ബ്രിട്ടന് ഒരു വഴിത്തിരിവിലാണ് നില്‍ക്കുന്നത്. ഏത് വഴി മുന്നോട്ട് പോകണമെന്ന് വ്യക്തതയില്ല. തെരഞ്ഞെടുത്ത വഴിയില്‍ ഏറെ സഞ്ചരിക്കാനുള്ള കെല്പ്പുമില്ല. ബ്രക്സിറ്റില്‍ കാര്യങ്ങള്‍ ഏറെ വഷളായതോടെ രാജ്യം പ്രതിസന്ധിയിലേക്ക് നീങ്ങിയിരിക്കുകയാണ്. പ്രധാനമന്ത്രി തെരേസ മേയ് അവതരിപ്പിച്ച ബ്രക്സിറ്റ് കരാര്‍ എംപിമാര്‍ നിഷ്കരുണം തള്ളിയതോടെ ജനങ്ങളുടെ മനസ്സും മാറുകയാണ്. യൂഗോവ് പോളിലാണ് യൂറോപ്യന്‍ യൂണിയനില്‍ തുടരാമെന്ന് ഭൂരിപക്ഷം ബ്രിട്ടീഷുകാര്‍ ചിന്തിച്ച് തുടങ്ങിയതായി കണ്ടെത്തിയത്. രണ്ടാം ഹിതപരിശോധന നടന്നാല്‍ എവിടെ വോട്ട് ചെയ്യുമെന്ന ചോദ്യത്തിനാണ് ഇയു അംഗത്വം നിലനിര്‍ത്താന്‍ ആവശ്യപ്പെടുമെന്ന് വ്യക്തമാക്കിയത്.
56 ശതമാനം പേരാണ് ഇയുവില്‍ തുടരാന്‍ വോട്ട് ചെയ്യുമെന്ന് വ്യക്തമാക്കിയത്. 44 ശതമാനം പേര് ഇപ്പോഴും ഇയു ഉപേക്ഷിക്കുന്നതിനെ പിന്തുണയ്ക്കുന്നു. 12 ശതമാനം ലീഡാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ബ്രക്സിറ്റ് പദ്ധതി തള്ളിയപ്പോള്‍ ജനങ്ങളുടെ തീരുമാനമാണ് ചോദ്യം ചെയ്യപ്പെട്ടത്. ഗവണ്മെന്റ് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത തരത്തില്‍ കുരുക്കിലുമായി. ഭിന്നിച്ച് നില്ക്കുന്ന എംപിമാര്‍ക്ക് പ്രശ്നപരിഹാരത്തിന് എന്ത് വഴിയെന്ന് വ്യക്തമാക്കാനും കഴിയുന്നില്ല. ബ്രക്സിറ്റിന്റെ പേരില്‍ മന്ത്രിമാര്‍ പോലും തമ്മിലടിയിലാണ്. മാര്‍ച്ച് 29-ന് എല്ലാം വിട്ടെറിഞ്ഞ് ഇറങ്ങിപ്പോരണോ, അതോ മൃദു ബ്രക്സിറ്റിനെ പിന്തുണയ്ക്കണോ, അതുമല്ലെങ്കില്‍ രണ്ടാമത് ഹിതപരിശോധന വേണമോ എന്നതാണ് തര്‍ക്കവിഷയം.
തിങ്കളാഴ്ച പ്രധാനമന്ത്രി പ്ലാന്‍ ബി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. തുടര്‍ന്ന് ഒരാഴ്ചയോളം വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടക്കും. തെരേസ മേയെ തങ്ങളുടെ വഴിക്ക് നടത്താന്‍ എംപിമാര്‍ വിവിധ ഭേദഗതികളില്‍ വോട്ടും രേഖപ്പെടുത്തുന്നതോടെ പ്രധാനമന്ത്രി സമ്മര്‍ദത്തിലാകും. പ്രതിസന്ധി രൂക്ഷമായി തുടരുന്നതിന് ഇടെയാണ് ബ്രക്സിറ്റില്‍ വിശ്വാസം നഷ്ടപ്പെടുന്നവരുടെ എണ്ണമേറുകയാണെന്ന് സര്‍വ്വെ കണ്ടെത്തുന്നത്. ഇയുവില്‍ തുടരാന്‍ ആവശ്യപ്പെടുന്നവരുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. ദി ടൈംസിന് വേണ്ടി നടത്തിയ സര്‍വ്വെയിലാണ് 56 ശതമാനം പേര് ഇയുവില്‍ തുടരാമെന്ന നിലയിലേക്ക് മനസ്സ് മാറ്റിയത്.
ലേബര്‍ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരാണ് രണ്ടാം ഹിതപരിശോധന വേണമെന്ന് ആവശ്യപ്പെടുന്നവരില്‍ ഭൂരിഭാഗമെന്നും സര്‍വ്വെ വ്യക്തമാക്കുന്നു. 78 ശതമാനം പേരാണ് ഈ നീക്കത്തെ അനുകൂലിക്കുന്നത്. റിമെയിന് ക്യാംപിന് ആശ്വാസമേകുന്ന ഈ ഫലം സര്‍ക്കാരിനെ കൂടുതല്‍ കുഴപ്പത്തിലാക്കാന്‍ യൂറോപ്പ് അനുകൂലികള്‍ ഉപയോഗപ്പെടുത്തിയേക്കാം.