Breaking Now

പുതിയ വീട്ടില്‍ സ്‌ന്തോഷത്തിന്റെ ആയുസ്സ് നീണ്ടില്ല; ഭര്‍ത്താവിനെയും, മക്കളെയും വിട്ടകന്നുപോയ മലയാളി നഴ്‌സ് മിനിയ്ക്ക് നാളെ യുകെ മലയാളികള്‍ കണ്ണീരില്‍ കുതിര്‍ന്ന യാത്രയയപ്പ് നല്‍കും

ഉച്ചയ്ക്ക് 12.30ന് സ്വിന്‍ഡണ്‍ കിംഗ്‌സ്ഡൗണ്‍ ക്രീമേറ്റോറിയത്തില്‍ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കും

വര്‍ഷങ്ങളായുള്ള ആഗ്രഹങ്ങള്‍ക്കും, അധ്വാനത്തിനും ഒടുവില്‍ സ്വന്തമാക്കിയ വീട്ടില്‍ താമസിച്ച് കൊതിതീരും മുന്‍പ് മരണം മിനിയെ തട്ടിയെടുത്തപ്പോള്‍ മക്കളും, ഭര്‍ത്താവും അടങ്ങുന്ന ആ കുടുംബം വീട്ടില്‍ അക്ഷരാര്‍ത്ഥത്തില്‍ ഒറ്റയ്ക്കാണ്. പുതിയ വീട്ടില്‍ നിറഞ്ഞ സന്തോഷത്തിന്റെ അന്തരീക്ഷം ആഴ്ചകളുടെ വ്യത്യാസത്തിലാണ് ദുഃഖത്തിലേക്കും ഒടുവില്‍ മൂകതയിലേക്കും വഴുതിവീണത്. ക്യാന്‍സര്‍ രോഗം തിരിച്ചറിഞ്ഞ് രണ്ടാഴ്ച തികയുന്നതിന് മുന്‍പാണ് സ്വിന്‍ഡണിലെ മലയാളി നഴ്‌സ് മിറിയം സ്റ്റീഫന്‍ വിടവാങ്ങിയത്. മിനി എന്ന് സ്‌നേഹത്തോടെ വിളിക്കപ്പെടുന്ന മിറിയത്തിന്റെ സംസ്‌കാരചടങ്ങുകള്‍ നാളെ സ്വിന്‍ഡണില്‍ നടത്തും. 

രാവിലെ 10 മുതല്‍ 12 വരെ സിന്‍ഡണ്‍ സൂപ്പര്‍മറൈന്‍ റോഡിലെ സൂപ്പര്‍മറൈന്‍ സ്‌പോര്‍ട്‌സ് & സോഷ്യല്‍ ക്ലബില്‍ ഫ്യൂണറല്‍ സര്‍വ്വീസ് നടക്കും. മിനിയുടെയും, സ്റ്റീഫന്റെയും അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളും ഇവിടെ അന്ത്യയാത്രയില്‍ ഒപ്പംചേരും. ഉച്ചയ്ക്ക് 12.30ന് സ്വിന്‍ഡണ്‍ കിംഗ്‌സ്ഡൗണ്‍ ക്രീമേറ്റോറിയത്തില്‍ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കും. ഫ്യൂണറല്‍ സര്‍വ്വീസ് നടക്കുന്ന സൂപ്പര്‍മറൈന്‍ സ്‌പോര്‍ട്‌സ് & സോഷ്യല്‍ ക്ലബിലാണ് ചായ ഏര്‍പ്പാടാക്കിയിട്ടുള്ളതെന്ന് കുടുംബത്തിന്റെ എല്ലാ കാര്യങ്ങളിലും പിന്തുണയുമായി ഒപ്പമുള്ള വില്‍റ്റ്ഷയര്‍ മലയാളി അസോസിയേഷന്‍ അറിയിച്ചു. 

വര്‍ഷങ്ങളായി സ്വിന്‍ഡണില്‍ താമസിച്ച് വരുന്ന കുടുംബത്തിന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു സ്വന്തമായൊരു വീട്. യുകെയില്‍ തങ്ങളുടെ ആ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ആ കുടുംബത്തിന്റെ അധ്വാനം കൊണ്ട് സാധിക്കുകയും ചെയ്തു. പുതിയ വീട്ടിലേക്ക് താമസം മാറി രണ്ട് മാസം പിന്നിടുമ്പോഴാണ് ഇടിത്തീ പോലെ ആ വാര്‍ത്ത അവരുടെ സന്തോഷത്തിന്റെ താളം തെറ്റിക്കുന്നത്. സ്വിന്‍ഡണ്‍ ഗ്രേറ്റ് വെസ്‌റ്റേണ്‍ ആശുപത്രിയില്‍ റെസ്പിറേറ്ററി സ്‌പെഷ്യലിസ്റ്റി നഴ്‌സായി ജോലി ചെയ്യുകയായിരുന്ന മിനിക്ക് പെട്ടെന്നുണ്ടായ വയറുവേദനയില്‍ ചികിത്സ തേടിയപ്പോഴായിരുന്നു ആ ആഘാതമുണ്ടായത്. 

ബ്രസ്റ്റ് ക്യാന്‍സര്‍ രൂപപ്പെട്ട് ശരീരത്തില്‍ വലിയൊരളവില്‍ പടര്‍ന്നതായി തിരിച്ചറിഞ്ഞ് ആഴ്ചകളുടെ വ്യത്യാസത്തില്‍ മരണം മിനിയെ കവരുകയായിരുന്നു. എല്ലാ അര്‍ത്ഥത്തില്‍ കുടുംബത്തിന്റെ അത്താണിയായിരുന്ന മിനിയുടെ അകാലത്തിലുള്ള വേര്‍പാട് കുടുംബത്തെ പാടെ തകര്‍ത്തുകളഞ്ഞു. ഭര്‍ത്താവ് സ്റ്റീഫന്‍ ഇമ്മാനുവലിനും, മക്കളായ അക്‌സ, എബി എന്നിവര്‍ക്കും വില്‍റ്റ്ഷയര്‍ മലയാളി അസോസിയേഷനായ പിന്തുണ നല്‍കുന്നത്. കഠിനമായ വ്യഥയിലൂടെ കടന്നുപോകുന്ന ഇവര്‍ക്ക് സാമ്പത്തികമായ പിന്തുണയും അസോസിയേഷന്‍ നല്‍കുന്നുണ്ട്. 

ചിങ്ങവനം പാമ്പാടി സ്വദേശിനിയായ മിനി ഒടുവില്‍ ബ്രിട്ടനില്‍ സ്വിന്‍ഡണിലെ മണ്ണില്‍ അലിഞ്ഞ് ചേരുകയാണ്. കുടുംബത്തിന്റെയും, പ്രിയപ്പെട്ടവരുടെയും, സുഹൃത്തുക്കളുടെയും മനസ്സുകളില്‍ നോവിന്റെ നനവ് പടര്‍ത്തിയാണ് ആ യാത്ര. 

മിനിയുടെ അന്ത്യസംസ്‌കാര ചടങ്ങുകളില്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക: സോണി കാച്ചപ്പിള്ളി: 07979 830735

വാര്‍ത്ത: രാജേഷ് നടേപ്പളളി, മീഡിയ റെപ് , വില്‍റ്റ്ഷയര്‍ മലയാളി അസോസിയേഷന്‍
കൂടുതല്‍വാര്‍ത്തകള്‍.