CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 11 Minutes 33 Seconds Ago
Breaking Now

വെറുതെ തല്ലു വാങ്ങാന്‍ യുക്മ വഴിവക്കിലെ ചെണ്ടയല്ല വിജി കെ.പി.

ഏപ്രില്‍ 27 നു ബര്‍മിംഗ്ഹാമില്‍ വച്ച് നടന്ന യുക്മ ജനറല്‍ ബോഡി മീറ്റിങ്ങില്‍ അധ്യക്ഷപ്രസംഗം നടത്തവെ ആയിരുന്നു യുക്മ ദേശീയ പ്രസിഡന്‍റ് ശ്രീ. വിജി കെ.പി. ഇക്കാര്യം പ്രസ്താവിച്ചത്.

യുക്മ രൂപീകൃതമായ കാലം മുതല്‍ അകാരണമായി അതിന്‍റെ ഭാരവാഹികളെ വിമര്‍ശിച്ചു കൊണ്ടിരുന്നവര്‍ യുക്മയുടെ വളര്‍ച്ചയില്‍ വിറളി പൂണ്ട് ഇപ്പോള്‍ യു.കെ മലയാളികളെ സംബന്ധിക്കുന്ന ഏതു കാര്യത്തിലും യുക്മയെ വിമര്‍ശിക്കാന്‍ ഒരുമ്പെട്ടിറങ്ങിയിരിക്കുന്നതില്‍ തനിക്കുള്ള വേദന വ്യക്തമാക്കാന്‍ കൂടി ആയിരുന്നു വിജി ഇത് പറഞ്ഞത്. വ്യക്തിപരമായ വിമര്‍ശനങ്ങള്‍ കണ്ടില്ലെന്നും കേട്ടില്ലെന്നും വച്ച് കുറെ കാലം കഴിച്ചു, എന്നാല്‍ ഇപ്പോള്‍ നിരവധി പേരുടെ ശ്രമഫലമായി രൂപം കൊണ്ട് യു.കെ മലയാളികളുടെ ആവേശമായി മാറിയ സംഘടനയെ താറടിക്കുവാനുള്ള  ശ്രമമാണ് ചിലര്‍ നടത്തുന്നത്. ഇത് കണ്ടില്ലെന്നു നടിക്കാനാവില്ല.

ഈയടുത്ത കാലത്ത്‌ വ്യത്യസ്ത കാരണങ്ങളാല്‍ ജയിലിലായ രണ്ട് മലയാളികള്‍ യുക്മയുടെ കൂടി സഹായത്തോടെ ജയില്‍ മോചിതരായ വാര്‍ത്ത ഇവിടുത്തെ മിക്ക ഓണ്‍ലൈന്‍ പത്രങ്ങളിലും വന്നതാണ്. എന്നാല്‍ ആരംഭകാലം മുതല്‍ വായനക്കാരെ കൂട്ടുക എന്ന ലക്ഷ്യത്തിനായി യുക്മ ഭാരവാഹികള്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടിരുന്ന ഒരു പത്രം ഇക്കാര്യത്തിലും യുക്മയ്ക്കെതിരെ പ്രസ്താവനകളുമായി ഇറങ്ങിയിരിക്കുകയാണ്. യുക്മ നേതാക്കന്മാര്‍ ഇവരെ സഹായിക്കാന്‍ പണപ്പിരിവ് നടത്തി എന്ന പച്ചക്കള്ളമാണ് ഇതിനായി അവര്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ഏതെങ്കിലും ഒരു യുക്മ ഭാരവാഹി ഇക്കാര്യത്തിനായി പണപ്പിരിവ്‌ നടത്തി എന്ന് തെളിയിച്ചാല്‍ യുക്മ ഭാരവാഹിത്വം മാത്രമല്ല പൊതുപ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കാന്‍ താന്‍ തയ്യാറാണെന്ന സന്ദേശമാണ് ശ്രീ. വിജി കെ. പി. നല്‍കിയത്. കാതടപ്പിക്കുന്ന കരഘോഷത്തോടെയായിരുന്നു ജനറല്‍ ബോഡിയില്‍ പങ്കെടുത്ത പ്രതിനിധികള്‍ ഇക്കാര്യത്തില്‍ യുക്മ നേതൃത്വത്തിന്‍റെ നിലപാടുകള്‍ക്ക് പിന്തുണ അറിയിച്ചത്. യുക്മ എന്ന സംഘടനയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു എന്ന ഒരു കാരണം മാത്രം കൊണ്ട് വ്യക്തിജീവിതത്തില്‍ സംഭവിക്കുന്ന ദുരന്തങ്ങളില്‍ കൂടി പരിഹാസമേറ്റ് വാങ്ങാന്‍ എന്ത് തെറ്റാണ് ഞങ്ങള്‍ ചെയ്യുന്നതെന്ന വിജിയുടെ ചോദ്യത്തിന് ആര്‍ക്കും മറുപടി ഉണ്ടായിരുന്നില്ല. യുക്മ വൈസ്‌പ്രസിഡന്‍റ് ബീന സെന്‍സിന്‍റെ വീട്ടില്‍ മോഷണം നടന്നത് സംബന്ധിച്ച് നല്‍കിയ വാര്‍ത്തയില്‍ അവരെ പരിഹസിച്ചതിലുള്ള ധാര്‍മിക രോഷം അവിടെ കൂടിയിരുന്ന ഓരോരുത്തരുടെയും മുഖത്ത്‌ കാണാമായിരുന്നു.

രക്ഷിക്കുന്നവര്‍ക്ക് മാത്രമേ ശിക്ഷിക്കാനും അവകാശമുള്ളൂ എന്നും ഈ ഭരണസമിതി അധികാരത്തില്‍ വന്നത് മുതല്‍ നല്‍കിയ വാര്‍ത്തകള്‍ പൂഴ്ത്തി വച്ചും വികലമായി പ്രസിദ്ധീകരിച്ചും യുക്മ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങള്‍ വിജയം കാണാതെ പോയത്‌ യുക്മ അംഗ അസോസിയെഷനുകളുടെയും അഭ്യുദയകാംക്ഷികളുടെയും ശക്തമായ പിന്തുണയും സഹകരണവും ഒന്ന് കൊണ്ട് മാത്രമാണെന്നും ഇക്കാര്യത്തില്‍ എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നതായും വിജി പ്രസ്താവിച്ചു. മേല്‍പ്പറഞ്ഞ ഒരു പത്രമൊഴികെ യു.കെയിലെ മറ്റ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നല്‍കിയ പിന്തുണയും ഇക്കാര്യത്തില്‍ യുക്മക്ക് മുതല്‍കൂട്ടായി.

 യുക്മ ജോയിന്‍റ് സെക്രട്ടറി ശ്രീ. ബിന്‍സു ജോണ്‍ സ്വാഗതമാശംസിച്ചതോടെ ആരംഭിച്ച യോഗത്തില്‍ സെക്രട്ടറി ബാല സജീവ്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യുക്മയുടെ കഴിഞ്ഞ മാസങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന റിപ്പോര്‍ട്ട് കാര്യമായ ഭേദഗതികള്‍ കൂടാതെ തന്നെ യോഗം അംഗീകരിച്ചു. പതിനഞ്ചിലധികം പുതിയ അംഗങ്ങളുള്‍പ്പെടെ യുക്മയിലെ അംഗ അസോസിയേഷനുകളുടെ എണ്ണം 80 കടന്നു എന്നത് കൂടിയിരുന്നവരെ ആവേശഭരിതരാക്കി. തുടര്‍ന്ന്‍ ട്രഷറര്‍ ശ്രീ. ദിലീപ്‌ മാത്യു അര്‍ദ്ധവാര്‍ഷിക കണക്ക് അവതരിപ്പിച്ചു. യുക്മാ ചരിത്രത്തിലെ ഏറ്റവും കൂടിയ ബാലന്‍സ്‌ നിരക്കോടെ അവതരിപ്പിച്ച കണക്ക്‌ പാസാക്കുന്നതില്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടായിരുന്നില്ല. കടുത്ത സാമ്പത്തിക അച്ചടക്കത്തോടെ പരിപാടികള്‍ സംഘടിപ്പിച്ച് സംഘടനയെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കിയ ഇപ്പോഴത്തെ ഭരണസമിതിയെ അഭിനന്ദിക്കുന്ന രീതിയിലായിരുന്നു കണക്കിനെ സംബന്ധിച്ച ചര്‍ച്ചയില്‍ പലരും പ്രതികരിച്ചത്.

 തുടര്‍ന്ന്‍ യുക്മ ദേശീയ സമിതി അംഗവും ഭരണഘടനാ പരിഷ്കരണത്തിനു നിയുക്തനുമായിരുന്ന അഡ്വ. ഫ്രാന്‍സിസ്‌ കവളക്കാട്ടില്‍ ഭരണഘടനയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് വിശദീകരിക്കുകയും മാറ്റങ്ങളോടു കൂടിയ കരട് ഭരണഘടന അംഗങ്ങള്‍ക്ക് വിതരണം ചെയ്യുകയും ചെയ്തു. ഭരണഘടനാ ഭേദഗതി സംബന്ധിച്ച് നടന്ന ചര്‍ച്ചകളില്‍ യുക്മ മുന്‍ പ്രസിഡന്‍റ് വര്‍ഗീസ്‌ ജോണ്‍, മുന്‍ സെക്രട്ടറി എബ്രഹാം ലൂക്കോസ്, ടിറ്റോ തോമസ്‌, മാമ്മന്‍ ഫിലിപ്പ്, അജിത്‌ പാലിയത്ത്, ഉമ്മന്‍ ഐസക്ക്, ജോണ്‍ വടക്കേമുറി, പീറ്റര്‍ താണോലില്‍, സണ്ണി മത്തായി, ജോമോന്‍ ജേക്കബ്ബ്, എബ്രഹാം ജോര്‍ജ്ജ്, ബിനോ അഗസ്റ്റിന്‍ തുടങ്ങിയവര്‍ സജീവമായി പങ്കെടുക്കുകയുണ്ടായി. ഭരണഘടനയില്‍ വരുത്തിയ പ്രധാന മാറ്റങ്ങള്‍ ഈ വാര്‍ത്തയുടെ ഒടുവില്‍ കൊടുത്തിട്ടുണ്ട്. ഇനി വരുന്ന യുക്മ ഭരണസമിതികളുടെ കാലാവധി രണ്ടു വര്‍ഷം വീതമായിരിക്കുമെന്നതും യുക്മ ഇലക്ഷന്‍ ഇനി മുതല്‍ ജനുവരിയിലായിരിക്കും നടക്കുക എന്നതുമാണ് ശ്രദ്ധേയമായ മാറ്റങ്ങള്‍. നിലവിലെ ഭരണസമിതിക്ക് ഇത് ബാധകമല്ല. മുന്‍ കാലങ്ങളിലെ പോലെ ഈ ജൂലൈയില്‍ തന്നെ നിലവിലെ ഭരണസമിതിയുടെ കാലാവധി കഴിയുന്നതും പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതുമാണ്.

ജീവകാരുണ്യ രംഗത്ത് യുക്മ നല്‍കി വന്നിരുന്ന സംഭാവനകള്‍ കുറച്ചു കൂടി കാര്യക്ഷമവും കുറ്റമറ്റതും ആക്കുക എന്നാ ലക്ഷ്യത്തോടെ യുക്മ ചാരിറ്റി ഫണ്ടിന്‍റെ പ്രവര്‍ത്തനങ്ങള്‍ ചാരിറ്റി കോര്‍ഡിനേറ്റര്‍ ശ്രീ. ഷാജി തോമസ്‌ വിശദമാക്കി. ഈ ലക്ഷ്യത്തിലേക്കായി കൂടുതല്‍ പേരടങ്ങുന്ന ഒരു കമ്മറ്റിക്കും യോഗം രൂപം കൊടുക്കുകയുണ്ടായി.

യുക്മ നിലപാടുകളും പ്രവര്‍ത്തനങ്ങളും യു.കെ. മലയാളികളിലേക്കെത്തിക്കുവാന്‍ സ്വന്തം നിലയില്‍ ഒരു ഓണ്‍ലൈന്‍ പത്രം തുടങ്ങുക എന്ന ആശയവും പൊതുയോഗം ഏകകണ്ഠമായി എടുക്കുകയുണ്ടായി. ഇക്കാര്യത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ നാഷണല്‍ കമ്മറ്റിയെ യോഗം ചുമതലപ്പെടുത്തി. യുക്മ വൈസ്‌ പ്രസിഡന്‍റ് ശ്രീമതി. ബീന സെന്‍സ്‌ നന്ദി പ്രകാശിപ്പിച്ചതോടെ അര്‍ദ്ധ വാര്‍ഷിക ജനറല്‍ ബോഡി യോഗം സമാപിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.