കാലാവസ്ഥ കടുപ്പമേറിയതിനാല് ആളുകളോട് പുറത്തിറങ്ങരുതെന്ന് ആഹ്വാനം ചെയ്ത എന്‍എച്ച്എസിന് പരിഹാസം. ഇത് തീര്‍ത്തും അനാവശ്യമായ മുന്നറിയിപ്പാണെന്നാണ് ആളുകളുടെ വാദം. ബ്രിട്ടന്റെ നല്ലൊരു ശതമാനം പ്രദേശങ്ങളും മഞ്ഞില്‍ കുളിച്ചതോടെയാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് നോര്‍ത്ത് മുന്നറിയിപ്പ് ട്വീറ്റുമായി രംഗത്തെത്തിയത്. എന്തെല്ലാം ധരിച്ച് പുറത്തറിങ്ങണമെന്നും ഇവര്‍ ഉപദേശിച്ചു. എന്നാല്‍ വിമര്‍ശനം രൂക്ഷമായതോടെ എന്‍എച്ച്എസ് ഈ പോസ്റ്റ് പിന്‍വലിച്ചു. അബദ്ധത്തില്‍ പങ്കുവെച്ചതാണെന്ന് വിശദീകരണവും വന്നു. ഇതിലേറെ മഞ്ഞ് പെയ്യുന്ന ഇടങ്ങളിലും ആളുകള്‍ ജീവിതവുമായി മുന്നോട്ട് പോകുന്നുണ്ടെന്നാണ് വിമര്‍ശനം ഉയര്‍ന്നത്.
'താപനില താഴുകയും, മഞ്ഞ് ആരംഭിക്കുകയും ചെയ്തതിനാല്‍ ആവശ്യമുണ്ടെങ്കില്‍ മാത്രം പുറത്ത് പോയാല്‍ മതി. ഇനി പുറത്ത് പോകണമെന്ന് നിര്‍ബന്ധമാണെങ്കില്‍ അനുയോജ്യമായ വസ്ത്രവും, പാദരക്ഷകളും അണിയണം', എന്‍എച്ച്എസ് ഇംഗ്ലണ്ട് നോര്‍ത്ത് ട്വീറ്റ് ചെയ്തു. കാലാവസ്ഥ മോശമായാല്‍ വീട്ടില്‍ ആവശ്യത്തിന് വസ്തുവകകള്‍ സ്റ്റോക്ക് ചെയ്യാനുള്ള മെറ്റ് ഓഫീസ് ഉപദേശവും ഇതോടൊപ്പം നല്കി. ശൈത്യകാലത്ത് ചൂട് നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ ജലദോഷം, പനി, മറ്റ് കടുത്ത ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമെന്നും എന്‍എച്ച്എസ് ഇംഗ്ലണ്ട് കൂട്ടിച്ചേര്‍ത്തു. തണുപ്പ് ഏറിയതോടെ പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടും ഉപദേശവുമായി രംഗത്തെത്തി. ചൂട് നിലനിര്‍ത്താന്‍ ശ്രമിക്കണമെന്നതിനൊപ്പം ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളില്‍ കഴിയുന്ന ബന്ധുക്കളെയും, അയല്‍ക്കാരിലും കൂടി ഒരു കണ്ണുവേണമെന്ന് പബ്ലിക് ഹെല്‍ത്ത് വ്യക്തമാക്കി.
എന്നാല്‍ ജനങ്ങളെ വിഡ്ഢികളാക്കുന്നതാണ് ഇത്തരം മുന്നറിയിപ്പുകളെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. കഴിഞ്ഞ വര്‍ഷം ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് എത്തിയപ്പോള്‍ നല്കിയ മുന്നറിയിപ്പ് ഇത്തവണം അബദ്ധത്തില്‍ പോസ്റ്റ് ചെയ്തതാണെന്നാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് നോര്‍ത്ത് വക്താവ് അറിയിച്ചു. ഇക്കുറി ബീസ്റ്റ് തിരിച്ചെത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും എത്തുമെന്ന് ഉറപ്പായിട്ടില്ല. അതേസമയം മഞ്ഞ് കൂടുതലായി പെയ്യുമെന്നാണ് മെറ്റ് ഓഫീസ് വ്യക്തമാക്കുന്നത്. കിഴക്കന്‍ പ്രദേശങ്ങളിലേക്ക് കുറഞ്ഞ സമ്മര്‍ദം നീളുമ്പോള്‍ തണുത്ത കാറ്റും അകമ്പടിയേകും. അര്‍ദ്ധരാത്രിയോടെ താപനില -11 സെല്‍ഷ്യസിലേക്കാണ് താഴ്ന്നത്. രണ്ട് ഇഞ്ച് മഞ്ഞ് കൂടി പെയ്യുമെന്നാണ് മെറ്റ് ഓഫീസ് അറിയിക്കുന്നത്. വെയില്‍സില്‍ ഇതുമൂലം യെല്ലോ വാണിംഗാണ് നല്‍കിയിരിക്കുന്നത്.
സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ പെയ്യുന്ന മഴയാണ് മഞ്ഞായി മാറുക. വെയില്‍സിലാണ് ഇതിന്റെ ബുദ്ധിമുട്ട് ഏറ്റവും കൂടുതല്‍ അനുഭവപ്പെടുക.