CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 18 Minutes 15 Seconds Ago
Breaking Now

ന്യൂസിലാന്‍ഡിലെ മുസ്ലീം പള്ളികളില്‍ ഭീകരാക്രമണം; മെഷീന്‍ ഗണ്ണുമായി എത്തിയ അക്രമി വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്ക് എത്തിയവര്‍ക്ക് നേരെ നിഷ്‌കരുണം വെടിയുതിര്‍ത്തു, പരിപാടി ലൈവായി കാണിച്ചു; 27 പേര്‍ കൊല്ലപ്പെട്ടതായി സൂചന; ലോകം ഞെട്ടലില്‍

ന്യൂസിലാന്‍ഡ് പര്യടനത്തിലുള്ള ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അംഗങ്ങള്‍ അല്‍ നൂര്‍ പള്ളിക്ക് സമീപം ഉള്ളപ്പോഴാണ് വെടിവെപ്പിന് തുടക്കമായത്

ന്യൂസിലാന്‍ഡിലെ മുസ്ലീം പള്ളികളില്‍ കടന്നെത്തിയ അക്രമി കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ വെടിയുതിര്‍ത്തപ്പോള്‍ ചുരുങ്ങിയത് 27 പേരുടെ ജീവന്‍ നഷ്ടമായി. സൗത്ത് ഐലന്‍ഡിലുള്ള ക്രൈസ്റ്റ്ചര്‍ച്ചിലെ അല്‍ നൂര്‍ പള്ളിയില്‍ നിന്നും അക്രമിയുടെ സെമി ഓട്ടോമാറ്റിക് ഷോട്ട് ഗണ്ണും, റൈഫിളും 50 ഷോട്ട് ഉതിര്‍ക്കുന്നത് കേട്ടതായി ദൃക്‌സാക്ഷികള്‍ റിപ്പോര്‍ട്ട് ചെയ്തു. 28-കാരനായ ഓസ്‌ട്രേലിയക്കാരനാണ് പള്ളികളില്‍ ഭീകരാക്രമണം നടത്തിയതെന്നാണ് കരുതുന്നത്. ട്വിറ്ററില്‍ ബ്രന്റണ്‍ ടാറന്റ് എന്ന് പേരുള്ള ആയുധധാരി അല്‍ നൂര്‍ പള്ളിയിലെ അക്രമണം ലൈവായി ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. 

വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ നടക്കവെയാണ് ഉച്ചയ്ക്ക് 1.30ഓടെ ഭീകരാക്രമണം ഉണ്ടായത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ആളുകള്‍ക്ക് നേരെ നിഷ്‌കരുണം വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നാല് പേര്‍ സംഭവത്തില്‍ അറസ്റ്റിലായി, ഇവരില്‍ മൂന്ന് പുരുഷന്‍മാരും, ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. ഭീകരാക്രമണത്തിന് മുന്‍പ് ആയുധധാരി തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ 87 പേജുള്ള പ്രകടനപത്രിക പോസ്റ്റ് ചെയ്തിരുന്നു. ഇതൊരു ഭീകരാക്രമണമാണ് എന്നാണ് ഇയാള്‍ വിശദീകരിച്ചത്. 

ഇതിനിടെ അല്‍ നൂര്‍ പള്ളിക്ക് സമീപമുള്ള ലിന്‍വുഡ് മസ്ജിദ് പള്ളിയിലും വെടിവെപ്പ് ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ ക്രൈസ്റ്റ്ചര്‍ച്ച് ഹോസ്പിറ്റലിന് പുറത്തും വെടിവെപ്പ് നടന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പള്ളിയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെ കിടന്ന ഒരു കാറില്‍ നിന്നും ബോംബും കണ്ടെത്തിയിട്ടുണ്ട്. പ്രദേശവാസികളോട് പുറത്തിറങ്ങരുതെന്നാണ് പോലീസ് നിര്‍ദ്ദേശം. എന്തെങ്കിലും സംശയകരമായ നീക്കങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യാനും ആവശ്യപ്പെട്ടു. സ്ഥിതി ഗുരുതരമാണെന്ന് പോലീസ് സ്ഥിരീകരിക്കുന്നു. 

രണ്ട് പള്ളികളിലും, ആശുപത്രിയിലുമുണ്ടായ അക്രമത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി ന്യൂസിലാന്‍ഡ് പോലീസ് കമ്മീഷണര്‍ മൈക്ക് ബുഷ് വ്യക്തമാക്കി. രാജ്യത്തെ മുസ്ലീങ്ങളോട് ഇന്ന് പള്ളികളില്‍ പോകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ന്യൂസിലാന്‍ഡിന്റെ കറുത്ത ദിനങ്ങളില്‍ ഒന്നെന്നാണ് അക്രമണങ്ങളെ പ്രധാനമന്ത്രി ജസീന്ത ആര്‍ഡെന്‍ വിശേഷിപ്പിച്ചത്. ന്യൂസിലാന്‍ഡ് പര്യടനത്തിലുള്ള ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അംഗങ്ങള്‍ അല്‍ നൂര്‍ പള്ളിക്ക് സമീപം ഉള്ളപ്പോഴാണ് വെടിവെപ്പിന് തുടക്കമായത്. ഭാഗ്യം കൊണ്ടാണ് ബംഗ്ലാദേശ് ടീം അംഗങ്ങള്‍ രക്ഷപ്പെട്ടതെന്ന് ക്യാപ്റ്റന്‍ മുഷ്ഫിഖുര്‍ റഹീം ട്വീറ്റ് ചെയ്തു.  




കൂടുതല്‍വാര്‍ത്തകള്‍.