CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 40 Minutes 27 Seconds Ago
Breaking Now

കോര്‍ബിന്റെ പിന്‍ഗാമി ഈ ഇന്ത്യന്‍ വംശജയോ? ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനം പിടിക്കാന്‍ ഇന്ത്യന്‍ വംശജയായ എംപിയും; പാര്‍ട്ടിയുടെ ഞെട്ടിക്കുന്ന തോല്‍വിക്ക് പിന്നാലെ നേതൃപദവി പോരാട്ടം കനക്കുന്നു

മുന്‍കാലങ്ങളില്‍ ഷാഡോ സ്ഥാനങ്ങള്‍ ലഭിച്ചിട്ടുള്ള ലിസ നന്ദി പാര്‍ട്ടിയില്‍ കോര്‍ബിന്‍ ഘടകം ശക്തിയാര്‍ജ്ജിച്ചതോടെ പിന്നിലേക്ക് നീങ്ങി

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സൃഷ്ടിച്ച ഭൂകമ്പത്തില്‍ തകര്‍ന്നുവീണ ലേബര്‍ പാര്‍ട്ടിയുടെ പിന്‍ഗാമിയാകാന്‍ ഒരുക്കം കൂട്ടുന്ന നേതാക്കളില്‍ ഇന്ത്യന്‍ വംശജയായ എംപിയും. വ്യാഴാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ലേബര്‍ എംപിമാരില്‍ ഒരാളായ ഇന്ത്യന്‍ വംശജ ലിസാ നന്ദിയാണ് നേതൃസ്ഥാനത്തേക്കുള്ള പോരാട്ടത്തിന് ഇറങ്ങുന്നത്. പാര്‍ട്ടി നേതൃസ്ഥാനത്ത് നിന്ന് ഇറങ്ങാന്‍ തയ്യാറെടുക്കുന്ന കോര്‍ബിന്റെ പിന്‍ഗാമിയാകാന്‍ താനും ഒരുങ്ങുകയാണെന്ന് അവര്‍ സ്ഥിരീകരിച്ചു. 

ഇംഗ്ലണ്ട് നോര്‍ത്ത്-വെസ്റ്റ് വിഗാനിലെ സീറ്റില്‍ വിജയിച്ച ഈ 40-കാരി ചെങ്കോട്ട മറ്റിടങ്ങളില്‍ പൊളിഞ്ഞുവീണപ്പോള്‍ തന്റെ സീറ്റില്‍ പിടിച്ചുനിന്നു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പരമ്പരാഗത ലേബര്‍ വോട്ടുകള്‍ പെട്ടിയിലാക്കുന്ന കാഴ്ചയാണ് മേഖലയില്‍ ദൃശ്യമായത്. മറ്റൊരു തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാനില്ലെന്ന് കോര്‍ബിന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തീവ്ര കമ്മ്യൂണിസം പറഞ്ഞ് പാര്‍ട്ടിയെ തോല്‍വിയിലേക്ക് നയിച്ചതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉടന്‍ രാജിവെയ്ക്കാനും സമ്മര്‍ദം ഏറുകയാണ്. 

ഇതിനിടെയാണ് നേതൃസ്ഥാനം ലക്ഷ്യംവെയ്ക്കുന്നതായി ലിസ നന്ദി വ്യക്തമാക്കിയത്. 'അതേക്കുറിച്ച് കാര്യമായി ആലോചിക്കുകയാണ്. ലേബര്‍ അടിസ്ഥാന ശിലകള്‍ നമ്മുടെ കാല്‍ക്കീഴില്‍ ഭൂകമ്പത്തില്‍ പൊളിഞ്ഞ് വീണത് പോലെ തകര്‍ന്നതാണ് ഈ ചിന്തയ്ക്ക് കാരണം. ജീവിതകാലം മുഴുവന്‍ ലേബറിന് വോട്ട് ചെയ്ത ആളുകളെ എങ്ങിനെ പരിഗണിച്ചുവെന്ന് ചിന്തിക്കേണ്ട ഘട്ടമാണ്. അവര്‍ക്ക് ലേബറിന് വോട്ട് ചെയ്യാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല പകപം ടോറികളെ തെരഞ്ഞെടുക്കുകയും ചെയ്തു. അവരെ ലേബറിലേക്ക് എങ്ങിനെ തിരിച്ചെത്തിക്കാമെന്നതാണ് വിഷയം', ലിസ നന്ദി ചൂണ്ടിക്കാണിച്ചു. 

മുന്‍കാലങ്ങളില്‍ ഷാഡോ സ്ഥാനങ്ങള്‍ ലഭിച്ചിട്ടുള്ള ലിസ നന്ദി പാര്‍ട്ടിയില്‍ കോര്‍ബിന്‍ ഘടകം ശക്തിയാര്‍ജ്ജിച്ചതോടെ പിന്നിലേക്ക് നീങ്ങിയിരുന്നു. കോര്‍ബിന്റെ തീവ്ര ഇടത് സംഘത്തിലുള്ള സാല്‍ഫോര്‍ഡ് എംപി റെബേക്ക ലോംഗ് ബെയ്‌ലിയാണ് നേതൃപോരാട്ടത്തില്‍ മുന്നിലുള്ളത്. ഇതിന് പുറമെ ലേബര്‍ ഷാഡോ ബ്രക്‌സിറ്റ് സെക്രട്ടറി കെയര്‍ സ്റ്റാര്‍മര്‍, ബര്‍മിംഗ്ഹാം എംപി ജെസ് ഫിലിപ്‌സ് എന്നിവരും നേതൃത്വമത്സരത്തിലുണ്ട്. 

പാര്‍ട്ടി തോറ്റെങ്കിലും തന്റെ നിലപാടുകള്‍ ശരിയാണെന്ന് വാദിച്ച് കോര്‍ബിന്‍ എഴുതിയ ലേഖനങ്ങള്‍ വിവാദം ക്ഷണിച്ച് വരുത്തുകയാണ്. അടുത്ത വര്‍ഷത്തോടെ നേതൃപദവിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തി പുതിയ നേതാവിനെ നിയോഗിച്ച ശേഷമാകും കോര്‍ബിന്‍ സ്ഥാനം ഒഴിയുക. തന്റെ തീവ്രനിലപാടുകള്‍ തോറ്റിട്ടില്ലെന്ന ഇദ്ദേഹത്തിന്റെ വാദം പാര്‍ട്ടിയുടെ ഭാവിയെ തീരുമാനിക്കുന്ന ഘടകം കൂടിയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.