CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 21 Minutes 38 Seconds Ago
Breaking Now

ബര്‍മിംഗ്ഹാമില്‍ അഞ്ച് മുസ്ലീം പള്ളികള്‍ക്ക് നേരെ രാത്രിയുടെ മറവില്‍ അക്രമണം; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; തീവ്രവാദവിരുദ്ധ പോലീസ് അന്വേഷണം ഏറ്റെടുത്തു; കുട്ടികളുമായി പ്രാര്‍ത്ഥനയ്ക്ക് പോകാന്‍ ഭയന്ന് വിശ്വാസികള്‍

ബര്‍മിംഗ്ഹാമില്‍ രാത്രിയില്‍ നടന്ന അക്രമങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് ഹോം സെക്രട്ടറി സാജിദ് ജാവിദ്

ന്യൂസിലാന്‍ഡില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്കെത്തിയ നിരപരാധികളെ വെള്ളക്കാരന്‍ കൂട്ടക്കൊല ചെയ്ത സംഭവം നടന്നിട്ട് ഒരാഴ്ച പിന്നിടുന്നതേയുള്ളൂ. പാശ്ചാത്യ ലോകത്ത് ഈ ഭീകരാക്രമണം ഉണ്ടാക്കിവെച്ച ആശങ്ക ചെറുതല്ല. കുടിയേറ്റ സമൂഹത്തിന് നേര്‍ക്ക് പലപ്പോഴായി നടന്നുവരാറുള്ള അതിക്രമങ്ങള്‍ പുതിയ തലത്തിലേക്ക് ഉയര്‍ന്നത് ഭയാശങ്കകള്‍ക്ക് കാരണമാകുന്നതിന് ഇടെയാണ് ബര്‍മിംഗ്ഹാമില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ മുസ്ലീം പള്ളികള്‍ക്ക് നേര്‍ക്ക് അക്രമങ്ങള്‍ അരങ്ങേറിയത്. 

പെറി ബാറിലെ ബ്രോഡ്‌വേയിലെ മസ്ജിദ് ഫൈസുള്‍ ഇസ്ലാമിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നഗരത്തില്‍ കഴിഞ്ഞ ദിവസം രാത്രി അക്രമിക്കപ്പെട്ട അഞ്ച് പള്ളികളില്‍ ഒന്നാണിത്. തീവ്രവാദ വിരുദ്ധ പോലീസ് ഈ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമസംഭവം നടന്നതോടെ ബര്‍മിംഗ്ഹാമിലെ മുസ്ലീം വിശ്വാസികള്‍ കുട്ടികളുമായി പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാന്‍ ഭയപ്പെടുകയാണ്. തൊപ്പി ധരിച്ച് മുഖം മറിച്ച് എത്തുന്ന പുരുഷനാണ് പുലര്‍ച്ചെ പള്ളിക്ക് അരികിലേക്ക് എത്തുന്നതെന്ന് വീഡിയോ കാണിക്കുന്നു. 

കൈയില്‍ ചുറ്റിക പോലുള്ള ആയുധം കരുതിയിട്ടുള്ള ഇയാള്‍ പള്ളിയുടെ ജനലുകള്‍ തകര്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. നഗരത്തിലെ അഞ്ച് മുസ്ലീം പള്ളികള്‍ക്ക് നേരെയാണ് ഒറ്റ രാത്രിയില്‍ അക്രമം നടന്നത്. ആല്‍ബര്‍ട്ട് റോഡ്, ബര്‍ഷ്ഫീല്‍ഡ് റോഡ്, സ്ലേഡ് റോഡ്, ദി ബ്രോഡ്‌വേ, വിറ്റണ്‍ റോഡ് എന്നിവിടങ്ങളിലെ പള്ളികളാണ് അക്രമിക്കപ്പെട്ടത്. അഞ്ച് വയസ്സുള്ള മക്കള്‍ക്കൊപ്പം പള്ളിയില്‍ പോകുന്നത് സുരക്ഷിതമല്ലെന്ന് കരുതുന്നതായി ഒരു രക്ഷിതാവ് പ്രതികരിച്ചു. വിറ്റണിലെ വിറ്റണ്‍ റോഡ് ഇസ്ലാമിക് സെന്ററിന്റെ ഏഴ് ജനലുകളും, രണ്ട് വാതിലുകളുമാണ് അക്രമി തകര്‍ത്തത്. 

വെളുപ്പിന് 1.30നും, 2-നും ഇടയിലാണ് അക്രമം നടന്നതെന്ന് പള്ളിയിലെ ഇമാം പറഞ്ഞു. ഈ സമയത്ത് മറ്റിടങ്ങളില്‍ അക്രമം നടന്ന റിപ്പോര്‍ട്ടിന് പിന്നാലെയായിരുന്നെന്ന് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസും വ്യക്തമാക്കി. വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്കെത്തുമ്പോള്‍ പള്ളികള്‍ക്ക് കൂടുതല്‍ സംരക്ഷണം വേണമെന്നാണ് വിശ്വാസികള്‍ ആവശ്യപ്പെടുന്നത്. ബര്‍മിംഗ്ഹാമില്‍ രാത്രിയില്‍ നടന്ന അക്രമങ്ങള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് ഹോം സെക്രട്ടറി സാജിദ് ജാവിദ് പ്രതികരിച്ചു. നമ്മുടെ സമൂഹത്തില്‍ ഇത്തരം വിദ്വേഷത്തിന് യാതൊരു സ്ഥാനവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.