CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 29 Minutes 12 Seconds Ago
Breaking Now

19 വോട്ടിന് തെരേസ മേയ് അവിശ്വാസത്തില്‍ രക്ഷപ്പെട്ടു; സ്വന്തം താല്‍പര്യങ്ങള്‍ മറന്ന് ഒരുമിക്കാന്‍ രാഷ്ട്രീയക്കാര്‍ക്ക് പ്രധാനമന്ത്രിയുടെ ആഹ്വാനം; ജനങ്ങള്‍ക്ക് ബ്രക്‌സിറ്റ് നല്‍കാം; വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ വിസമ്മതിച്ച് കോര്‍ബിന്‍

നോ ഡീല്‍ എന്ന പ്രശ്‌നം ഇല്ലെന്ന് പ്രഖ്യാപിച്ചാല്‍ മാത്രമേ താന്‍ ചര്‍ച്ചയ്ക്കുള്ളുവെന്ന നിലപാടിലാണ് കോര്‍ബിന്‍

ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ ഹൗസ് ഓഫ് കോമണ്‍സില്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പ്രധാനമന്ത്രി തെരേസ മേയ് അതിജീവിച്ചു. തോറ്റിരുന്നെങ്കില്‍ ബ്രിട്ടന്‍ വീണ്ടുമൊരു പൊതുതെരഞ്ഞെടുപ്പിലേക്ക് വലിച്ചിഴക്കപ്പെടുമായിരുന്ന സ്ഥിതി അവശേഷിക്കവെ ഡിയുപിയും, ടോറി ബ്രക്‌സിറ്റുകാരും തെരേസ മേയ്ക്ക് പിന്തുണയുമായി എത്തിയതോടെ സര്‍ക്കാര്‍ വീഴാതെ രക്ഷപ്പെട്ടു. എന്നാല്‍ ഇതുകൊണ്ടൊന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ തയ്യാറല്ലെന്ന നിലപാടിലാണ് കോര്‍ബിന്‍. ബ്രക്‌സിറ്റ് വിഷയത്തില്‍ പ്രതിപക്ഷ നേതാവിനെ പ്രധാനമന്ത്രി ചര്‍ച്ചയ്ക്ക് ക്ഷണിച്ചെങ്കിലും ഇദ്ദേഹം നിരസിക്കുകയായിരുന്നു. 

ചര്‍ച്ചയ്ക്കുള്ള ക്ഷണം നിരസിച്ചതില്‍ നിരാശ രേഖപ്പെടുത്തിയ മേയ് അഭിപ്രായസമന്വയം വേണമെന്ന് ആഹ്വാനം ചെയ്തു. ചൊവ്വാഴ്ച പ്രധാനമന്ത്രി സഭയില്‍ അവതരിപ്പിച്ച ഇയു കരാര്‍ നിഷ്‌കരുണം തള്ളപ്പെട്ടതോടെയാണ് അവിശ്വാസ പ്രമേയത്തിന് വഴിയൊരുങ്ങിയത്. 230 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മേയ് സര്‍ക്കാര്‍ ചരിത്ര തോല്‍വി ഏറ്റുവാങ്ങിയത്. ബ്രക്‌സിറ്റ് പൂര്‍ത്തീകരിക്കാനുള്ള വഴികളാണ് ഇപ്പോള്‍ പ്രധാനമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. അതുകൊണ്ട് തന്നെ വ്യക്തിഗത താല്‍പര്യങ്ങള്‍ മാറ്റിവെച്ച് ഒരുമിക്കാന്‍ തയ്യാറാകണം. ഹിതപരിശോധനയില്‍ ജനങ്ങള്‍ നടത്തിയ വിധിയെഴുത്ത് രാഷ്ട്രീയക്കാര്‍ നടപ്പാക്കണമെന്നാണ് ബ്രിട്ടീഷുകാര്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അവിശ്വാസ പ്രമേയം 306-നെതിരെ 325 വോട്ടുകള്‍ക്ക് മറികടന്ന ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. 

'കഴിഞ്ഞ 24 മണിക്കൂറിനിടെ വെസ്റ്റ്മിന്‍സ്റ്ററില്‍ നടന്ന കാര്യങ്ങള്‍ അനിശ്ചിതത്വം പടര്‍ത്തുന്നതാണ്. ബ്രിട്ടനിലെ ജനങ്ങള്‍ നമ്മളോട് ബ്രക്‌സിറ്റ് നടപ്പാക്കാനാണ് ആവശ്യപ്പെടുന്നത്. അവര്‍ക്ക് ആശങ്കയുള്ള കാര്യങ്ങള്‍ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യാനും അവര്‍ ആവശ്യപ്പെടുന്നു. യൂറോപ്യന്‍ യൂണിയനുമായി ഞാന്‍ ചര്‍ച്ച ചെയ്ത കരാര്‍ എംപിമാര്‍ വലിയ ഭൂരിപക്ഷത്തിന് തള്ളി. എന്നിരുന്നാലും ജനങ്ങളുടെ ആവശ്യം നടപ്പാക്കുകയാണ് എന്റെ ദൗത്യം. അത് നടപ്പാക്കുക തന്നെ ചെയ്യും', നം.10ന് പുറത്ത് വെച്ച് മേയ് പ്രഖ്യാപിച്ചു. 

അവിശ്വാസ പ്രമേയത്തെ മറികടന്നതിന് പിന്നാലെ പ്രധാനമന്ത്രി മറ്റ് പാര്‍ട്ടി നേതാക്കളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. എന്നാല്‍ കോര്‍ബിന്‍ ഇത് ഉടനടി നിരാകരിച്ചു. നോ ഡീല്‍ എന്ന പ്രശ്‌നം ഇല്ലെന്ന് പ്രഖ്യാപിച്ചാല്‍ മാത്രമേ താന്‍ ചര്‍ച്ചയ്ക്കുള്ളുവെന്ന നിലപാടിലാണ് കോര്‍ബിന്‍. തീവ്രവാദികള്‍ക്കൊപ്പം ഇരിക്കാന്‍ മടിയില്ലാത്ത ഇടത് നേതാവിന് രാജ്യത്തെ പ്രതിസന്ധി മറികടക്കാന്‍ യുകെ നേതാവിനെ കാണാനാണ് ബുദ്ധിമുട്ടെന്ന് ടോറി, ലേബര്‍ എംപിമാര്‍ വിമര്‍ശിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.