CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 35 Minutes 1 Seconds Ago
Breaking Now

'ഇംഗ്ലണ്ടിലെ നസ്രത്ത്' വാല്‍സിംഗ്ഹാമിന് നാളെ മലയാണ്മയുടെ ആദരം: ആയിരങ്ങളെത്തുന്ന തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികന്‍

വാല്‍സിംഗ്ഹാം: മരിയഭക്തിക്കും പള്ളിപ്പെരുന്നാളുകള്‍ക്കും പുകള്‍പെറ്റ കേരളത്തില്‍നിന്നും യുകെയിലേക്കു കുടിയേറിയവര്‍ക്കു ഗൃഹാതുരത്വത്തിന്റെ തിരുനാളോര്‍മ്മകള്‍ അയവിറക്കാനും ദൈവമാതൃഭക്തിയുടെ വാത്സല്യം നുകരാനുമായി ഒരു അനുഗ്രഹീതദിനം. ഗ്രേറ്റ്  ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ആത്മീയനേതൃത്വത്തില്‍ നടത്തപ്പെടുന്ന മൂന്നാം 'വാല്‍സിംഗ്ഹാം തീര്‍ത്ഥാടനതിരുനാള്‍' നാളെ ശനിയാഴ്ച നടക്കും. രാവിലെ ഒന്‍പതു മണി മുതല്‍ ആരംഭിക്കുന്ന തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനാകും. രൂപതയില്‍ ശുശ്രുഷ ചെയ്യുന്ന വികാരി ജനറാള്‍മാര്‍, മറ്റു വൈദികര്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരിക്കും. 

രാവിലെ ഒന്‍പതു മുതല്‍ പതിനൊന്നു വരെ നടക്കുന്ന ആരാധനാസ്തുതിഗീതശുശ്രുഷയ്ക്ക് റെവ. ഫാ. ജോസ് അന്ത്യാംകുളം എംസിബിഎസ്, റെവ. ഫാ. ടോമി എടാട്ട് എന്നിവര്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് കുട്ടികളുടെ അടിമവയ്ക്കല്‍ ശുശ്രുഷ നടക്കും. 11: 00 മണിക്ക് റെവ. ഫാ. തോമസ് അരത്തില്‍ MST മരിയന്‍ പ്രഭാഷണം നടത്തും. ഉച്ചഭക്ഷണത്തിനുശേഷം 12.45 ന്  പ്രസിദ്ധമായ മരിയന്‍ പ്രദക്ഷിണം ആരംഭിക്കും. പ്രദക്ഷിണത്തില്‍ ഭക്തിസാന്ദ്രമായി അര്‍പ്പിക്കപ്പെടുന്ന ജപമാലപ്രാര്‍ത്ഥനയില്‍ വിശ്വാസികള്‍ പങ്കുചേരും. തുടര്‍ന്ന് നടക്കുന്ന തിരുനാള്‍ പൊന്തിഫിക്കല്‍ കുര്‍ബാനയില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു വചന സന്ദേശം നല്‍കും. 

വി.  കുര്‍ബാനയുടെ സമാപനത്തില്‍ അടുത്ത വര്‍ഷത്തെ തിരുനാള്‍ ഏറ്റു നടത്തുന്ന ഹേവര്‍ഹില്‍ കമ്മ്യൂണിറ്റിയെയും പ്രീസ്‌റ് ഇന്‍ ചാര്‍ജ് റെവ. ഫാ. തോമസ് പാറക്കണ്ടത്തിലിനെയും തിരുനാള്‍ ഏല്‍പ്പിക്കുന്ന പ്രാര്‍ത്ഥനാശുശ്രുഷകള്‍ നടക്കും. തുടര്‍ന്ന് നടക്കുന്ന സമാപന പ്രാര്ഥനകളോടും ആശീര്‍വാദത്തോടുംകൂടി ഈ വര്‍ഷത്തെ തിരുനാളിനു സമാപനമാകും. 

തിരുനാള്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി, ഈ വര്‍ഷം തിരുനാള്‍ ഏറ്റു നടത്തുന്ന കോള്‍ചെസ്റ്റര്‍ കമ്മ്യൂണിറ്റിയുടെ ഡയറക്ടര്‍ റെവ. ഫാ. തോമസ് പാറക്കണ്ടത്തില്‍, തിരുനാള്‍ പ്രസുദേന്തിമാര്‍ എന്നിവര്‍ അറിയിച്ചു. വിപുലമായ ഭക്ഷണസൗകര്യവും പാര്‍ക്കിങ് സൗകര്യവും പ്രാഥമികആവശ്യങ്ങള്‍ക്കുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുനാളില്‍ പങ്കെടുക്കാന്‍ വരുന്ന ബഹു. വൈദികര്‍ തങ്ങളുടെ തിരുവസ്ത്രങ്ങള്‍ കൊണ്ടുവരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. തിരുക്കര്‍മ്മങ്ങള്‍ക്ക് രൂപത ഗായകസംഘം ഡയറക്ടര്‍ റെവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലായുടെ നേതൃത്വത്തിലുള്ള ഗായകസംഘം ഗാനങ്ങള്‍ ആലപിക്കും. തിരുനാളില്‍ പങ്കെടുക്കുവാനും അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും ഏവരെയും സ്‌നേഹത്തോടെ ക്ഷണിക്കുന്നു. 

ഫാ.ബിജു കുന്നയ്ക്കാട്ട് 




കൂടുതല്‍വാര്‍ത്തകള്‍.