CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 45 Seconds Ago
Breaking Now

മുത്തലാഖ് ചൊല്ലി ബന്ധമുപേക്ഷിച്ച ശേഷം മറ്റൊരു വിവാഹം കഴിച്ചു ; കോഴിക്കോട് സ്വദേശിയ്‌ക്കെതിരെ പോലീസ് കേസെടുത്തു

ജീവനാംശം പോലും നല്‍കാതെ തന്നെയും അഞ്ചും രണ്ടും വയസ്സ് പ്രായമുള്ള മക്കളെയും വീട്ടില്‍ നിന്ന് ഇറക്കിവിട്ടതിനെതിരെയാണു താന്‍ സമരം ചെയ്യുന്നതെന്ന് ഫാത്തിമ പറഞ്ഞു.

ഭാര്യയെയും രണ്ടു കുഞ്ഞുങ്ങളെയും മുത്വലാഖ് ചൊല്ലി ഉപേക്ഷിച്ച കോഴിക്കോട് നാദാപുരം സ്വദേശിക്കെതിരെ പൊലീസ് മുത്വലാഖ് നിരോധന നിയമപ്രകാരം കേസെടുത്തു. ഫാത്തിമ ജുവൈരിയെയും രണ്ടു മക്കളെയും ഉപേക്ഷിച്ച സമീറിനെതിരെയാണ് കേസെടുത്തത്. ഇവര്‍ അഞ്ചുദിവസമായി സമീറിന്റെ വീടിനു മുന്നില്‍ സമരത്തിലാണ്. ഒരുവര്‍ഷം മുന്‍പാണ് സമീര്‍ ഫാത്തിമയെ തലാഖ് ചൊല്ലി ഉപേക്ഷിച്ചത്. വിദേശത്തായിരുന്ന സമീര്‍ 20 ദിവസം മുന്‍പ് നാട്ടിലെത്തി മറ്റൊരു വിവാഹം കഴിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫാത്തിമ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ജീവനാംശം പോലും നല്‍കാതെ തന്നെയും അഞ്ചും രണ്ടും വയസ്സ് പ്രായമുള്ള മക്കളെയും വീട്ടില്‍ നിന്ന് ഇറക്കിവിട്ടതിനെതിരെയാണു താന്‍ സമരം ചെയ്യുന്നതെന്ന് ഫാത്തിമ പറഞ്ഞു. സമരത്തിന് രാജ്യസഭാ എം.പിയും സി.പി.ഐ നേതാവുമായ ബിനോയ് വിശ്വം പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഫാത്തിമയ്ക്കും മക്കള്‍ക്കും 3,500 രൂപ വീതം ജീവനാംശം നല്‍കാന്‍ നാദാപുരം മജിസ്‌ട്രേറ്റ് കോടതി വിധിച്ചിരുന്നു. എന്നാല്‍ ഈ തുക അപര്യാപ്തമാണെന്നു ചൂണ്ടിക്കാട്ടി ഫാത്തിമ കോഴിക്കോട് ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്.

തന്റെ 40 പവന്‍ ആഭരണങ്ങള്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ തട്ടിയെടുത്തെന്നാരോപിച്ചും ജീവനാംശം ആവശ്യപ്പെട്ടും ഫാത്തിമ വടകര കുടുംബ കോടതിയിലും കേസ് നല്‍കിയിട്ടുണ്ട്.

മതനിയമം അനുസരിച്ചാണ് മൊഴി ചൊല്ലിയതെന്ന് സമീറിന്റെ അഭിഭാഷകന്‍ പറഞ്ഞു. കോടതി വിധിച്ചതനുസരിച്ചുള്ള 3,500 രൂപ ജീവനാംശം നല്‍കുന്നതായും അദ്ദേഹം പറഞ്ഞു. കൂടാതെ ഒരുവര്‍ഷം മുന്‍പ് നടത്തിയ വിവാഹമോചനത്തില്‍ അടുത്തിടെ വന്ന മുത്വലാഖ് നിരോധന നിയമപ്രകാരം കേസെടുത്തതിനെ സമീറിന്റെ കുടുംബം ചോദ്യം ചെയ്തിട്ടുണ്ട്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.