CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 47 Minutes 55 Seconds Ago
Breaking Now

ജപ്പാനിലെ 'കൊറോണാ' കപ്പലില്‍ കുടുങ്ങിയ ബ്രിട്ടീഷുകാരെ തിരികെ എത്തിക്കും; രക്ഷപ്പെടുത്താന്‍ വിമാനപദ്ധതി; അങ്കലാപ്പില്‍ കഴിയുന്ന 74 യുകെ പൗരന്‍മാര്‍ക്ക് ആശ്വാസ വാര്‍ത്ത

തിങ്കളാഴ്ച കപ്പലിലെ 99 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചിരുന്നു

ജപ്പാനില്‍ കൊറോണാവൈറസ് മൂലം കുടുങ്ങി കിടക്കുന്ന കപ്പലില്‍ നിന്നും 70-ഓളം വരുന്ന യുകെ പൗരന്‍മാരെ രക്ഷപ്പെടുത്താന്‍ വഴിയൊരുങ്ങുന്നു. ബ്രിട്ടീഷ് പൗരന്‍മാരെ തിരികെ എത്തിക്കാനായി വിമാനം സംഘടിപ്പിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് ഫോറിന്‍ & കോമണ്‍വെല്‍ത്ത് ഓഫീസ് സ്ഥിരീകരിച്ചു. യോക്കോഹാമ തീരത്ത് നങ്കൂരമിട്ട ഡയമണ്ട് പ്രിന്‍സസ് കപ്പലിലെ ബ്രിട്ടീഷുകാരുമായി ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തിയതായി നം.10 വക്താവ് അറിയിച്ചു. 

ഈ കപ്പലിന് പുറമെ മറ്റൊരു യാത്രാ കപ്പലായ വെസ്റ്റെര്‍ഡാമിലെ ബ്രിട്ടീഷ് യാത്രക്കാരുമായും സംസാരിക്കാന്‍ ഫോറിന്‍ & കോമണ്‍വെല്‍ത്ത് ഓഫീസ് ശ്രമം നടത്തുന്നുണ്ട്. വെസ്റ്റെര്‍ഡാമില്‍ നിന്നും ഇറങ്ങിയ ഒരു വനിതാ അതിഥി പോസിറ്റീവായതോടെയാണ് ആശങ്ക ഉയരുന്നത്. ഡയമണ്ട് പ്രിന്‍സസിലെ തങ്ങളുടെ 340 പൗരന്‍മാരെ അമേരിക്കന്‍ രണ്ട് ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഇറക്കി തിരികെ കൊണ്ടുപോയതോടെ സമാനമായ രക്ഷാപദ്ധതി നടപ്പാക്കാന്‍ യുകെയ്ക്ക് മേല്‍ സമ്മര്‍ദമേറുകയാണ്. 

'ഡയമണ്ട് പ്രിന്‍സസിലെ യുകെ പൗരന്‍മാരെ തിരികെ എത്തിക്കാന്‍ വിമാനം തയ്യാറാക്കാനുള്ള ശ്രമം നടക്കുകയാണ്. ഇതിനായുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജീവനക്കാര്‍ കപ്പലിലെ ബ്രിട്ടീഷ് പൗരന്‍മാരെ ബന്ധപ്പെടുന്നുണ്ട്. അധികൃതരുമായി സംസാരിക്കാത്തവര്‍ എത്രയും പെട്ടെന്ന് പ്രതികരിക്കണം', വക്താവ് പറഞ്ഞു. 

തിങ്കളാഴ്ച കപ്പലിലെ 99 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഡയമണ്ട് പ്രിന്‍സസിലെ കൊറോണ രോഗികളുടെ എണ്ണം 454 ആയി ഉയര്‍ന്നു. വൈറസ് പിടികൂടിയ നാല് ബ്രിട്ടീഷുകാര്‍ ജപ്പാന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 




കൂടുതല്‍വാര്‍ത്തകള്‍.