CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Minutes 9 Seconds Ago
Breaking Now

കുടിയേറ്റക്കാരെ നാടുകടത്താന്‍ ഹോം ഓഫീസിന് വെറും 72 മണിക്കൂര്‍ നോട്ടീസ് മതി; സംഗതി നിയമവിധേയമെന്ന് വിധിച്ച് ഹൈക്കോടതി; പ്രീതി പട്ടേലിന്റെ ഹോം ഓഫീസ് കുടിയേറ്റക്കാരെ ആട്ടിയോടിക്കുമോ?

ഹോം ഓഫീസ് തീരുമാനങ്ങള്‍ക്ക് എതിരെ കോടതിയെ സമീപിക്കാനുള്ള അവകാശം വെട്ടിക്കുറച്ചിട്ടുണ്ടെന്ന് ജസ്റ്റിസ്

ജീവിതം കരുപ്പിടിപ്പിച്ച് വരുമ്പോള്‍ 72 മണിക്കൂര്‍ കൊണ്ട് രാജ്യം വിട്ടുപോകാന്‍ ഹോം ഓഫീസ് നോട്ടീസ് ലഭിക്കുന്ന അവസ്ഥയെക്കുറിച്ച് ചിന്തിച്ച് നോക്കൂ! അതുവരെ സ്വരുക്കൂട്ടിയതെല്ലാം ഇട്ടെറിഞ്ഞ് നാടുകടത്തലിന് വിധേയമാകേണ്ടി വരുമ്പോള്‍ കുടിയേറ്റക്കാരാണ് അരക്ഷിതാവസ്ഥ നേരിടുക. 72 മണിക്കൂര്‍ മാത്രം നോട്ടീസ് നല്‍കി കുടിയേറ്റക്കാരെ നാടുകടത്താനുള്ള ഹോം ഓഫീസ് നയം നിയമപരമാണെന്ന് വിധിച്ച് ഹൈക്കോടതിയും ഒപ്പം ചേര്‍ന്നതോടെ പക്ഷം പിടിക്കാന്‍ ആളില്ലാത്ത അവസ്ഥയിലാണ് ബ്രിട്ടനിലെ കുടിയേറ്റക്കാര്‍. 

റിമൂവല്‍ നോട്ടീസ് വിന്‍ഡോ പോളിസിയെ വെല്ലുവിളിച്ച് ക്യാംപെയിന്‍ ഗ്രൂപ്പായ മെഡിക്കല്‍ ജസ്റ്റിസാണ് കോടതിയെ സമീപിച്ചത്. സ്വന്തമായി ഒരു വക്കീലിനെ തരപ്പെടുത്തി നാടുകടത്തല്‍ നോട്ടീസിന് എതിരെ നീങ്ങാന്‍ പോലും കുടിയേറ്റക്കാര്‍ക്ക് സമയം കിട്ടില്ലെന്ന് അവര്‍ വാദിച്ചു. ഹോം ഓഫീസ് തീരുമാനങ്ങള്‍ക്ക് എതിരെ കോടതിയെ സമീപിക്കാനുള്ള അവകാശം വെട്ടിക്കുറച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് ഫ്രീഡ്മാന്‍ വ്യക്തമാക്കി. 

പക്ഷെ നീതിന്യായ വ്യവസ്ഥയിലേക്കുള്ള പ്രവേശനം തടയുകയല്ല ഇതിന്റെ ഉദ്ദേശമെന്നും കോടതി നിലപാട് സ്വീകരിച്ചു. പകരം കൃത്യമായി പ്രവര്‍ത്തിക്കുന്ന ഒരു ഇമിഗ്രേഷന്‍ സിസ്റ്റം ഫലപ്രദമായി നടപ്പാക്കുകയാണ് ഉദ്ദേശം. നീതിന്യായ വ്യവസ്ഥ പ്രയോജനം ചെയ്യുന്നതിന്റെ അര്‍ത്ഥം എന്താണെന്ന ചോദ്യവും ഉയരുന്നു. ഏത് സമയത്തും കോടതിയെ സമീപിക്കാമെന്ന് ഇതിന് അര്‍ത്ഥമില്ല, ജസ്റ്റിസ് പറഞ്ഞു. 

കൂടാതെ നയങ്ങളെ സംരക്ഷിക്കാന്‍ നിരവധി അവകാശങ്ങളും ഹോം ഓഫീസ് ഉള്‍പ്പെടുത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി നയം ശരിവെച്ചത്. വിധിക്കെതിരെ അപ്പീല്‍ പോകാന്‍ മെഡിക്കല്‍ ജസ്റ്റിസിന് അനുമതി നല്‍കിയിട്ടുണ്ട്. പ്രീതി പട്ടേല്‍ നയിക്കുന്ന ഹോം ഓഫീസില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന വീഴ്ചകളാണ് ബ്രിട്ടനെ കുടിയേറ്റ വിരുദ്ധമായി ചിത്രീകരിക്കാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ഹോം സെക്രട്ടറിക്ക് കഴിയണമെന്നും വിമര്‍ശകര്‍ ആവശ്യപ്പെടുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.