CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 55 Minutes 20 Seconds Ago
Breaking Now

ബ്രിട്ടനില്‍ ദാരിദ്ര്യം വര്‍ദ്ധിക്കുന്നു; സ്‌കൂളില്‍ കുട്ടികള്‍ രണ്ട് ദിവസം വരെ ഭക്ഷണം കഴിക്കാതെ എത്തുന്നു; ഷൂസില്‍ തുളവീണിട്ടും പുതിയത് വാങ്ങാന്‍ പണമില്ല; നിങ്ങള്‍ അറിയുന്നുണ്ടോ ഈ അവസ്ഥ

എണ്ണായിരത്തോളം അധ്യാപകര്‍, സ്‌കൂള്‍ ലീഡേഴ്‌സ്, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരെ സര്‍വ്വെ ചെയ്താണ് ഈ വിവരങ്ങള്‍ കണ്ടെത്തിയത്

ദാരിദ്ര്യം എന്തെന്ന് ഇത് അനുഭവിച്ചവര്‍ക്ക് അറിയാം. വിശക്കുമ്പോള്‍ കഴിക്കാന്‍ ഭക്ഷണമില്ലാത്ത അവസ്ഥ പറഞ്ഞാല്‍ എത്ര പേര്‍ക്ക് മനസ്സിലാകും, പ്രത്യേകിച്ച് ഇന്നത്തെ തലമുറയ്ക്ക്. വിശപ്പ് എന്താണെന്ന് അറിഞ്ഞവര്‍ക്ക് ഭക്ഷണത്തിന്റെ വില അറിയാന്‍ കഴിയും. ഭക്ഷണം ആവശ്യത്തിലേറെ ലഭിക്കുകയും ഇതില്‍ നല്ലൊരു പങ്ക് പാഴാക്കി കളയുകയും ചെയ്യുന്നത് ഇപ്പോള്‍ വെറും സ്വാഭാവിക കാര്യമായി മാറിക്കഴിഞ്ഞു. എന്നാല്‍ പുരോഗമിച്ച് ധനിക രാഷ്ട്രമായി മാറിക്കഴിഞ്ഞ ബ്രിട്ടനില്‍ ഇതൊന്നും അനുഭവിക്കാന്‍ യോഗമില്ലാതെ ദാരിദ്ര്യം അനുഭവിക്കുന്ന കുട്ടികള്‍ ഏറെയാണെന്നാണ് അധ്യാപകര്‍ അവകാശപ്പെടുന്നത്. 

കുട്ടികളില്‍ ദാരിദ്ര്യം വര്‍ദ്ധിക്കുന്നതായാണ് രാജ്യത്തെ അധ്യാപകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വന്‍തോതില്‍ ഈ അവസ്ഥ വര്‍ദ്ധിക്കുന്നുണ്ട്. ദിവസങ്ങളോളം കഴിക്കാന്‍ ഭക്ഷണമില്ലാതെ സ്‌കൂളില്‍ എത്തുകയും, ഷൂസില്‍ തുളകള്‍ വീണിട്ടും പുതിയതൊന്ന് മാറ്റാനും കഴിയാത്ത നിരവധി കുട്ടികള്‍ വരുന്നതായാണ് അധ്യാപകരുടെ കണ്ടെത്തല്‍. എണ്ണായിരത്തോളം അധ്യാപകര്‍, സ്‌കൂള്‍ ലീഡേഴ്‌സ്, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരെ സര്‍വ്വെ ചെയ്താണ് ഈ വിവരങ്ങള്‍ കണ്ടെത്തിയത്. ലിവര്‍പൂളില്‍ നടക്കുന്ന നാഷണല്‍ എഡ്യൂക്കേഷന്‍ യൂണിയന്റെ വാര്‍ഷിക കോണ്‍ഫറന്‍സില്‍ ഈ വിവരങ്ങള്‍ അവതരിപ്പിക്കും. 

സര്‍വ്വെയില്‍ പങ്കെടുത്ത പകുതി അംഗങ്ങളും തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ ദാരിദ്ര്യം മൂലം വിശപ്പ് അനുഭവിക്കുന്നതായി വെളിപ്പെടുത്തി. തന്റെ ക്ലാസില്‍ വിശപ്പും ദാഹവും സഹിച്ച് കുട്ടികള്‍ എത്തുന്നതായി ഒരു ടീച്ചര്‍ രേഖപ്പെടുത്തി. രണ്ട് ദിവസം ഭക്ഷണം കഴിക്കാത്തതും, രാവിലെ ഭക്ഷണം കഴിച്ചില്ലെന്നും രാത്രി ഭക്ഷണത്തിന് പണമില്ലാത്തതുമായ കാര്യങ്ങള്‍ ചില കുട്ടികള്‍ പറയാറുണ്ട്. എന്നാല്‍ സ്‌കൂളിലെ ഫ്രീ മീല്‍സില്‍ ഉള്‍പ്പെടാത്തവരാണ് ഇവര്‍. വെട്ടിച്ചുരുക്കല്‍ പദ്ധതികളില്‍ മനുഷ്യന്റെ അവസ്ഥ പരിഗണിക്കാതെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് യൂണിയന്‍ ജനറല്‍ സെക്രട്ടറി മേരി ബൗസ്റ്റെഡ് കുറ്റപ്പെടുത്തി. 

ചില കുട്ടികള്‍ക്ക് സഹായം വേണമെന്ന കാര്യം കുട്ടികള്‍ക്കും, കുടുംബത്തിനുമുള്ള മന്ത്രി നാദിം സഹാവി സമ്മതിച്ചു. നിലവില്‍ മോശം അവസ്ഥയുള്ള ഒരു മില്ല്യണ്‍ കുട്ടികള്‍ക്കാണ് സൗജന്യ സ്‌കൂള്‍ മീല്‍സ് പ്രോഗ്രാമിന്റെ ഗുണം ലഭിക്കുന്നത്. സ്‌കൂളില്‍ പോകുമ്പോള്‍ ഭക്ഷണത്തിന് രുചി പോരെന്നും വിഭവങ്ങള്‍ പോരെന്നും പരാതി പറയുന്ന നമ്മുടെ കുട്ടികള്‍ അടുത്തിരിക്കുന്ന സഹപാഠികള്‍ക്ക് ഒരു നേരത്തെ ഭക്ഷണം കഴിക്കാന്‍ കഴിയുന്നില്ലെന്ന കഥ കൂടി അറിയണം. 

 

 




കൂടുതല്‍വാര്‍ത്തകള്‍.