വിവാഹത്തിന് ശേഷം വധു പിതാവിന് അയയ്ക്കുന്ന കത്തില്‍ എന്താണ് പ്രധാനമായും പ്രതീക്ഷിക്കുക. സ്വാഭാവികമായും പുതിയ ജീവിതത്തിലേക്ക് തന്നെ കൈപിടിച്ച് എത്തിച്ച പിതാവിന് നന്ദി അറിയിക്കുകയും, പുതിയ ജീവിതത്തിന്റെ നിറമുള്ള കഥകളും, ഭര്‍ത്താവിന്റെ വിശേഷങ്ങളുമൊക്കെയാണ് ആ കത്തില്‍ നിറയേണ്ടത്. എന്നാല്‍ ഹാരി രാജകുമാരന്റെ കൈപിടിച്ച മെഗാന് മാര്‍ക്കിളിന് അത്തരമൊരു കത്ത് അയയ്ക്കാനുള്ള ഭാഗ്യമുണ്ടായില്ല. അള്‍ത്താരയിലേക്ക് ഭര്‍ത്താവിന്റെ പിതാവ് കൈപിടിച്ച് എത്തിക്കാന്‍ മാത്രമുള്ള ദുരിതങ്ങളാണ് വിവാഹദിനത്തില്‍ മെഗാനെ കാത്തിരുന്നത്. ഇതിന് ശേഷം മെഗാന് തന്റെ പിതാവ് തോമസ് മാര്‍ക്കിളിന് അയച്ച കത്ത് ഈ ദുരന്തത്തിന്റെ നേര്‍സാക്ഷ്യമാണ്.
സസെക്സ് ഡച്ചസ് വിവാഹത്തിന് ശേഷം അയച്ച കത്തിന്റെ പൂര്‍ണ്ണരൂപം തോമസ് മാര്‍ക്കിള്‍ തന്നെയാണ് പുറത്തുവിട്ടത്. ഡച്ചസിന്റെ അഞ്ച് സുഹൃത്തുക്കള്‍ ഇതുസംബന്ധിച്ച് അമേരിക്കന്‍ സെലിബ്രിറ്റി മാഗസിന് നല്കിയ അഭിമുഖത്തില്‍ പേരുവെളിപ്പെടുത്താതെ വ്യക്തമാക്കിയതോടെയാണ് തോമസ് കത്ത് പുറത്തുവിട്ടത്. പൊതുജന സമക്ഷത്ത് തനിക്കും, ഹാരിക്കും നേരെ തോമസ് മാര്‍ക്കിള്‍ നടത്തിയ വ്യക്തിഹത്യ എത്രത്തോളം തന്നെ ബാധിച്ചെന്ന് ഡച്ചസ് കത്തില്‍ വിശദമാക്കുന്നു. എന്തെങ്കിലും അഭിപ്രായവ്യത്യാസം ഉണ്ടെങ്കില്‍ അത് സ്വകാര്യമായി തീര്‍ക്കാനും മെഗാന് അഭ്യര്‍ത്ഥിക്കുന്നു.
എന്നാല്‍ സ്വകാര്യമായി സൂക്ഷിക്കേണ്ട ഈ കത്തും മെഗാന്റെ പിതാവ് മാധ്യമങ്ങള്‍ക്ക് നല്‍കുകയാണ് ചെയ്തത്. ദി മെയില്‍ ആണ് കത്തിന്റെ പ്രസക്തഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഈ കത്ത് തന്നെ ശാന്തനാക്കുന്നതിന് പകരം കൂടുതല്‍ ബുദ്ധിമുട്ടിലാക്കിയെന്നാണ് തോമസ് മാര്‍ക്കിള്‍ അവകാശപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ അയച്ച അഞ്ച് പേജുള്ള കത്ത് അകന്നുകഴിയുന്ന പിതാവുമായുള്ള അകല്‍ച്ചയുടെ ആഴം വ്യക്തമാക്കുന്നതാണ്. പത്രങ്ങള്‍ അഭിമുഖങ്ങളും, വ്യാജ സ്റ്റോറികളും നല്‍കുകയും, ഭര്‍ത്താവിനെ അക്രമിക്കുകയും ചെയ്തുകൊണ്ട് തന്റെ ഹൃദയം ലക്ഷം കഷ്ണങ്ങളായി തകര്‍ക്കുകയാണ് പിതാവ് ചെയ്തതെന്ന് മെഗാന് ആരോപിക്കുന്നു.
തന്നെ മാധ്യമങ്ങളിലൂടെ അക്രമിക്കുന്ന അര്‍ദ്ധ സഹോദരി സമാന്തയുടെ പക്ഷം പിടിക്കുന്നതും മെഗാനെ ചൊടിപ്പിച്ചു. ഇവര്‍ പടച്ചുവിടുന്ന നുണകളില്‍ താനാണ് അനുഭവിക്കുന്നതെന്ന് മെഗാന് ചൂണ്ടിക്കാണിച്ചു. തന്നെ ബന്ധപ്പെടാന്‍ യാതൊരു അധ്വാനവും നടത്താതെ മകള്‍ ഉപേക്ഷിച്ചെന്ന് പത്രക്കാരോട് പറയുന്നു. ഹൃദയാഘാതം ഉണ്ടായപ്പോഴും സഹായവാഗ്ദാനം നിരസിച്ച് വിവാഹത്തില്‍ നിന്നും വിട്ടുനിന്നത് നന്ദിയില്ലായ്മയാണെന്നും മകള്‍ പിതാവിനോട് പറയുന്നു.