CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 21 Minutes 39 Seconds Ago
Breaking Now

എല്ലാ മുസ്ലീങ്ങളും മരിക്കണം; സറേയിലെ ടെസ്‌കോ കാര്‍ പാര്‍ക്കില്‍ വെള്ളക്കാരന്റെ കത്തി അക്രമണം; സംഭവം തീവ്രവാദ സ്വഭാവമുള്ളതെന്ന് പോലീസ്; മുസ്ലീം പള്ളികള്‍ക്ക് പ്രത്യേക പോലീസ് സംരക്ഷണം; കുടിയേറ്റക്കാര്‍ ആശങ്കയില്‍

സറേയില്‍ നടന്ന അക്രമങ്ങളെ പ്രധാനമന്ത്രി തെരേസ മേയ് അപലപിച്ചു

ന്യൂസിലാന്‍ഡില്‍ വെള്ളക്കാരന്‍ മുസ്ലീം പള്ളിയില്‍ കടന്ന് കൂട്ടക്കൊല നടത്തിയ സംഭവത്തിന് പിന്നാലെ ഇംഗ്ലണ്ടിലും സമാനമായ അക്രമണം. സറേയിലാണ് ബേസ്‌ബോള്‍ ബാറ്റും, കത്തിയുമായി ഒരാള്‍ അക്രമം അഴിച്ചുവിട്ടത്. 'എല്ലാ മുസ്ലീങ്ങളും മരിക്കണം' എന്ന് ആക്രോശിച്ചായിരുന്നു അക്രമം. സംഭവം തീവ്രവാദ അക്രമം തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. തീവ്ര വലത് വിഭാഗങ്ങളുടെ പ്രചോദനം ഉള്‍ക്കൊണ്ടാണ് അക്രമം നടന്നിരിക്കുന്നത്. 

വൈറ്റ് സുപ്രീമസിസ്റ്റ് ഭരണം എന്ന് 50-കളില്‍ പ്രായമുള്ള പ്രതി ആക്രോശിച്ചതായി ഹീത്രൂ എയര്‍പോര്‍ട്ടിന് സമീപമുള്ള സ്റ്റാന്‍വെല്‍ വയോള അവെന്യൂവിലെ താമസക്കാര്‍ വെളിപ്പെടുത്തി. ടെസ്‌കോ കാര്‍ പാര്‍ക്കില്‍ നടന്ന അതിക്രമത്തില്‍ 19-കാരനാണ് പരുക്കേറ്റത്. 'നിനക്ക് മരിക്കണോ? എന്തായാലും നീ മരിക്കാന്‍ പോകുകയാണ്' എന്ന് അക്രമി കൗമാരക്കാരനോട് പറഞ്ഞ ശേഷമാണ് കത്തിക്കുത്ത് നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. 

ഇരയ്ക്ക് ജീവന് ഭീഷണിയില്ലാത്ത പരുക്കുകളാണ് ഏറ്റത്. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വധശ്രമത്തിനും, വംശീയമായ രീതിയില്‍ പൊതുസമൂഹത്തിന്റെ സമാധാനം തകര്‍ത്തതിനുമാണ് കസ്റ്റഡിയിലുള്ള പ്രതിക്കെതിരെ കേസെടുത്തത്. ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ രണ്ട് മുസ്ലീം പള്ളികളില്‍ നടന്ന കൂട്ടക്കൊലയില്‍ 50-ഓളം പേരാണ് കൊല്ലപ്പെട്ടത്. ഓസ്‌ട്രേലിയന്‍ വംശജന്‍ ബ്രെന്റണ്‍ ടാറന്റാണ് അക്രമം അഴിച്ചുവിട്ടത്. 

സറേയില്‍ നടന്ന അക്രമങ്ങളെ പ്രധാനമന്ത്രി തെരേസ മേയ് അപലപിച്ചു. തീവ്രവാദ സംഭവത്തില്‍ അടിയന്തരമായി ഇടപെട്ട എമര്‍ജന്‍സി സര്‍വ്വീസുകള്‍ക്ക് അവര്‍ നന്ദി അറിയിച്ചു. സംഭവത്തെത്തുടര്‍ന്ന് സറേയിലെ മുസ്ലീം പള്ളികള്‍ക്ക് പോലീസ് പ്രത്യേക സുരക്ഷ ഒരുക്കി.




കൂടുതല്‍വാര്‍ത്തകള്‍.