ഏത് നിമിഷവും പ്രവര്ത്തനസജ്ജരാകുക എന്നത് സാധാരണക്കാരെ സംബന്ധിച്ച് അത്ര എളുപ്പമല്ല. എന്തിനേറെ പറയുന്നു ഡ്യൂട്ടിയില്‍ അല്ലെങ്കില്‍ ഓഫീസര്‍മാര്‍ പോലും അപകടകരമായ സാഹചര്യങ്ങളിലേക്ക് ചാടിയിറങ്ങാന്‍ ഒന്ന് മടിക്കും. എന്നാല്‍ കെനിയയിലെ നെയ്റോബിയിലുള്ള ഹോട്ടലില്‍ ഭീകരാക്രമണം ഉണ്ടായപ്പോള്‍ സുരക്ഷ ഉറപ്പാക്കാനുള്ള ഒരു ഉപകരണവും കൈയില്‍ ഇല്ലാതെ ചാടിയിറങ്ങിയ ഒരു ബ്രിട്ടീഷ് എസ്എഎസ് ഹീറോയാണ് ഇപ്പോള്‍ കൈയടി ഏറ്റുവാങ്ങുന്നത്.
ആഡംബര ഹോട്ടലില്‍ അതിക്രമിച്ച് കടന്ന ഇസ്ലാമിക തീവ്രവാദികള്‍ 21 പേരെ വകവരുത്തിയ സാഹചര്യത്തിലാണ് ഇവിടെ കുടുങ്ങിയവരെ രക്ഷിക്കാന്‍ ബ്രിട്ടീഷ് സൈനികനും രംഗത്തിറങ്ങിയത്. കാഷ്വല്‍ ജീന്‍സും, ഷര്‍ട്ടും അണിഞ്ഞ ഓഫ് ഡ്യൂട്ടി സ്പെഷ്യല്‍ ഫോഴ്സ് പോരാളി സ്ഥലത്ത് പ്രതിരോധ ഗിയറും, തോക്കുമായി കര്‍മ്മനിരതനാകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
നെയ്റോബി ഹോട്ടലില്‍ നടന്ന ഭീകരാക്രമണത്തില്‍ ഒരു ബ്രിട്ടീഷുകാരനും, അമേരിക്കക്കാരനും ഉള്‍പ്പെടെ 21 പേരാണ് കൊല്ലപ്പെട്ടത്. അഞ്ച് തീവ്രവാദികളെയും പോരാട്ടത്തില്‍ വധിച്ചു. ഹോട്ടലിന് പുറത്ത് കാര്‍ ബോംബുകളും സ്ഫോടനത്തില്‍ തകര്‍ത്തു. എഴുന്നൂറോളം പേരെയാണ് സ്ഥലത്ത് നിന്നും ഒഴിപ്പിച്ചത്. എന്നാല്‍ അന്‍പതോളം പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ലെന്ന് കെനിയ റെഡ് ക്രോസ് അറിയിക്കുന്നു. കെനിയന്‍ സ്പെഷ്യല്‍ ഫോഴ്സിന് പരിശീലനം നല്കാന് നെയ്റോബിയില്‍ എത്തിയതാണ് ബ്രിട്ടീഷ് എസ്എഎസ് സൈനികന്. റെജിമെന്റില്‍ ദീര്‍ഘകാല സേവനം നല്‍കിയിട്ടുള്ള വ്യക്തിയാണ് ഇദ്ദേഹമെന്നാണ് വിവരം.
ഷോപ്പിംഗിനായി എത്തിയപ്പോഴാണ് ഭീകരാക്രമണം നടക്കുന്നതായി എസ്എഎസ് സൈനികന് അറിഞ്ഞതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കാറിലുണ്ടായിരുന്ന ഉപകരണങ്ങള്‍ കൈയിലെടുത്ത് ഇദ്ദേഹം കെനിയന്‍ സൈന്യത്തിനൊപ്പം സേവനത്തിനായി എത്തുകയായിരുന്നു. നിരവധി സാധാരണക്കാരെ രക്ഷപ്പെടുത്താന്‍ ബ്രിട്ടീഷ് സൈനികന് സാധിച്ചെന്നാണ് വിവരം.