CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 30 Minutes 42 Seconds Ago
Breaking Now

ആ ദുഃഖനിമിഷത്തില്‍ കുടുംബത്തോട് ഒത്തുചേര്‍ന്ന് യുകെ മലയാളി സമൂഹം; ബ്രിട്‌ലിംഗ്ടണില്‍ അന്തരിച്ച ചാക്കോച്ചന് വികാരനിര്‍ഭരമായ യാത്രയയപ്പ്

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ചാക്കോച്ചന്റെ മൃതദേഹം നാട്ടിലെത്തിച്ച ശേഷം ഇടവക പള്ളിയിലാണ് സംസ്‌കാരം

ബ്രിട്‌ലിംഗ്ടണില്‍ അന്തരിച്ച ചാലക്കുടി മേലൂര്‍ സ്വദേശി ചാക്കോച്ചന് യുകെ മലയാളി സമൂഹത്തിന്റെ വികാരനിര്‍ഭരമായ യാത്രയയപ്പ്. മോട്ടോര്‍ ന്യൂറോണ്‍ എന്ന അപൂര്‍വ്വ രോഗം ബാധിച്ച് കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി ചികിത്സയില്‍ ഇരുന്ന ചാക്കോച്ചന്‍ കഴിഞ്ഞ ദിവസമാണ് യാത്രയായത്. ബ്രിട്‌ലിംഗ്ടണ്‍ ഔവര്‍ ലേഡീ ആന്‍ഡ് സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ പൊതുദര്‍ശനത്തിന് എത്തിയപ്പോള്‍ യുകെയുടെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള മലയാളികളും, ഇംഗ്ലീഷുകാരും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരാന്‍ പള്ളിയിലെത്തി. 

വൈകുന്നേരം നാല് മണിയോടെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് പീറ്റേഴ്‌സ് പള്ളിയിലെത്തിച്ച മൃതദേഹത്തില്‍ ബന്ധുക്കളും, സുഹൃത്തുക്കളും, അഭ്യുദയകാംക്ഷികളും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഫാ. ആന്റണിയുടെ ആമുഖ പ്രസംഗത്തിന് ശേഷം കൊന്ത നമസ്‌കാരവും, വിശുദ്ധ കുര്‍ബ്ബാനയും, ഒപ്പീസും നടത്തി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ചാക്കോച്ചന്റെ മൃതദേഹം നാട്ടിലെത്തിച്ച ശേഷം ഇടവക പള്ളിയിലാണ് സംസ്‌കാരം നടത്തുക. 

മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ചതോടെ തലച്ചോറിന്റെയും, നാഡീവ്യൂഹത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ തകരാറിലായി ചലനശേഷി തന്നെ ഇല്ലാതായ അവസ്ഥയിലായിരുന്നു ചാക്കോച്ചന്‍. വീട്ടിലൊരുക്കിയ പ്രത്യേക ആം ചെയറില്‍ ഓക്‌സിജന്‍ സിലിണ്ടറിന്റെ സഹായത്തോടെയാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി അദ്ദേഹം കഴിഞ്ഞിരുന്നത്. ഭര്‍ത്താവിന്റെ പരിപൂര്‍ണ്ണ ശുശ്രൂഷ നഴ്‌സ് കൂടിയായ ഭാര്യ ദീപയാണ് നിര്‍വ്വഹിച്ചിരുന്നത്. 

ബ്രിട്‌ലിംഗ്ടണില്‍ നഴ്‌സിംഗ് ഹോമില്‍ ജോലി ചെയ്തിരുന്ന ദീപയ്ക്ക് വിസാ കാലാവധി തീര്‍ന്നതോടെ ജോലി നഷ്ടമായി. ചാക്കോച്ചന്റെ അപൂര്‍വ്വ രോഗത്തിന് പിന്തുണ നല്‍കാന്‍ ഭാര്യ അനിവാര്യമാണെന്ന് കണ്ടെത്തിയതോടെയാണ് ഹോം ഓഫീസ് അല്‍പ്പം കരുണ കാണിച്ചത്. 2020 ഡിസംബര്‍ വരെ ഇവരുടെ വിസ ദീര്‍ഘിപ്പിച്ച് നല്‍കി.

ചാക്കോച്ചന്റെ രോഗാതുരമായ അവസ്ഥയില്‍ ജോലി ചെയ്യാന്‍ ദീപയ്ക്ക് ബുദ്ധിമുട്ടുമായിരുന്നു. പ്രൈമറി ക്ലാസുകളില്‍ പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളും ഇവര്‍ക്കുണ്ട്. ചാക്കോച്ചന്റെ മൃതദേഹത്തിന് അരികില്‍ ദീപയ്ക്കും, മക്കള്‍ക്കും പുറമെ ചാക്കോച്ചന്റെ അമ്മയും നിന്നതോടെ കണ്ടുനിന്നവരുടെയും കണ്ണുകള്‍ നിറഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.