Breaking Now

തെരേസ മേയ് ടോറി നേതൃസ്ഥാനത്ത് നിന്ന് ഔദ്യോഗികമായി പിന്‍വാങ്ങി; ഇനി പിന്‍ഗാമിയെ തെരഞ്ഞെടുക്കാനുള്ള തീപാറുന്ന പോരാട്ടം; ആയുധങ്ങളുടെ മൂര്‍ച്ച കൂട്ടി എതിരാളികള്‍; ജൂലൈ 22 വരെ മെയ് പ്രധാനമന്ത്രി സ്ഥാനത്ത് തുടരും

മേയ് ഔദ്യോഗികമായി രാജിവെച്ചതോടെ ജൂലൈ 22നുള്ളില്‍ പുതിയ നേതാവിനെ കണ്ടെത്താനുള്ള ഉദ്യമത്തിലാണ് 1922 കമ്മിറ്റി

ഒടുവില്‍ തെരേസ മേയ് ടോറി പാര്‍ട്ടി നേതൃസ്ഥാനത്ത് നിന്ന് ഔദ്യോഗികമായി പിന്‍വാങ്ങി. ബ്രക്‌സിറ്റ് നടപ്പാക്കാന്‍ ചുമതലയേറ്റെടുത്ത് പ്രധാനമന്ത്രിയായ മേയ്ക്ക് ഇതില്‍ വിജയിക്കാന്‍ കഴിയാതെ വരികയും, പാര്‍ട്ടിയില്‍ ഉള്‍പ്പോര് രൂക്ഷമായി വോട്ടര്‍മാരില്‍ നിന്നും തിരിച്ചടി കൂടി നേരിടുന്ന സാഹചര്യത്തിലാണ് മേയ് പോരാട്ടം അവസാനിപ്പിക്കുന്നത്. ഇതോടെ പുതിയ നേതാവിനെ കണ്ടെത്താനുള്ള പിന്‍ഗാമികളുടെ പോരാട്ടത്തിനാണ് അരങ്ങൊരുങ്ങിയത്. 

1922 കമ്മിറ്റിക്കാണ് പ്രധാനമന്ത്രി തന്റെ ഔദ്യോഗിക രാജിക്കത്ത് നല്‍കിയത്. ഇതിന് തൊട്ടുപിന്നാലെ പ്രഖ്യാപനം നടത്തിയ പാര്‍ട്ടി തിങ്കളാഴ്ച മുതല്‍ നേതൃസ്ഥാനത്തിനുള്ള നോമിനേഷന്‍ സ്വീകരിക്കുമെന്നും അറിയിച്ചു. ഡൗണിംഗ് സ്ട്രീറ്റില്‍ മേയ്ക്ക് പകരം ഇടംനേടാന്‍ 11 പേരാണ് ഇതുവരെ താല്‍പര്യം അറിയിച്ചിരിക്കുന്നത്. എന്നാല്‍ ചുരുങ്ങിയത് എട്ട് എംപിമാരുടെ പിന്തുണ ലഭിച്ചെങ്കില്‍ മാത്രമാകും കലാശപോരാട്ടത്തിന് ഇറങ്ങാന്‍ സാധിക്കൂ. 

നം.10-ല്‍ നിന്നും ചിരിയോടെയാണ് തെരേസ മേയ് മടങ്ങിയത്. കഴിഞ്ഞ ആഴ്ച കണ്ണീരോടെയാണ് രാജ്യത്തെയും, പാര്‍ട്ടിയെയും ഒരുമിപ്പിച്ച് കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ലെന്ന് അവര്‍ പ്രഖ്യാപിച്ചത്. ഇതിന്റെ കുറ്റബോധം എന്നും മനസ്സില്‍ സൂക്ഷിക്കുമെന്നും പറഞ്ഞാണ് താന്‍ രാജിവെയ്ക്കുന്ന തീയതി മേയ് സ്ഥിരീകരിച്ചത്. മേയ് ഔദ്യോഗികമായി രാജിവെച്ചതോടെ ജൂലൈ 22നുള്ളില്‍ പുതിയ നേതാവിനെ കണ്ടെത്താനുള്ള ഉദ്യമത്തിലാണ് 1922 കമ്മിറ്റി. ഈ നേതാവാകും പുതിയ പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത്. 

പീറ്റര്‍ബറോ ഇടക്കാല തെരഞ്ഞെടുപ്പില്‍ ടോറികളെ ഞെട്ടിച്ച് കൊണ്ട് ലേബര്‍ നേതാവ് ലിസ ഫോര്‍ബ്‌സ് വിജയിച്ചെന്ന പ്രഖ്യാപനത്തിനിടെയാണ് മേയുടെ രാജി. ബ്രക്‌സിറ്റ് പാര്‍ട്ടിയും, കണ്‍സര്‍വേറ്റീവുകളുടെ വോട്ടും വിഘടിക്കുന്നത് ലേബറുകാരെ വിജയിപ്പിക്കുന്ന മുന്നറിയിപ്പാണ് ഈ വിജയം സമ്മാനിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.