CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 43 Minutes 20 Seconds Ago
Breaking Now

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് ഓയില്‍ ടാങ്കറിലെ 23 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാര്‍; മത്സ്യബന്ധന ബോട്ടില്‍ ഇടിച്ചതില്‍ അന്വേഷണം കഴിയും വരെ കപ്പല്‍ പിടിച്ചിടും

അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ കപ്പലും, ഇതിലെ 23 ജീവനക്കാരും പോര്‍ട്ടില്‍ തുടരും

ബ്രിട്ടീഷ് പതാക വഹിച്ച ഓയില്‍ ടാങ്കര്‍ ഇറാന്‍ പിടിച്ചെടുത്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഹോര്‍മുസ് സ്‌ട്രെയ്റ്റില്‍ വെച്ച് പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലില്‍ ഇറാനിലെ ബന്തര്‍ അബ്ബാസ് പോര്‍ട്ടിലേക്കാണ് കൊണ്ടുപോയത്. ഒരു ഇറാനിയന്‍ മത്സ്യബന്ധന ബോട്ടില്‍ സ്‌റ്റെനാ ഇംപെറോ ഇടിച്ചെന്നാണ് ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. 

മത്സ്യബന്ധന ബോട്ട് അപകടം നടന്നെന്ന് സൂചന നല്‍കിയെങ്കിലും ബ്രിട്ടീഷ് കപ്പല്‍ പ്രതികരിച്ചില്ലെന്നാണ് ഏജന്‍സി വ്യക്തമാക്കുന്നത്. ഇതോടെയാണ് ഇറാന്‍ കപ്പല്‍ പിടിച്ചെടുത്തത്. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ കപ്പലും, ഇതിലെ 23 ജീവനക്കാരും പോര്‍ട്ടില്‍ തുടരും. ജീവനക്കാരില്‍ 18 പേര്‍ ഇന്ത്യന്‍ പൗരന്‍മാരും, അഞ്ച് പേര്‍ മറ്റ് പൗരത്വം ഉള്ളവരുമാണെന്ന് പോര്‍ട്‌സ് & മാരിടൈം ഓര്‍ഗനൈസേഷന്‍ മേധാവി അള്ളാമൊറാദ് അഫിഫിപോര്‍ പറഞ്ഞു. 

അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള നിബന്ധനകളെല്ലാം പാലിച്ചെന്നാണ് കപ്പലിന്റെ ഓപ്പറേറ്റര്‍ സ്റ്റെനാ ബള്‍ക് അവകാശപ്പെടുന്നത്. എന്നാല്‍ ബ്രിട്ടന്‍ ഇറാന് തിരിച്ചടി നല്‍കുമെന്ന തരത്തിലാണ് ഫോറിന്‍ സെക്രട്ടറി ജെറമി ഹണ്ട് പ്രതികരിച്ചത്. സൗദി അറേബ്യന്‍ തീരത്തേക്ക് യാത്ര ചെയ്യുകയായിരുന്നു കപ്പല്‍. 

ഇറാന്റെ ഗ്രേസ് 1 ടാങ്കര്‍ ജിബ്രാള്‍ട്ടറില്‍ വെച്ച് ബ്രിട്ടീഷ് നേവി പിടിച്ചെടുത്തതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സംഘര്‍ഷത്തിലേക്ക് നീങ്ങിയിരുന്നു. സിറിയയ്ക്ക് ഇയു ഉപരോധം ലംഘിച്ച് എണ്ണ കള്ളക്കടത്ത് നടത്തി എത്തിച്ചെന്ന സംശയത്തിലായിരുന്നു ഈ പിടിച്ചെടുക്കല്‍. എത്രയും പെട്ടെന്ന് പരിഹാരം കണ്ടില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമെന്ന ഹണ്ടിന്റെ മുന്നറിയിപ്പിനിടെയാണ് ഇറാന്റെ വിശദീകരണം. 

 

 




കൂടുതല്‍വാര്‍ത്തകള്‍.