Breaking Now

ഹോട്ടല്‍ റൂമും പൂജയും ബുക്ക് ചെയ്തത് ബാലഭാസ്‌കര്‍ തന്നെ ; യാത്ര ആരുടേയും പ്രേരണയോടെയല്ലെന്ന് വ്യക്തം

തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ പൂജ കഴിഞ്ഞ് മടങ്ങവേയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്

ബാലഭാസ്‌കറിന്റെ അപകടത്തെ കുറിച്ച് വിശദമായ അന്വേഷണത്തിലാണ് പോലീസ്. രാത്രിയില്‍ യാത്ര ചെയ്യാന്‍ തീരുമാനിച്ചത് പെട്ടെന്ന് അല്ലെന്നു വ്യക്തമായി. ഹോട്ടല്‍ റൂം ബുക്ക് ചെയ്തപ്പോള്‍ തന്നെ രാത്രി താമസിക്കില്ലെന്ന് ബാലഭാസ്‌കര്‍ പറഞ്ഞിരുന്നതായി ക്രൈംബ്രാഞ്ചിന് തെളിവ് ലഭിച്ചു. തൃശൂരില്‍ നടത്തിയ പൂജ ബുക്ക് ചെയ്തതും ബാലഭാസ്‌കര്‍ തന്നെയാണ്.

തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ പൂജ കഴിഞ്ഞ് മടങ്ങവേയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. രാത്രി വൈകിയുള്ള യാത്ര പെട്ടെന്ന് തീരുമാനിച്ചതില്‍ ദുരൂഹതയുണ്ടെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് വ്യക്തമായി. തൃശൂരിലേക്ക് പോകുമ്പോള്‍ തന്നെ താമസിക്കാനുള്ള ഹോട്ടല്‍ ബാലഭാസ്‌കര്‍ ബുക്ക് ചെയ്തിരുന്നു. പകല്‍ മാത്രമേ റൂമിലുണ്ടാവുവെന്നും രാത്രി തിരിച്ചുപോകുമെന്നും ബുക്ക് ചെയ്തപ്പോള്‍ തന്നെ പറഞ്ഞതായി ഹോട്ടലിലുള്ളവര്‍ മൊഴി നല്‍കി. ഒരു ദിവസത്തെ വാടകയില്‍ ഇളവ് ചെയ്താണ് ബില്ലടച്ചിരിക്കുന്നത്. രാത്രിയാത്ര പെട്ടെന്നെടുത്ത തീരുമാനമല്ലെന്നും വ്യക്തമായി.

മൂന്നുദിവസത്തെ പൂജയാണെങ്കിലും അവസാന ദിവസമാണ് ബാലുവിന്റെ കുടുംബം പൂജയില്‍ പങ്കെടുത്തത്. പൂന്തോട്ടം ആയുര്‍വേദാശ്രമത്തിലെ ഡോക്ടറും ഭാര്യയും കൂടെയുണ്ടായിരുന്നു. പോലീസ് കൂടുതല്‍ തെളിവെടുപ്പുകള്‍ നടത്തിവരികയാണ്.




കൂടുതല്‍വാര്‍ത്തകള്‍.