CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 50 Minutes 52 Seconds Ago
Breaking Now

ഞായറാഴ്ച കുര്‍ബാന നടത്തിയില്ലെങ്കിലും കുഴപ്പമില്ല; സഭാ നിയമത്തില്‍ തിരുത്തലുമായി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് ജനറല്‍ സിനഡ്; പ്രാദേശിക പള്ളികളില്‍ ഇനി ഞായറാഴ്ച കുര്‍ബാന നിര്‍ബന്ധമില്ല

2016-ല്‍ വില്ലസ്‌ഡെന്‍ ബിഷപ്പ് റിട്ട. റവ പീറ്റ് ബ്രോഡ്‌ബെന്റാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്

ഞായറാഴ്ച അതിരാവിലെ എഴുന്നേറ്റ് ഭക്തിനിര്‍ഭരമായ മനസ്സോടെ ഇടവക പള്ളിയില്‍ പോയി കുര്‍ബാനയില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ മനസ്സില്‍ അനുഭവപ്പെടുന്ന ഒരു സമാധാനം ഒന്ന് വേറെ തന്നെയാണ്. ഒരാഴ്ച നീണ്ട ജീവിതത്തിന്റെ നെട്ടോട്ടത്തില്‍ നിന്നും ദൈവത്തിന്റെ തിരുസന്നിധിയിലേക്ക് എത്തിച്ചേരുന്ന പരിശുദ്ധമായ ഒരു ദിനമാണ് ഞായറാഴ്ച. ആ ദിവസത്തെ കുര്‍ബാനയില്‍ പങ്കെടുക്കുകയെന്നത് വിശ്വാസികള്‍ക്ക് ഏറെ പ്രധാനവും.

എന്നാല്‍ നാട്ടിലെ ഈ രീതി വെച്ച് വരുന്ന ആഴ്ചകളില്‍ ഇംഗ്ലണ്ടില്‍ താമസിക്കുന്നവര്‍ അതികാലത്ത് എഴുന്നേറ്റ് അടുത്തുള്ള പള്ളിയില്‍ ചെന്നാല്‍ കുര്‍ബാന കൂടാന്‍ വിശ്വാസികളെയോ, നേതൃത്വം നല്‍കാന്‍ പുരോഹിതനെയോ കണ്ടെന്ന് വരില്ല. സഭാ നിയമത്തില്‍ വരുത്തിയ സുപ്രധാനമായ മാറ്റമാണ് ഈ വിചിത്രമായ അവസ്ഥയിലേക്ക് എത്തിക്കുന്നത്. 

ഞായറാഴ്ച കുര്‍ബാന നടത്തുന്നത് നിര്‍ബന്ധമല്ലാതാക്കി കൊണ്ടാണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സഭാ നിയമത്തില്‍ ഈ വിപ്ലവകരമായ മാറ്റം പ്രഖ്യാപിച്ചത്. ഇതോടെ പ്രാദേശിക പള്ളികളില്‍ ഞായറാഴ്ച കുര്‍ബാന നിര്‍ബന്ധമല്ലാതായി മാറും. സഭാ നിയമത്തില്‍ മുന്‍പ് വരുത്തിയ ഒരു ഭേദഗതി പ്രകാരം എല്ലാ പാരിഷ് പള്ളികളും ഞായറാഴ്ച കുര്‍ബാന നടത്തണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ഈ ഭേദഗതിയാണ് പുതിയ വോട്ടെടുപ്പില്‍ അപ്രസക്തമായത്.

പള്ളി നിയമത്തില്‍ മാറ്റം വരുത്താനായി ചേര്‍ന്ന ജനറല്‍ സിനഡില്‍ ബിഷപ്പുമാരില്‍ 20 പേരും, പുരോഹിതന്‍മാരില്‍ 92 പേരും, സഭാ അധികാരികളില്‍ 118 പേരും ഈ നിയമമാറ്റത്തെ അനുകൂലിച്ചു. കേവലം രണ്ട് പേര്‍ മാത്രം എതിര്‍ത്തപ്പോള്‍ ഒരാള്‍ വിട്ടുനിന്നു. 

2016-ല്‍ വില്ലസ്‌ഡെന്‍ ബിഷപ്പ് റിട്ട. റവ പീറ്റ് ബ്രോഡ്‌ബെന്റാണ് ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. തങ്ങളുടെ പാരിഷിന് കീഴിലെ വിവിധ പള്ളികളില്‍ സേവനം നല്‍കുന്ന പുരോഹിതന്‍മാര്‍ക്ക് അനുകൂല സാഹചര്യം ഒരുക്കാന്‍ ഈ നിയമമാറ്റം സഹായിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എല്ലാ പള്ളികളിലും ഞായറാഴ്ച കുര്‍ബാന നടത്താന്‍ പുരോഹിതന്‍മാര്‍ ഏറെ ബുദ്ധിമുട്ടുകയാണ്. പത്ത് പള്ളികളില്‍ വരെ നോക്കുന്ന വികാരിമാരുണ്ട്. ഇവര്‍ക്ക് ഞായറാഴ്ച കുര്‍ബാന ഒന്നോ, രണ്ടോ സ്ഥലത്ത് മാത്രമേ നടത്താന്‍ കഴിയൂ, അദ്ദേഹം ചൂണ്ടിക്കാണിച്ചു.

റൊട്ടേഷന്‍ അടിസ്ഥാനത്തിലാണ് 20-30 വര്‍ഷമായി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് പ്രവര്‍ത്തിച്ചത്. നിയമം തെറ്റിക്കപ്പെടുക തന്നെയാണ്. പക്ഷെ ഇതിന് അനുസൃതമായ മാറ്റം വരുത്താതെ പോകുന്നത് കൊണ്ട് കാര്യമില്ല. നിലവില്‍ സംഭവിക്കുന്നത് നിയമവിധേയമാക്കാന്‍ ഇത് ഉപകരിക്കും, ബ്രോഡ്‌ബെന്റ് വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.