സ്പെയ്നിലെ വലന്‍സിയയില്‍ ഉത്സവത്തിനിടെ വിരണ്ടോടിയ കാള യുവാവിനെ കൊമ്പില്‍ തൂക്കിയെറിഞ്ഞു. ഫ്രാന്‍സില്‍ നിന്ന് ഉത്സവം കാണാനെത്തിയ യുവാവാണ് കാളയുടെ ആക്രമണത്തിന് ഇരയായത്. ഇയാള്‍ അത്ഭുതതകരമായി രക്ഷപ്പെട്ടു. കേല്‍പ് നഗരത്തില്‍ ആഗസ്ത് ആറു മുതല്‍ 11 വരെ നടക്കുന്ന ബൗസ് അല്‍ കാറീര്‍ ഉത്സവത്തിന്റെ ഇടയിലാണ് സംഭവം.
ഉത്സവത്തിന്റെ ഭാഗമായി ഒരാള്‍ നീളന്‍ വടി കൊണ്ട് കാളയെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ വിരണ്ട കാള തിരഞ്ഞ് തെരുവിലൂടെ ഓടി. കാഴ്ചക്കാര്‍ക്ക് സുരക്ഷിതമായി നില്ക്കാന് തയ്യാറാക്കിയ സ്റ്റാന്‍ഡിന് വെളിയിലാണ് യുവാവ് നിന്നിരുന്നത്. പാഞ്ഞെത്തിയ കാള ഇയാളെ കൊമ്പില്‍ തൂക്കിയെറിഞ്ഞു.
വായുവില്‍ പൊങ്ങി നിലത്തു വീണ യുവാവിന് ഗുരുതരമായ പരിക്കേറ്റു. ഉടനെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എല്ലുകള്‍ക്ക് പൊട്ടലില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട് .