Breaking Now

ഈ വള ഒരൊന്നൊന്നര വളയാണ്! സ്ത്രീ സുരക്ഷയ്ക്ക് ഷോക്കടിപ്പിക്കുന്ന വളയുമായി ഹൈദരാബാദുകാരന്‍; അക്രമികളെ ഷോക്കടിപ്പിക്കും, സന്ദേശവും ലൊക്കേഷനും ലൈവായി ബന്ധുക്കള്‍ക്കും, പോലീസിനും കിട്ടും!

ഈ ഡിവൈസ് അണിയുന്ന സ്ത്രീകള്‍ കൈകള്‍ ഒരു പ്രത്യേക രീതിയില്‍ ചലിപ്പിക്കുമ്പോഴാണ് ആക്ടിവേറ്റ് ചെയ്യപ്പെടുന്നത്

സ്ത്രീസുരക്ഷയ്ക്ക് പെപ്പര്‍ സ്‌പ്രേയും, സേഫ്റ്റി പിന്നും മതിയാകാതെ പോകുന്ന ഇക്കാലത്ത് ഒരു സ്മാര്‍ട്ട് വള വികസിപ്പിച്ച് ഹൈദരാബാദുകാരന്‍. സ്ത്രീസുരക്ഷയ്ക്ക് അനുയോജ്യമായ തരത്തിലാണ് സ്മാര്‍ട്ട് വളയുമായി ഈ യുവാവ് എത്തുന്നത്. 23-കാരനായ ഗഡി ഹരീഷ് സുഹൃത്ത് സായി തേജിനൊപ്പം ചേര്‍ന്നാണ് ഈ വള വികസിപ്പിച്ചത്. 

ഷോക്കടിപ്പിക്കുന്ന ഈ വള ബന്ധുക്കള്‍ക്കും, പോലീസിനും അപകടവിവരം എത്തിക്കുകയും ചെയ്യും. 'സെല്‍ഫ് സെക്യൂരിറ്റി ബാംഗിള്‍' എന്നുപേരിട്ട ഈ ഡിവൈസ് അണിയുന്ന സ്ത്രീകള്‍ കൈകള്‍ ഒരു പ്രത്യേക രീതിയില്‍ ചലിപ്പിക്കുമ്പോഴാണ് ആക്ടിവേറ്റ് ചെയ്യപ്പെടുന്നത്. ഈ ചലനത്തോടെ സ്ത്രീകളെ കടന്നുപിടിക്കുന്നവരിലേക്ക് ഇലക്ട്രിക്ക് ഷോക്ക് നല്‍കും. 

ഇതോടൊപ്പമാണ് ലൈവ് ലൊക്കേഷനും, അപകട വിവരവും ബന്ധുക്കളെയും, അടുത്തുള്ള പോലീസ് സ്‌റ്റേഷനുകളിലേക്കും കൈമാറുന്നത്. നിലവില്‍ സ്ത്രീ സുരക്ഷയ്ക്ക് ലഭ്യമാക്കുന്ന ഡിവൈസുകളില്‍ നിന്നും വ്യത്യസ്തമാണ് തങ്ങളുടെ സ്മാര്‍ട്ട് വളയെന്ന് ഹരീഷ് പറയുന്നു. ലൈംഗിക പീഡനങ്ങളും, സ്ത്രീകളെ കാണാതെ പോകുന്ന വാര്‍ത്തകളും പെരുകിയതോടെയാണ് ഈ പദ്ധതിയുമായി മുന്നോട്ട് വന്നതെന്ന് യുവാവ് കൂട്ടിച്ചേര്‍ക്കുന്നു. 

സ്മാര്‍ട്ട് വളയുടെ ആദ്യ രൂപം വികസിപ്പിച്ചതോടെ പദ്ധതി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ സഹായം തേടുകയാണ് ഈ 23-കാരന്‍. സ്ത്രീകളുടെ സഹായത്തിന് ഈ വള വിപണിയില്‍ എത്തിക്കുകയാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം.  




കൂടുതല്‍വാര്‍ത്തകള്‍.