Breaking Now

യുകെ കൊറോണാവൈറസിന്റെ വളവ് 'ശരിപ്പെട്ട്' തുടങ്ങി; പുതിയ കേസുകള്‍ കൈവിട്ട് കുതിക്കുന്നില്ലെന്നത് ശുഭവാര്‍ത്ത; 24 മണിക്കൂറില്‍ റെക്കോര്‍ഡ് മരണസംഖ്യയായ 938-ല്‍ തൊട്ടെങ്കിലും ആശ്വാസത്തിന് വകയുണ്ട്; ആകെ പൊലിഞ്ഞത് 7097 ജീവനുകള്‍; ഇറ്റലിയെയും, ചൈനയെയും നാണിപ്പിച്ച് ബ്രിട്ടന്‍

കഴിഞ്ഞ 24 മണിക്കൂറില്‍ ബ്രിട്ടനില്‍ സംഭവിച്ച മരണനിരക്ക് ഇറ്റലി മാര്‍ച്ച് 27ന് രേഖപ്പെടുത്തിയ ഏറ്റവും മോശം ദുരന്തത്തെ മറികടക്കുന്നതാണ്

യുകെയില്‍ കൊറോണാവൈറസ് മഹാമാരിയുടെ വ്യാപനത്തില്‍ വേഗത കുറയുന്നതായി വിദഗ്ധര്‍. ഇറ്റലിയെ വരെ നാണിപ്പിക്കുന്ന മരണസംഖ്യ ഒറ്റ ദിവസത്തില്‍ രേഖപ്പെടുത്തിയെങ്കിലും ആശ്വാസത്തിന് വകയുണ്ടെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന. കൊവിഡ്-19 പ്രതിസന്ധിയില്‍ ഇറ്റലിയുടെ ഏറ്റവും മോശം ദിനത്തില്‍ 919 പേര്‍ ഒരു ദിവസം മരിച്ചപ്പോള്‍ യുകെയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 938 പേരുടെ ജീവനാണ് പൊലിഞ്ഞത്. എന്നാല്‍ മഹാമാരിയില്‍ നിയന്ത്രണം കൈവിട്ട് പോയിട്ടില്ലെന്ന് നം.10-ന്റെ ഡെപ്യൂട്ടി ചീഫ് സയന്റിഫിക് അഡൈ്വസര്‍ പ്രൊഫ. ആഞ്ചെലാ മക്‌ലീന്‍ ഉറപ്പിച്ച് പറയുന്നു. 

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെയും, പുതിയ കേസുകളുടെയും എണ്ണം കുറയുന്നത് ചൂണ്ടിക്കാണിച്ച പ്രൊഫ. ആഞ്ചെലാ ഇത് ശുഭവാര്‍ത്തയാണെന്നും വ്യക്തമാക്കി. ലോക്ക്ഡൗണ്‍ ഫലംകാണുന്നതായി സൂചന നല്‍കിക്കൊണ്ടാണ് ആശുപത്രിയില്‍ വൈറസ് ബാധിച്ച് എത്തുന്നവരുടെ എണ്ണം കുറയുന്നത്. ഇതോടെ അടുത്ത ഒന്ന്, രണ്ട് ആഴ്ചയ്ക്കുള്ളില്‍ മരണസംഖ്യ കുറയുന്ന അവസ്ഥയിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം നിലവിലെ പ്രതിദിന മരണസംഖ്യയെ ഇനിയും മറികടക്കുന്ന സാഹചര്യം നിലവിലുണ്ട്. വൈറസ് ബ്രിട്ടനില്‍ പരമോന്നതിയിലെത്തുമ്പോള്‍ ദിവസേന 1000 മരണങ്ങളിലേക്ക് വരെ എത്തിയേക്കാമെന്നാണ് ആശങ്ക. 

മാരകമായ വൈറസില്‍ പോസിറ്റീവായി ആശുപത്രിയില്‍ മരിച്ച രോഗികളുടെ എണ്ണം ഇപ്പോള്‍ 7097 ആണ്. മഹാമാരി പൊട്ടിപ്പുറപ്പെട്ട ചൈനയുടെ മരണസംഖ്യയേക്കാള്‍ ഇരട്ടി മനുഷ്യജീവനുകളാണ് ബ്രിട്ടനില്‍ പൊലിഞ്ഞിരിക്കുന്നത്. ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് കണക്ക് പ്രകാരം 5491 പേര്‍ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചതോടെ ആകെ കേസുകള്‍ 60,733 ആയി. ഫെബ്രുവരിയിലാണ് യുകെ മണ്ണില്‍ കൊറോണാവൈറസ് പടരാന്‍ തുടങ്ങുന്നത്. അതേസമയം ദിവസേന ടെസ്റ്റ് ചെയ്യുന്ന രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവാണ് പോസിറ്റീവ് കേസുകളുടെ കണക്കിലെ വര്‍ദ്ധനവിന് പിന്നിലെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. ലക്ഷണങ്ങളുള്ള 13,000-ഓളം പേരെയാണ് സ്വാബിംഗ് ടെസ്റ്റിന് വിധേയമാക്കിയത്. 

കഴിഞ്ഞ 24 മണിക്കൂറില്‍ ബ്രിട്ടനില്‍ സംഭവിച്ച മരണനിരക്ക് ഇറ്റലി മാര്‍ച്ച് 27ന് രേഖപ്പെടുത്തിയ ഏറ്റവും മോശം ദുരന്തത്തെ മറികടക്കുന്നതാണ്. അന്ന് റോമിലെ അധികൃതര്‍ 919 പുതിയ മരണങ്ങള്‍ രേഖപ്പെടുത്തിയപ്പോള്‍ യൂറോപ്പും, ലോകവും വിറങ്ങലിച്ചു. പക്ഷെ സ്‌പെയിന്‍ വീണ്ടും ഈ മരണനിരക്ക് കടത്തിവെട്ടി. ഏപ്രില്‍ 2ന് 950 മരണങ്ങളാണ് സ്‌പെയിന്‍ രേഖപ്പെടുത്തിയത്. എന്നാല്‍ യുഎസ് ഈ കണക്കുകളെ വീണ്ടും മറികടന്നു. 4 ലക്ഷത്തോളം പേര്‍ക്ക് വൈറസ് പിടിപെട്ടിരിക്കുന്ന അമേരിക്കന്‍ മണ്ണില്‍ ഇന്നലെ 1799 പേരാണ് മരിച്ചത്. 

ബ്രിട്ടനിലാകട്ടെ ആശുപത്രി പ്രവേശനങ്ങള്‍ കുറയുന്നത് ആശ്വാസത്തിന്റെ പ്രതീക്ഷ വിതറുകയാണ്. ടണലിന്റെ മറുവശത്ത് വെളിച്ചം കണ്ടുതുടങ്ങിയെന്ന് ഡെപ്യൂട്ടി ചീഫ് സയന്റിഫിക് അഡൈ്വസര്‍ പ്രൊഫ. ആഞ്ചെലാ മക്‌ലീന്‍ തറപ്പിച്ച് പറയുന്നതും ഇതുകൊണ്ട് തന്നെ!




കൂടുതല്‍വാര്‍ത്തകള്‍.