CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Minutes 33 Seconds Ago
Breaking Now

തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ച മലയാളി ഡോക്ടറുടെ പത്തു മാസമുള്ള കുഞ്ഞിനും രോഗ ബാധ ; രാജ്യത്ത് രോഗം ബാധിച്ചത് 1024 പേര്‍ക്ക്

എല്ലാവരും കോയമ്പത്തൂര്‍ ഇഎസ്‌ഐ ആശുപത്രിയില്‍ ചികില്‍സയിലാണ്

തമിഴ്‌നാട്ടില്‍ കോവിഡ് ബാധിച്ച മലയാളി ഡോക്ടറുടെ കുഞ്ഞിനും രോഗബാധ സ്ഥിരീകരിച്ചു. കോട്ടയം സ്വദേശിനിയായ ഡോക്ടറുടെ അമ്മയ്ക്കും വീട്ടുജോലിക്കാരിക്കും കോവിഡ് സ്ഥിരീകരിച്ചു. എല്ലാവരും കോയമ്പത്തൂര്‍ ഇഎസ്‌ഐ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 1024 ആയി. 27 പേരാണ് ഇതുവരെ മരിച്ചത്. ചികില്‍സയിലായിരുന്ന 96 പേരുടെ രോഗം മാറി. സമ്പൂര്‍ണ ലോക്ഡൗണിനിടെ ഡല്‍ഹിയില്‍ നിന്ന് അയല്‍ സംസ്ഥാനങ്ങളിലേക്കുള്ള പലായനം കുറഞ്ഞു. അതിര്‍ത്തിയിലെത്തിയവരെ പൊലീസ് തിരിച്ചയച്ചു.

ഡല്‍ഹിയില്‍ നിന്ന് മധ്യപ്രദേശിലേക്ക് കാല്‍നടയായി യാത്ര ചെയ്ത യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കോവിഡ് മൂലം ശ്രീനഗറില്‍ 67കാരനും അഹമ്മദാബാദില്‍ 45കാരനും മുംബൈയില്‍ 40കാരിയുമാണ് ഞായറാഴ്ച മരിച്ചത്. ഇതോടെ ശ്രീനഗറില്‍ രണ്ടും ഗുജറാത്തില്‍ അഞ്ചും മുംബൈയില്‍ ഏഴും മരണങ്ങളായി. ആഭ്യന്തര വിമാനങ്ങള്‍ പറത്തുന്ന സ്‌പൈസ് ജെറ്റിലെ പൈലറ്റിന് കോവിഡ് സ്ഥിരീകരിച്ചു. മാര്‍ച്ച് 21ന് ചെന്നൈയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനമാണ് ഇയാള്‍ അവസാനം പറത്തിയത്. രോഗം എവിടെ നിന്നാണ് പകര്‍ന്നതെന്നു വ്യക്തമായിട്ടില്ല.

കണ്ണൂരില്‍ നിരീക്ഷണത്തില്‍ ഇരിക്കെ മരിച്ച പ്രവാസിക്ക് കോവിഡില്ലെന്നു തെളിഞ്ഞു. സ്രവ പരിശോധന ഫലം നെഗറ്റീവ് ആണ്. പരിയാരം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ച മൃതദേഹം തിങ്കളാഴ്ച പോസ്റ്റുമോര്‍ട്ടം ചെയ്യും. ഈ മാസം 21ന് ഷാര്‍ജയില്‍ നിന്ന് എത്തിയ 65കാരനായ അബ്ദുല്‍ ഖാദര്‍ ഹോം ക്വാറന്റീനില്‍ ആയിരുന്നു. ശനിയാഴ്ച രാത്രിയാണ് വീട്ടില്‍ ബോധരഹിതനായി കണ്ടത്.ആശുപത്രിയില്‍ എത്തിച്ചതിനു തൊട്ടുപിന്നാലെ മരിക്കുകയായിരുന്നു. ഇടുക്കിയില്‍ കോവിഡ് സ്ഥിരീകരിച്ച പൊതു പ്രവര്‍ത്തകനു രണ്ടാമതു ടെസ്റ്റ് ചെയ്തപ്പോള്‍ ഫലം നെഗറ്റീവ്. 4 ദിവസത്തെ ഇടവേളയിലാണു സാംപിളുകള്‍ ശേഖരിച്ചത്. മൂന്നാമത്തെ സാംപിള്‍ ഫലം തിങ്കളാഴ്ച വന്നേക്കും. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. കേരളത്തില്‍ 202 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.