വിമാനയാത്രകള്‍ നടത്തുന്നവര്‍ ഒരിക്കലും ഇഷ്ടപ്പെടാത്ത ചില കാര്യങ്ങളുണ്ട്. കാത്തിരിപ്പ്, യാത്ര വൈകല്‍ എന്നുതുടങ്ങി അപകടം സംഭവിക്കുന്നത് വരെയുള്ള കാര്യങ്ങള്‍ യാത്രക്കാരെ സമ്മര്‍ദത്തിലാക്കും. മോശം കാലാവസ്ഥ കൂടിയാണെങ്കില്‍ കാര്യങ്ങള്‍ ഉഷാറായി. കാനഡയില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തിയ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലെ യാത്രക്കാരാണ് 16 മണിക്കൂറോളം തണുത്ത് വിറങ്ങലിച്ച് വിമാനത്തില്‍ കഴിച്ചുകൂട്ടിയത്.
അടിയന്തര ലാന്‍ഡിംഗ് നടത്തിയ വിമാനത്തിന്റെ വാതില്‍ തണുത്തുറഞ്ഞ് തുറക്കാന്‍ കഴിയാതെ വന്നതോടെയാണ് യാത്രക്കാര്‍ ഇത്രയും സമയം കുരുങ്ങിയത്. -29 സെല്‍ഷ്യസായിരുന്നു താപനില. 250 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. കൊടുംതണുപ്പും, കാത്തിരിപ്പും, ഭക്ഷണലഭ്യത കുറഞ്ഞതുമെല്ലാം ചേര്‍ന്ന് യാത്രക്കാര്‍ ആശങ്കാകുലരായി.
താങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് വിമാനത്തില്‍ ചെലവിട്ടതെന്ന് യാത്രക്കാര്‍ പറയുന്നു. പകരം നല്കിയ ബ്ലാങ്കെറ്റുകള്‍ തണുപ്പകറ്റാന്‍ സഹായിച്ചതുമില്ല. വ്യക്തമായ വിവരം കൂടി ലഭിക്കാതെ വന്നതോടെ യാത്രക്കാര്‍ രോഷാകുലരായി. ന്യൂവാര്‍ക്കിലേക്ക് കൊണ്ടുപോകാന്‍ പകരം വിമാനം വരുമെന്ന് പറഞ്ഞെങ്കിലും ഇത് നടന്നില്ല. അഞ്ച് മണിക്കൂറിന് ശേഷമാണ് എന്തെങ്കിലും വിവരം ലഭിച്ചത്.
16 മണിക്കൂര്‍ എടുത്തു പകരം വിമാനം എത്താന്‍. മെഡിക്കല്‍ എമര്ജന്സിയെത്തുടര്ന്നാണ് ഹോങ്കോംഗിലേക്കുള്ള വിമാനം കാനഡ ഗൂസ് ബേയില്‍ വിമാനം ഇറങ്ങിയത്. കൊടുതണുപ്പില്‍ വാതില്‍ തുറക്കാന്‍ കഴിയാതെ വന്നതോടെയാണ് സംഗതി വഷളായത്.