CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 46 Minutes 43 Seconds Ago
Breaking Now

ഏപ്രില്‍ വരുന്നു, കുടുംബ ബജറ്റിന്റെ താളം തെറ്റിക്കാന്‍; ബില്ലുകളില്‍ 120 പൗണ്ടിന്റെ വര്‍ദ്ധനവ് സമ്മാനിക്കാന്‍ 11 വില വര്‍ദ്ധനവുകള്‍; എന്‍എച്ച്എസ്, വാട്ടര്‍ ബില്‍, ടിവി ലൈസന്‍സ്... ഹോ ബില്‍ അടച്ച് മടുക്കും!

ഡ്രൈവര്‍മാര്‍ക്കും നിരക്ക് വര്‍ദ്ധനവിന്റെ പരിണിത ഫലം അനുഭവിക്കേണ്ടി വരും

മാര്‍ച്ച് കഴിഞ്ഞാല്‍ ഏപ്രിലാണ്. ഇത് സ്വാഭാവികമായ കാര്യം തന്നെ. എന്നാല്‍ ഇതുപോലെ തന്നെ സ്വാഭാവികമായി സംഭവിക്കുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. അതാണ് ബില്‍ വര്‍ദ്ധനവ്. പുതിയ സാമ്പത്തിക വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ പ്രഖ്യാപിക്കപ്പെട്ട പല നിരക്ക് വര്‍ദ്ധനവുകളും പ്രാബല്യത്തിലാകും. 11 നിരക്ക് വര്‍ദ്ധനവുകളാണ് കുടുംബ ബജറ്റിന്റെ താളം തെറ്റിക്കാനായി അടുത്ത മാസം വര്‍ദ്ധിക്കുന്നതെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. 

ശരാശരി എനര്‍ജി ബില്‍ മാത്രം പ്രതിവര്‍ഷം 117 പൗണ്ട് ഉയരും. ഇതിന് പുറമെ കൗണ്‍സില്‍ ടാക്‌സ്, ടിവി ലൈസന്‍സ്, വാട്ടര്‍ ബില്‍ എന്നിവയും നിരക്ക് കൂട്ടിയെത്തും. 97 ശതമാനം വരുന്ന ലോക്കല്‍ അധികൃതരും ടാക്‌സുകള്‍ വര്‍ദ്ധിപ്പിക്കുന്നതായാണ് വിവരം. ചുരുങ്ങിയത് 2.5 ശതമാനം വര്‍ദ്ധനവെങ്കിലും ഇക്കാര്യത്തില്‍ നേരിടും. എനര്‍ജി വാച്ച്‌ഡോഗ് ഓഫ്‌ജെം കഴിഞ്ഞ മാസം പ്രൈസ് ക്യാപ് ഉയര്‍ത്തിയതോടെ എനര്‍ജി വമ്പന്‍മാര്‍ ഡിഫോള്‍ട്ട് താരിഫ് നിരക്കുകള്‍ 1254 പൗണ്ട് ഉയര്‍ത്തി.

വാട്ടര്‍ ബില്ലിലും ആശ്വസിക്കാന്‍ വകയില്ല. ശരാശരി രണ്ട് ശതമാനം വര്‍ദ്ധനവാണ് ഇതില്‍ പ്രതീക്ഷിക്കേണ്ടത്. അതായത് വര്‍ഷത്തില്‍ 8 പൗണ്ട് അധികം കമ്പനികള്‍ക്ക് നല്‍കണം. ഡ്രൈവര്‍മാര്‍ക്കും നിരക്ക് വര്‍ദ്ധനവിന്റെ പരിണിത ഫലം അനുഭവിക്കേണ്ടി വരും. വെഹിക്കിള്‍ എക്‌സൈസ് ഡ്യൂട്ടി അടുത്ത മാസം ഉയരുന്നതോടെ ഉയര്‍ന്ന മലിനീകരണമുള്ള വാഹനങ്ങളുടെ ഉടമകള്‍ക്ക് 65 പൗണ്ടാണ് വര്‍ഷത്തില്‍ അധിക ചെലവ് വരിക. സ്റ്റാംപ് വാങ്ങാന്‍ 3 പെന്‍സും, എന്‍എച്ച്എസ് പ്രിസ്‌ക്രിപ്ഷനുകള്‍ക്ക് 20 പെന്‍സ് അധികവും, ടിവി ലൈസന്‍സുകള്‍ക്ക് വര്‍ഷം 4 പൗണ്ട് അധികവും നല്‍കേണ്ടി വരും. 

ഒ2, ത്രീ, വോഡാഫോണ്‍, ഇഇ തുടങ്ങിയ മൊബൈല്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും നിരക്ക് ഉയരും, സ്‌കൈ കസ്റ്റമേഴ്‌സിനും ഈ കുതിപ്പ് ദുരിതമാകും. പ്രൊബൈറ്റ് ഫീസ്, ക്ലാസ് 3 നാഷണല്‍ ഇന്‍ഷുറന്‍സ് എന്നിവയും പട്ടികയിലുണ്ട്. ചുരുക്കം പറഞ്ഞാല്‍ ജോലി ചെയ്യുന്നത് ഈ ബില്ലുകള്‍ അടയ്ക്കാന്‍ വേണ്ടിയാകുമെന്നത് തന്നെ!




കൂടുതല്‍വാര്‍ത്തകള്‍.