CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 35 Minutes 47 Seconds Ago
Breaking Now

മഞ്ഞാണ് ഭായി; ബ്രിട്ടന്‍ പൂജ്യത്തിന് താഴെ തണുത്തുറയുന്നു; കടുത്ത കാലാവസ്ഥാ മുന്നറിയിപ്പുമായി പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട്; വീടുകളില്‍ 18 സെല്‍ഷ്യസ് ചൂട് നിലനിര്‍ത്തണം; -12 സെല്‍ഷ്യസിലേക്ക് താപനില താഴുന്നു; 'ഐസാകാതെ' സൂക്ഷിക്കണേ!

ആഴ്ചയുടെ പകുതിയോടെ തണുപ്പ് ഇനിയും വര്‍ദ്ധിക്കും, ബുധനാഴ്ച രാത്രിയോടെ -12 സെല്‍ഷ്യസിലേക്ക് താപനില താഴ്‌ന്നേക്കാം

തണുപ്പിന്റെ ആധിക്യം ഏറുമെന്ന് ഉറപ്പ് നല്‍കിക്കൊണ്ട് കടുപ്പമേറിയ കാലാവസ്ഥാ മുന്നറിയിപ്പുകള്‍. കൂടുതല്‍ മഞ്ഞും, പൂജ്യത്തിന് താഴെയുള്ള താപനിലയുമാണ് ഈ ആഴ്ച പ്രതീക്ഷിക്കേണ്ടതെന്ന് സൂചനകളില്‍ പറയുന്നു. താപനില -12 സെല്‍ഷ്യസിലേക്ക് വരെ താഴ്‌ന്നേക്കാം. പകല്‍ താപനില 3 സെല്‍ഷ്യസില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടും. ഈ ആഴ്ചയിലെ കാലാവസ്ഥാ പ്രവചനങ്ങള്‍ പുറത്തറിഞ്ഞതോടെ മുന്നറിയിപ്പുമായി പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് രംഗത്തെത്തി. ഹൈലാന്‍ഡ്‌സില്‍ 4 ഇഞ്ച് വരെ മഞ്ഞാണ് മെറ്റ് ഓഫീസ് പ്രതീക്ഷിക്കുന്നത്. ബ്രിട്ടനിലെ ഭൂരിപക്ഷം മേഖലകളിലും ഐസ് മുന്നറിയിപ്പും എത്തി. 

ഇന്ന് മുതല്‍ സൗത്ത്-ഈസ്റ്റ് മേഖലയിലേക്ക് രാത്രിയോടെ മഴയും വീശിയെത്തും. നോര്‍ത്ത് വെസ്റ്റില്‍ നിന്നുമുള്ള മഞ്ഞ് കൂടിയാകുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ കനക്കും. ഈ ശൈത്യകാലത്ത് ഏറ്റവും തണുപ്പേറിയ രാത്രി അബെര്‍ദീന്‍ഷയറിലെ ബ്രാമെറിലാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച ഇവിടെ -10.8 സെല്‍ഷ്യസായിരുന്നു താപനില. മറ്റൊരു ആര്‍ട്ടിക് ബ്ലാസ്റ്റ് കൂടി രൂപപ്പെട്ടാല്‍ ഈ ആഴ്ച പകുതിയോടെ താപനില വീണ്ടും താഴും. ഇന്നലെ -8 സെല്‍ഷ്യസില്‍ സതര്‍ലാണ്ടിലെ ലോക് ഫ് ളീറ്റ് ഐസായി മാറി. ഈ സുന്ദരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പ്രദേശവാസികള്‍ ഇവിടേക്ക് ഒഴുകിയെത്തി. 

ആഴ്ചയുടെ പകുതിയോടെ തണുപ്പ് ഇനിയും വര്‍ദ്ധിക്കും, ബുധനാഴ്ച രാത്രിയോടെ -12 സെല്‍ഷ്യസിലേക്ക് താപനില താഴ്‌ന്നേക്കാം, മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു. കാലാവസ്ഥ കടുപ്പമാകുന്നതോടെ സ്‌കോട്ട്‌ലണ്ടിലെ വെസ്റ്റ് കോസ്റ്റ് ഫെറി സര്‍വ്വീസുകളുടെ സേവനം തടസ്സപ്പെടും. മണിക്കൂറില്‍ 55 മൈല്‍ വേഗതയില്‍ കാറ്റ് വീശുന്നതിനാല്‍ സേവനം വൈകാനും, റദ്ദാക്കാനും സാധ്യതയുണ്ടെന്ന് നോട്ടീസ് ഇറക്കിയിട്ടുണ്ട്. ഇതിനിടയിലും ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും ചില ഭാഗങ്ങളില്‍ വെയില്‍ ആസ്വദിക്കാനുള്ള ഭാഗ്യം സിദ്ധിക്കുമെന്നും മെറ്റ് ഓഫീസ് വ്യക്തമാക്കി.

ചൊവ്വാഴ്ച രാത്രിയാണ് മഞ്ഞ് പ്രധാനമായും പ്രവചിക്കപ്പെടുന്നത്. ഇത് ആഴ്ച മുഴുവന്‍ തുടരുകയും ചെയ്യും. വെള്ളിയാഴ്ചയോടെ ആധിക്യം കുറച്ച് കുറയുമെന്നത് മാത്രമാണ് ആശ്വാസം. ശൈത്യവുമായി ബന്ധപ്പെട്ട് നിരവധി പേര്‍ രോഗബാധിതരാകാനും മരണപ്പെടാനുമുള്ള സാധ്യതയുണ്ടെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് പറയുന്നു. അതുകൊണ്ട് തന്നെ തണുപ്പില്‍ നിന്നും സ്വയം രക്ഷനേടണം. വീടുകള്‍ 18 സെല്‍ഷ്യസ് ചൂടെങ്കിലും നിലനിര്‍ത്തണമെന്നും പബ്ലിക് ഹെല്‍ത്ത് ആവശ്യപ്പെടുന്നു.




കൂടുതല്‍വാര്‍ത്തകള്‍.