CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 21 Seconds Ago
Breaking Now

എന്‍എച്ച്എസിലെ പേജര്‍ ഉപയോഗം വിലക്കി ഹെല്‍ത്ത് സെക്രട്ടറി; കാലഹരണപ്പെട്ട ടെക്‌നോളജിക്ക് പകരം മൊബൈല്‍ ഫോണും, ആപ്പും ഇടംപിടിക്കും; 6.6 മില്ല്യണ്‍ ലാഭം ഒപ്പം നഴ്‌സുമാര്‍ക്കും, ഡോക്ടര്‍മാര്‍ക്കും സമയലാഭവും

2021-നുള്ളില്‍ പേജറുകളെ പുറംതള്ളാനാണ് എന്‍എച്ച്എസ് ട്രസ്റ്റുകള്‍ക്ക് സമയം അനുവദിച്ചിരിക്കുന്നത്

ലോകത്തില്‍ ഇപ്പോഴും ബാക്കിയുള്ള പേജറുകളില്‍ പത്ത് ശതമാനം ഉപയോഗിക്കുന്നത് എന്‍എച്ച്എസിലാണ്. പ്രതിവര്‍ഷം 6.6 മില്ല്യണ്‍ പൗണ്ട് ചെലവില്‍ 130,000 ഡിവൈസുകളാണ് ബ്രിട്ടീഷ് ആരോഗ്യ സേവനരംഗത്ത് ഉപയോഗിക്കുന്നത്. കാലഹരണപ്പെട്ട പേജറുകളുടെ ഉപയോഗം നിരോധിച്ച് കൊണ്ടാണ് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് പ്രഖ്യാപിച്ചത്. ചെലവ് കുറയ്ക്കാനും, ആശയവിനിമയം മെച്ചപ്പെടുത്താനും ഉദ്ദേശിച്ചാണ് പേജറുകളെ പുറംതള്ളുന്നത്.

എന്നാല്‍ പദ്ധതി പൂര്‍ണ്ണമായി നടപ്പാക്കാന്‍ എന്‍എച്ച്എസിന് മൂന്ന് വര്‍ഷം വേണ്ടിവരും. കാലഹരണപ്പെട്ട പേജറുകള്‍ ഒരു വശത്തേക്ക് മാത്രമാണ് ആശയവിനിമയം സാധ്യമാക്കുന്നത്. പലപ്പോഴും ഡോക്ടര്‍മാര്‍ക്ക് എത്രത്തോളം സുപ്രധാനമാണെന്ന് മനസ്സിലാക്കാന്‍ സാധിക്കാറില്ല. രോഗികള്‍ക്ക് പ്രാധാന്യം നല്‍കുന്നതിലും ബുദ്ധിമുട്ടുകള്‍ നേരിടാറുണ്ട്. മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച് അനായാസം വിവരങ്ങള്‍ കൈമാറാനും, ചെലവ് കുറവാണെന്നതുമാണ് പേജറുകള്‍ നിരോധിക്കാന്‍ കാരണമെന്ന് ഹെല്‍ത്ത് ഒഫീഷ്യലുകള്‍ വ്യക്തമാക്കുന്നു. 

ജീവന്‍ രക്ഷിക്കാന്‍ ടെക്‌നോളജി ഒരുക്കുന്ന അവസരം പൂര്‍ണ്ണമായും വിനിയോഗിക്കണമെന്ന് ഹാന്‍കോക് പ്രസ്താവിച്ചു. ഇത് തൊഴില്‍രംഗത്തെ സമ്മര്‍ദം കുറയ്ക്കാനും സഹായിക്കും. ഓരോ ദിവസവും എന്‍എച്ച്എസ് ജീവനക്കാര്‍ ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലും കഠിനാധ്വാനം ചെയ്യുകയാണ്. ഇതിനിടെ കാലഹരണപ്പെട്ട ടെക്‌നോളജി മൂലമുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ അവര്‍ താല്‍പര്യപ്പെടും. ലോകത്തിലെ ഏറ്റവും മികച്ച ഉപകരണങ്ങളാണ് ഇതിന് ആവശ്യം. ഇമെയിലും, മൊബൈലും കാര്യങ്ങള്‍ എളുപ്പത്തിലാക്കും. ഇതുവഴി ഡോക്ടര്‍മാര്‍ക്കും, നഴ്‌സുമാര്‍ക്കും രോഗികളെ ശ്രദ്ധിക്കാന്‍ കൂടുതല്‍ സമയവും കിട്ടും, ഹെല്‍ത്ത് സെക്രട്ടറി വിശദീകരിച്ചു. 

2021-നുള്ളില്‍ പേജറുകളെ പുറംതള്ളാനാണ് എന്‍എച്ച്എസ് ട്രസ്റ്റുകള്‍ക്ക് സമയം അനുവദിച്ചിരിക്കുന്നത്. വാട്‌സ്ആപ്പ് പോലെ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിക്കേഷന്‍സ് ആപ്പ് മെഡിക് ബ്ലീപ്‌സ് ജൂനിയര്‍ ഡോക്ടര്‍മാരുടെ 48 മിനിറ്റ് ഒരു ഷിഫ്റ്റില്‍ ലാഭിച്ചപ്പോള്‍ നഴ്‌സുമാരുടെ 21 മിനിറ്റ് ശരാശരി ലാഭിച്ചെന്നുമാണ് വെസ്റ്റ് സഫോക്ക് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് നടത്തിയ പരീക്ഷണത്തില്‍ വ്യക്തമായി. അതേസമയം വൈഫൈ പരാജയപ്പെടുന്ന ഘട്ടങ്ങളില്‍ പേജര്‍ ഉപയോഗിക്കാന്‍ അനുവാദമുണ്ടാകും.  




കൂടുതല്‍വാര്‍ത്തകള്‍.