CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 3 Minutes 40 Seconds Ago
Breaking Now

പൊലീസിന് നിയന്ത്രിക്കാന്‍ പറ്റില്ലാതെ വന്നാല്‍ വരാന്‍ പോകുന്നത് പട്ടാളമാണ്. അവര്‍ക്ക് മലയാളിയെയും തമിഴനെയും അറിയില്ല. മനുഷ്യരെ മാത്രമേ അറിയൂ ; സുരേഷ് ഗോപി

നിലവിലെ സാഹചര്യത്തില്‍ ജനങ്ങള്‍ പ്രാധാനമന്ത്രിയോ മുഖ്യമന്ത്രിയോ പറഞ്ഞത് കൊണ്ട് എടുക്കേണ്ടതല്ല ജാഗ്രത എന്ന് സുരേഷ് ഗോപി എംപി. ഓരോ വ്യക്തിയും സാഹചര്യം മനസിലാക്കി ചിന്തിച്ച് ജാഗ്രത പുലര്‍ത്തുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ മകന്‍ ക്വാറന്റീനിലാണെന്നും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം വീടിന് പുറത്തിറങ്ങിയിട്ടില്ലെന്നും സുരേഷ് ഗോപി പറയുന്നു.

'ലണ്ടനില്‍ പഠിക്കുന്ന എന്റെ മകന്‍ കഴിഞ്ഞ ആഴ്ചയാണ് എത്തിയത്. ഡല്‍ഹിയിലെത്തിയപ്പോള്‍ അവനടക്കം വന്ന ഫ്‌ളൈറ്റിലെ എല്ലാവരോടും വീട്ടില്‍ നിരീക്ഷണത്തിലിരിക്കാന്‍ ആവശ്യപ്പെട്ടു. അവന്‍ വീട്ടില്‍ വരാതെ മറ്റൊരു ഫല്‍റ്റില്‍ താമസിക്കുകയാണിപ്പോള്‍. അവന്‍ ഒറ്റയ്ക്കാവുന്നതിനാല്‍ മൂത്ത മകനും അവന്റെ സെക്രട്ടറിയും ഒപ്പം ഉണ്ട്. മൂന്ന് പേര്‍ക്കമുള്ള ഭക്ഷണം മാത്രമാണ് ഇവിടെ നിന്ന് കൊണ്ടു പോകുന്നത്. ഡ്രൈവര്‍ സത്യവാങ്മൂലവുമായി ദിവസവും ഓട്ടോയില്‍ ഭക്ഷണമെത്തിക്കുകയാണ്. ഓട്ടോയില്‍ പോകുന്നത് പൊലീസ് വിലക്കിയതോടെ ഇപ്പോള്‍ ഡ്രൈവര്‍ തൊട്ടടുത്ത വീട്ടില്‍ നിന്ന് സ്‌കൂട്ടര്‍ എടുത്താണ് ഭക്ഷണം കൊണ്ടു പോകുന്നത്.'

'പാര്‍ലമെന്റില്‍ പോകേണ്ടെന്ന് തീരുമാനിച്ച് കഴിഞ്ഞ വ്യാഴാഴ്ച താന്‍ ഡല്‍ഹിയില്‍ നിന്ന് തിരിച്ച് നാട്ടിലെത്തുകയായിരുന്നു. ശനിയാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അത്യാവശ്യം വേണ്ട സാധനങ്ങള്‍ പോയി വാങ്ങി തിരികെ വീട്ടില്‍ കയറിയ ശേഷം താനിതു വരെ പുറത്തിറങ്ങിയിട്ടില്ല. വീടിന്റെ ഗെയ്റ്റ് പോലും തൊട്ടിട്ടില്ല. ഇത്തരം കരുതലുകള്‍ ഓരോ വ്യക്തിയും സ്വയം ചിന്തിച്ചെടുക്കുകയാണ് വേണ്ടത്.' സുരേഷ് ഗോപി പറഞ്ഞു.

സാഹചര്യത്തെ നിയന്ത്രിക്കാനുളള പൊലീസിന്റെ ബലപ്രയോഗത്തിലും മോശം ഭാഷയിലും തെറ്റില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. 'മോശമായ ഭാഷകള്‍ ഉപയോഗിച്ചോളൂ, ശരീരത്തിലെ അവയവങ്ങള്‍ക്ക് പരുക്കേല്‍ക്കാതെ തല്ലുന്നതിലും കുഴപ്പമില്ല. തല്ലിയാലേ ആളുകള്‍ നന്നാവൂ എന്ന് വന്നാല്‍ കുറ്റം പറയാനാകില്ല. അക്കാര്യത്തില്‍ മുഖ്യമന്ത്രി, പൊലീസിന് മുന്നില്‍ ഒരു പാട് നിയന്ത്രണം വയ്ക്കാതിരിക്കുന്നതാണ് നല്ലത്. ഈ സേനയെ കയ്യെടുത്ത് കുമ്പിടണം. ഈ ലോകത്തിനു വേണ്ടിയാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. പൊലീസിന് നിയന്ത്രിക്കാന്‍ പറ്റില്ലാതെ വന്നാല്‍ വരാന്‍ പോകുന്നത് പട്ടാളമാണ്. അവര്‍ക്ക് മലയാളിയെയും തമിഴനെയും അറിയില്ല. മനുഷ്യരെ മാത്രമേ അറിയൂ. വളരെ സൂക്ഷിക്കണം. ഇതൊരു വാണിങ് തന്നെയാണ്. ഇങ്ങനെ വാണിങ് നല്‍കാനുള്ള അവകാശം എനിക്കുമുണ്ട്. എല്ലാവരും പൊലീസ് സേനയ്ക്ക് പൂര്‍ണ പിന്തുണ നല്‍കണം.' സുരേഷ് ഗോപി പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.