ടുണ്ട്. ഇനി ഇതൊക്കെ സംഭവിക്കും. ഭയം കൊണ്ടല്ല ആത്മവിശ്വാസം കൊണ്ടാണ് രാജ്യത്തെ നയിക്കുന്നത്. എല്ലാവരും ഒരു പോലെ സ്വാഗതം ചെയ്യപ്പെടുന്ന ഇടമാണ് നമ്മുടെ രാജ്യം, അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 

നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നതിന് ഒരു മാസം മുന്‍പ് പള്ളികള്‍ക്ക് നേരെ ചിലര്‍ കല്ലെറിയും, ഒരു മാസം കഴിഞ്ഞ് അവസാനിക്കും. പുരോഹിതന്‍മാര്‍ സുരക്ഷ ആവശ്യപ്പെട്ട് തന്നെ കണ്ടപ്പോള്‍ എല്ലാ സഹായവും ഉറപ്പുനല്‍കി. പക്ഷെ ഈ കല്ലേറ് ആരുടെ ഗൂഢാലോചനയാണെന്ന് എല്ലാവര്‍ക്കും വ്യക്തമാണ്, സിംഗ് പറയുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.