നുസ്രത് ജഹാനും മിമി ചക്രവര്‍ത്തിയും ലോക്‌സഭാ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച ഇവര്‍ മറ്റ് അംഗങ്ങള്‍ക്കൊപ്പം ചുമതലയേറ്റിരുന്നില്ല. ലോക്‌സഭ തെരഞ്ഞെടുപ്പിലെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളായിരുന്ന ഇരുവരും സിനിമാ താരങ്ങളുമാണ്.
ജൂണ്‍ 19 നായിരുന്നു ബിസിനസുകാരനായ നിഖില്‍ ജെയിനുമായുള്ള നുസ്രത് ജഹാന്റെ വിവാഹം. തുര്‍ക്കിയില്‍ വച്ചു നടന്ന വിവാഹ ഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അടുത്ത സുഹൃത്തായ മിമിയും പോയിരുന്നു.
അതിനാല് കന്നി എംപിമാര്‍ പാര്‍ലമെന്റിന്റെ ആദ്യ സമ്മേളനത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റിരുന്നില്ല. തുടര്‍ന്നാണ് ഇന്ന് രാവിലെ ഇരുവരും സത്യപ്രതിജ്ഞ ചെയ്തത്. ബംഗാളി ഭാഷയിലായിരുന്നു രണ്ടു പേരും സത്യപ്രതിജ്ഞ ചെയ്തത്. പിന്നീട് സ്പീക്കറുടെ കാല്‍ തൊട്ട് ആശിര്‍വാദവും വാങ്ങി.