CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 7 Minutes 8 Seconds Ago
Breaking Now

വിവേക് പിള്ള (ലണ്ടന്‍) : എന്റര്‍പ്രേണര്‍ ഓഫ് ദി ഇയര്‍; സിബി ചെത്തിപ്പുഴ (സ്വിറ്റ്‌സര്‍ലന്‍ഡ്): കരിയര്‍ എക്‌സലന്‍സ് ഇന്‍ ഹെല്‍ത്ത് കെയര്‍...

ദശാബ്ദി പൂര്‍ത്തിയാക്കിയ യുക്മ ലണ്ടന്‍ നഗരത്തില്‍ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ സാംസ്‌ക്കാരിക പരിപാടി എന്ന നിലയില്‍ ഇതിനോടകം ശ്രദ്ധ നേടിയ 'ആദരസന്ധ്യ 2020' നോട് അനുബന്ധിച്ച് പുരസ്‌ക്കാര ജേതാക്കളായ പത്ത് പേരുടെ പേരുകള്‍ യുക്മ ദേശീയ നേതൃത്വം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.  നോര്‍ത്ത് ലണ്ടനിലെ എന്‍ഫീല്‍ഡ് നഗരത്തിലെ പ്രസിദ്ധമായ സെന്റ് ഇഗ്‌നേഷ്യസ് കാത്തലിക് കോളേജില്‍ ഫെബ്രുവരി 1 ശനിയാഴ്ച്ച നടക്കുന്ന 'യുക്മ ആദരസന്ധ്യ 2020'നോട് അനുബന്ധിച്ച് ഇവരെ ആദരിക്കുന്നതാണ്. പൊന്നാടയും പ്രശംസപത്രവും മൊമൊന്റോയും പുരസ്‌ക്കാര ജേതാക്കള്‍ക്ക് വേദിയില്‍ വിശിഷ്ടവ്യക്തികള്‍ സമ്മാനിക്കുന്നതാണ്. വിജയികളുടെ പേരുകള്‍ പ്രഖ്യാപിച്ചപ്പോള്‍ വിശദമായ വാര്‍ത്ത പിന്നീട് നല്‍കുമെന്നും അറിയിച്ചിരുന്നു.   എന്റര്‍പ്രേണര്‍ ഓഫ് ദി ഇയര്‍ ജേതാവായ വിവേക് പിള്ള (ലണ്ടന്‍),  കരിയര്‍ എക്‌സലന്‍സ് ഇന്‍ ഹെല്‍ത്ത് കെയര്‍ പുരസ്‌ക്കാരം നേടിയ സിബി ചെത്തിപ്പുഴ (സ്വിറ്റ്‌സര്‍ലന്‍ഡ്) എന്നിവരുടെ വിവരങ്ങളാണ് താഴെ നല്‍കുന്നത്. 

സിബി  ചെത്തിപ്പുഴ (സ്വിറ്റ്‌സര്‍ലന്‍ഡ്): കരിയര്‍ എക്‌സലന്‍സ് ഇന്‍ ഹെല്‍ത്ത് കെയര്‍ 

ഹെല്‍ത്ത്‌കെയര്‍ രംഗത്തെ കരിയര്‍ നേട്ടങ്ങളെ പരിഗണിച്ച് നല്‍കുന്ന കരിയര്‍ എക്‌സലന്‍സ് ഇന്‍ ഹെല്‍ത്ത് കെയര്‍ പുരസ്‌ക്കാരം നേടിയത് സിബി ചെത്തിപ്പുഴ (സ്വിറ്റ്‌സര്‍ലന്‍ഡ്) ആണ്. നഴ്‌സിങ് ഡിപ്ലോമയില്‍ തുടങ്ങി ഹോസ്പിറ്റല്‍ മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദം നേടി ഗവണ്‍മെന്റ് സെക്ടറില്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ പദവി വരെ വളര്‍ന്ന മികവിനെ പരിഗണിച്ചാണ് ഈ പുരസ്‌ക്കാരം സമ്മാനിക്കുന്നത്.  

മുവാറ്റുപുഴ കടവൂര്‍ സ്വദേശിയായ സിബി ചെത്തിപ്പുഴ സ്വിറ്റ്‌സര്‍ലന്റിലെ സര്‍ക്കാര്‍ ആശുപത്രി തലപ്പത്ത് എത്തുന്ന മലയാളി എന്ന അപൂര്‍വ നേട്ടം കൈവരിച്ചതോടെയാണ് ലോകമലയാളികള്‍ക്കിടയില്‍ ശ്രദ്ധേയനായത്.  വാലന്‍സ്റ്റാറ്റ് കന്‍ടോണ്‍ ഹോസ്പിറ്റലിന്റെ ഡയറക്ടറാണ് സിബി. സ്വിസ് പ്രവിശ്യയായ സെന്റ് ഗാലന്റെ ഹെല്‍ത് ഡിപ്പാര്‍ട്‌മെന്റിന് കീഴിലുള്ള സര്‍ക്കാര്‍ ആശുപത്രിയുടെ രണ്ട് ഡയറക്ടര്‍മാരില്‍, ഡോക്ടര്‍മാര്‍ ഒഴികെയുള്ള മുഴുവന്‍ ഡിപ്പാര്‍ട്‌മെന്റിന്റെയും പൂര്‍ണ ചുമതലയും സിബിയ്ക്കാണ്. 2017 നവംബര്‍ ഒന്നിനാണ് വാലന്‍സ്റ്റാറ്റ് കന്‍ടോണ്‍ ഹോസ്പിറ്റലിന്റെ ഡയറക്ടറായി  സിബി ചുമതലയേറ്റത്. 125 വര്‍ഷം മുന്പ് ആരംഭിച്ച ആശുപത്രിയില്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലായി 400 ജീവനക്കാരാണ് സിബിയുടെ കീഴിലുള്ളത്. 

സൂറിച്ച് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിസിനസ്സ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും, സ്വിസ് അപ്ലൈഡ് സയന്‍സസ് യുണിവേഴ്‌സിറ്റിയില്‍നിന്നും അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ ബിരുദവും ലിബി നേടിയിട്ടുണ്ട്. ഇപ്പോള്‍ സൂറിക് പ്രവിശ്യയുടെ ഹോസ്പിറ്റല്‍ ഡെവലപ്‌മെന്റ് കമ്മിറ്റി എക്‌സിക്യൂട്ടീവ് മെംബറായും, സ്പിറ്റക്‌സ് സൊള്ളിക്കോണിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചു വരുന്നു. 

മുവാറ്റുപുഴ നിര്‍മല കോളേജില്‍ നിന്നും സയന്‍സില്‍ ബിരുദം നേടി വിയന്നയില്‍ എത്തിയ സിബി വിയന്നയില്‍ നഴ്‌സിംഗ് ഡിപ്ലോമ പഠനത്തിന് ചേരുകയായിരുന്നു. ബാംഹെര്‍സിഗന്‍ ബ്രൂഡര്‍ ഹോസ്പിറ്റലില്‍ നിന്നും ഡിപ്‌ളോമ നേടിയശേഷം, അവിടെ തന്നെ 1996 മുതല്‍ ആറു വര്‍ഷം നഴ്‌സിംഗ് ഡിപ്പാര്‍ട്ടമെന്റില്‍ വിവിധ ചുമതലകള്‍ വഹിച്ചിരുന്നു. 2002 ല്‍ സ്വിറ്റസര്‍ലന്റിലെ ഓള്‍ട്ടണിലെ കണ്‍റ്റോണ്‍ ഹോസ്പിറ്റലില്‍ നഴ്‌സിംഗ് ഡിപ്പാര്‍ട്ടമെന്റ് സെക്ഷന്‍ മേധാവിയായി നിയമനം ലഭിച്ചു. ഇതേ തുടര്‍ന്നാണ് സ്വിറ്റസര്‍ലന്റിലേക്ക് വരുന്നത്. ഓള്‍ട്ടന്‍ പ്രവിശ്യയുടെ ഹെല്‍ത് ഡിപ്പാര്‍ട്‌മെന്റിന് കീഴില്‍ വിവിധ സമിതികളില്‍ അംഗമായിരുന്നു. ഇതിനിടെയാണ് 2010 ല്‍ സൂറിച്ചില്‍ നിയമനം ലഭിക്കുന്നത്.  സൂറിക്കിലെ സോളികര്‍ബര്‍ഗ് ഹോസ്പിറ്റലില്‍ റിസോഴ്‌സ് മാനേജ്‌മെന്റ് വിഭാഗം മേധാവിയും, നഴ്‌സിംഗ് ഡിപ്പാര്‍ട്ടമെന്റ് സെക്ഷന്‍ മാനേജരുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ജോലിയോടൊപ്പമാണ് ബിരുദങ്ങള്‍ സ്വന്തമാക്കിയത്.

അധ്യാപക ദമ്പതികളായിരുന്ന മുവാറ്റുപുഴ കടവൂര്‍ ചെത്തിപ്പുഴ വീട്ടില്‍ പരേതരായ സി. ടി. മാത്യുവിന്റെയും, കുഞ്ഞമ്മ മാത്യുവിന്റെയും മകനാണ്. ഭാര്യ ജിന്‍സി. മൂന്ന് മക്കള്‍. സ്വിസിലെ വിവിധ കലാ വേദികളില്‍ നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുള്ള പ്രതിഭകളാണ് ജോനസും, ജാനറ്റും, ജോയലും. സൂറിച്ച് എഗില്‍ താമസിക്കുന്നു.

വിവേക് പിള്ള (ലണ്ടന്‍) : എന്റര്‍പ്രേണര്‍ ഓഫ് ദി ഇയര്‍

യു കെ മലയാളികള്‍ക്കിടയിലെ ഏറ്റവും മികച്ച സംരംഭകന്‍ എന്ന നിലയില്‍  'എന്റര്‍പ്രേണര്‍ ഓഫ് ദി ഇയര്‍' പുരസ്‌ക്കാരത്തിന് അര്‍ഹനായത് പാലക്കാടന്‍ മട്ട അരിയില്‍ നിന്നുണ്ടാക്കുന്ന കൊമ്പന്‍ ബിയറിന്റെ  സ്ഥാപകന്‍ വിവേക് പിള്ള (ലണ്ടന്‍)യാണ്.  

 

'കൊമ്പന്‍ ബിയര്‍' ഇന്ന് ലണ്ടനിലെ പ്രമുഖ ഭക്ഷണശാലകളിലെല്ലാം ബ്രിട്ടീഷുകാരെ മയക്കിവീഴ്ത്തുന്ന പ്രിയപ്പെട്ട ബിയറെന്ന ഖ്യാതി നേടിക്കഴിഞ്ഞു. മലയാളികളുടെ സ്വന്തം പാലക്കാടന്‍ മട്ട അരിയില്‍ നിന്നുണ്ടാക്കുന്ന 'കൊമ്പന്‍' ബിയറിന് ബ്രിട്ടീഷ് ജനതയ്ക്കിടയില്‍ സ്വീകാര്യത വരുത്തുവാന്‍ കഴിഞ്ഞുവെന്നുള്ളത് ഒരു സംരംഭകന്‍ എന്ന നിലയില്‍ വിവേക് പിള്ളയുടെ വിജയമാണ്. കൊച്ചിക്കാരനായ വിവേക് പിള്ളയെന്ന ബിസിനസുകാരന്റെ ബുദ്ധിയില്‍ വിരിഞ്ഞതാണ് മട്ട അരിയില്‍ നിന്നും ഉല്പാദിപ്പിക്കുന്ന കൊമ്പന്‍ കേവലം മൂന്ന് വര്‍ഷംകൊണ്ടാണ് ജനപ്രീതി ആര്‍ജിച്ചത്.  

 

കൊമ്പന്റെ വിജയത്തിന് പിന്നില്‍ തന്റെ ഭാര്യക്കും വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറയുന്നു. ഈ  പേരു തന്നെ ഭാര്യയാണ് നിര്‍ദ്ദേശിച്ചത്. കേരളത്തിന്റെ പെരുമകളിലൊന്നായ കൊമ്പനാനയുടെ പേരിലാകണം ബിയര്‍ എന്ന് ഭാര്യക്ക് നിര്‍ബന്ധമുണ്ടായിരുന്നു. ചിഹ്നം വിളിച്ച് നില്‍ക്കുന്ന ആനയുടെ ചിത്രമാണ് പേര് കേള്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് ആദ്യം ഓര്‍മ്മവരുന്നത്. ശക്തിയുടെ പ്രതീകമായ കൊമ്പന്‍ പേരിനോട് നീതി പുലര്‍ത്തണമെന്ന് തീരുമാനിച്ചിരുന്നെന്നും അതുതന്നെയാണ് വിജയകാരണമെന്നും വിവേക് കൂട്ടിച്ചേര്‍ത്തു.

ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ് എന്ന നിലയില്‍ ബ്രിട്ടണിലെ മുന്‍നിര ധനകാര്യ സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുമ്പോഴും നോര്‍ത്ത് ലണ്ടനില്‍ കേരള റസ്‌റ്റോറന്റ് നടത്തി നാടിനോടുള്ള സ്‌നേഹം വിവേക് തുടര്‍ന്നു പോന്നു. ബ്രിട്ടിഷുകാരുടെ ബിയര്‍ പ്രേമം തിരിച്ചറിഞ്ഞ വിവേക് ഇന്ത്യന്‍ നിര്‍മ്മിതമായ രണ്ട് ബിയറുകള്‍ നേരത്തെ തന്നെ വിപണിയിലെത്തിച്ചിരുന്നു. 'ദി ബ്‌ളോണ്ട്', 'പ്രീമിയം ബ്ലാക്ക്' എന്നീ പേരുകളില്‍ ബെല്‍ജിയന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് അവ വിപണിയിലെത്തിയത്. ഉപഭോക്താക്കള്‍ക്കിടയില്‍ നല്ല സ്വീകാര്യത ലഭിച്ചതോടെ ബിസ്സിനസ്സ് വിപുലീകരിക്കുവാന്‍ തീരുമാനിക്കുകയായിരുന്നു. 

കേരളീയ വിഭവങ്ങള്‍ ഇഷ്ടപ്പെട്ടിരുന്ന ബ്രിട്ടിഷുകാര്‍ റസ്റ്റോറന്റിലെത്തുമ്പോഴെല്ലാം കേരളത്തില്‍ നിന്നുള്ള ബിയര്‍ കിട്ടുമോയെന്ന് ചോദിക്കാറുണ്ടായുന്നു. ബ്രിട്ടിഷ് വിപണിയിലെ ഈ പ്രസക്തി തിരിച്ചറിഞ്ഞാണ് കേരളത്തിന്റെ രുചിക്കൂട്ടിലെ ബിയറെന്ന ആശയത്തിലേയ്ക്ക് എത്തുന്നതും ഇന്ത്യന്‍ നിര്‍മ്മിത ബിയര്‍ ഉല്പാദനം   ലണ്ടനില്‍ ആരംഭിച്ചതും. 

ഫെബ്രുവരി ഒന്നാം തീയതി ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് തന്നെ പരിപാടികള്‍ ആരംഭിക്കുന്നതായിരിക്കും. ആളുകള്‍ക്കുള്ള പ്രവേശനവും കാര്‍പാര്‍ക്കിംഗും പൂര്‍ണ്ണമായും സൗജന്യമായി യുക്മ ദേശീയ നേതൃത്വം ഒരുക്കിയിട്ടുണ്ട്.  

 

'ആദരസന്ധ്യ 2020' നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്സ്: 

 

St.Ignatius College

Turkey tSreet

Enfield, London 

EN1 4NP

Sajish Tom

UUKMA National PRO & Media Coordinator

 

 

സജീഷ് ടോം 

(യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍)

 




കൂടുതല്‍വാര്‍ത്തകള്‍.