Breaking Now

ആറാമത് ലണ്ടന്‍ ചെമ്പൈ സഗീതോത്സവത്തിനു ആശംസകളുമായി കലാസാംസ്‌കാരിക പ്രമുഖര്‍. സംഗീതോത്സവം നവംബര്‍ 30 നു ക്രോയ്‌ടോന്‍ ലാന്‍ഫ്രാങ്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍.

ലണ്ടന്‍ : സര്‍വ്വവും ഗുരുവായൂരപ്പന് സമര്‍പ്പിച്ച ഭാരതീയ സംഗീത പാരമ്പര്യത്തിന്റെ അനശ്വര പ്രകാശമായിരുന്ന ചെമ്പൈ വൈദ്യനാഥഭാഗവതര്‍ക്ക് ഗുരുപൂജ നടത്താന്‍ ലണ്ടന്‍ നഗരം ഒരുങ്ങി. ഭാഗവതര്‍ ക്ഷേത്രസന്നിധിയില്‍ നടത്തിയിരുന്ന അനശ്വരനാദോപാസനയുടെ സ്മരണ കൂടിയാണ് ആറാമത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം. പാടാന്‍ തുടങ്ങുന്നവരും പാടി തികഞ്ഞവരുമടക്കം നൂറ്റി അന്‍പതോളം സംഗീതോപാസകര്‍ നവംബര്‍ 30 ന് ക്രോയ്‌ടോന്‍ ലാങ്ഫ്രാങ്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്ന സംഗീതോത്സവത്തില്‍ സംഗീതാര്‍ച്ചന നടത്തും. കഴിഞ്ഞ വര്‍ഷങ്ങളിലെ സംഗീത പ്രേമികളുടെ അഭൂതപൂര്‍വമായ തിരക്ക് കണക്കിലെടുത്തു സംഗീതോത്സവ വേദി പതിവ് സത്സംഗ വേദിയായ തൊണ്‍ടന്‍ഹീത് കമ്മ്യൂണിറ്റി സെന്ററില്‍ നിന്നും ലാങ്ഫ്രാങ്ക് ഓഡിറ്റോറിയത്തിലേക്ക് മാറ്റിയതിനാല്‍ ആയിരത്തിലേറെ സംഗീത ആസ്വാദകര്‍ക്ക് ഇക്കൊല്ലം നാദാസപര്യ അനായാസം ആസ്വാദനയോഗ്യമാകുമെന്ന് സംഘാടകര്‍ അറിയിച്ചു.

ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്രസാക്ഷാത്കാരത്തിനായി പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിലാണ് ആറാമത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവം നടത്തപ്പെടുന്നത്. കര്‍ണാടക ശാസ്ത്രീയ സംഗീത ശാഖയിലേക്കുള്ള ആദ്യയാത്ര ആരംഭിക്കുന്ന കുരുന്നുകളും, ശാസ്ത്രീയ സംഗീത മേഖലകളില്‍ പ്രാവീണ്യം തെളിയിച്ചിട്ടുള്ള അതിപ്രഗല്ഭരായ സംഗീതജ്ഞരും, ജാതിമതവര്‍ണ്ണവര്‍ഗ്ഗ വ്യത്യാസമില്ലാതെ ഒരേ വേദിയില്‍ മാനസ ഗുരുവായ ചെമ്പൈ സ്വാമികളെ ധ്യാനിച്ച് ഗുരുവായൂരപ്പന് നാദ നൈവേദ്യം സമര്‍പ്പിക്കും. പ്രശസ്ത സംഗീതജ്ഞന്‍ 'അയ്യപ്പ ഗാന ജ്യോതി കലാരത്‌നം പദ്മശ്രീ കെ ജി ജയന്‍' (ജയവിജയ) തന്റെ ഗുരു നാഥനായ ചെമ്പൈ സ്വാമികളുടെ പാവന സ്മരണക്കു മുന്‍പില്‍ നാദപുഷ്പാഞ്ജലി അര്‍പ്പിക്കുവാന്‍ പ്രായാധിക്യം മറന്നും ചെമ്പൈ സഗീതോത്സവത്തിനു ലണ്ടനില്‍ എത്തിച്ചേരും എന്നത് ഗുരുഭക്തിയുടെ പാരമ്യത തന്നെയാണ്. അദ്ദേഹത്തെ കൂടാതെ സിനിമാതാരവും എം പിയുമായ ശ്രീ സുരേഷ് ഗോപി, പിന്നണി ഗായകന്‍ ശ്രീ വേണുഗോപാല്‍, സംഗീതജ്ഞനും സംഗീത സംവിധായകനുമായ ശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സിനിമാ താരവും നര്‍ത്തകിയുമായ ശ്രീമതി അനുമോള്‍, സിനിമാ സീരിയല്‍ താരം ശ്രീ ഉണ്ണി ശിവപാല്‍ തുടങ്ങി കലാസാംസ്‌കാരിക മേഖലകളിലെ പ്രശസ്തര്‍ ഇതിനോടകം ആറാമത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവത്തിനു ആശംസകള്‍ അറിയിച്ചു കഴിഞ്ഞു.

 

ഗുരുഗോവിന്ദ ഭക്തിയുടെ നിറവില്‍ ഗുരുപവനപുരിയെ അനുസ്മരിപ്പിക്കും വിധം ലണ്ടനില്‍ അരങ്ങേറുന്ന സംഗീതോത്സവത്തെ വിജയകരമായി ആറാം വര്‍ഷവും അതിവിപുലമായും തികച്ചും സൗജന്യമായും അണിയിച്ചൊരുക്കുവാനുള്ള ഒരുക്കങ്ങളിലാണ് രാജേഷ് രാമന്റെ നേതൃത്വത്തിലുള്ള സംഘാടകര്‍. പതിവുപോലെ സംഗീതാര്‍ച്ചനക്ക് ശേഷം മുരളി അയ്യരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദീപാരാധനയും തുടര്‍ന്ന് അന്നദാനവും ഉണ്ടായിരിക്കുന്നതാണ്. യുകെയിലെ എല്ലാ സഹൃദയരായ കലോപാസകരെയും ഈ ഭക്തി നിര്‍ഭരമായ സഗീതോത്സവ വേദിയിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്യുന്നതായി ചെയര്‍മാന്‍ ടി ഹരിദാസ് അറിയിച്ചു.

 

കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി,

 

Rajesh Raman: 07874002934, Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601

 

Sangeetholsavam Venue: Lanfranc School Auditorium, Mitcham Rd, Croydon CR9 3AS

 

 
കൂടുതല്‍വാര്‍ത്തകള്‍.