CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 3 Minutes 33 Seconds Ago
Breaking Now

കോവിഡിനെ പ്രതിരോധിക്കാന്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കഴിക്കുന്നതു മൂലം മരണം കൂടുകയാണോ? മരുന്ന് ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടാക്കുന്നതായി റിപ്പോര്‍ട്ട്

ഈ മരുന്ന് കഴിക്കുന്നവരിലെ മരണസംഖ്യ ഇത് കഴിക്കാത്തവരിലേക്കാള്‍ കൂടുതലാണ് എന്നാണ് പഠനം കണ്ടെത്തിയത് എന്നതാണ് ഏറെ ആശങ്കപ്പെടുത്തുന്ന വസ്തുത.

കോവിഡിനെ പ്രതിരോധിക്കാന്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കഴിക്കുന്നതു മൂലം മരണം കൂടുകയാണെന്ന് റിപ്പോര്‍ട്ട്. കൃത്യമായ ഗവേഷണ പദ്ധതികളില്ലാതെ കോവിഡ്19 രോഗികള്‍ക്ക് ഈ മരുന്ന് നല്‍കരുതെന്നാണ് ശാസ്തജ്ഞര്‍ വ്യക്തമാക്കിയിട്ടുള്ളത്.  ഹൈഡ്രോക്‌സിക്ലോറോക്വിനും അതിന്റെ പഴയ രൂപമായ ക്ലോറോക്വിനും യാതൊരു ക്ലിനിക്കല്‍ ട്രയലുമില്ലാതെ ആറ് ഭൂഖണ്ഡങ്ങളില്‍ ഉപയോഗിക്കുന്നതു സംബന്ധിച്ച് നടത്തിയ പഠനമാണ് റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ചിട്ടുള്ളത്.

കോവിഡിനെ പ്രതിരോധിക്കാന്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ സ്ഥിരമായി കഴിക്കാറുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു.  മലേറിയയ്ക്കുള്ള മരുന്നിന് കോവിഡ് പ്രതിരോധം സാധ്യമാകുമെന്ന പ്രചരണത്തെ തുടര്‍ന്ന് വലിയ തോതിലാണ് ഇതിനുളള ആവശ്യം വര്‍ധിച്ചതെന്ന് ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണലിന്റെ ഓണ്‍ലൈന്‍ ലേഖനത്തില്‍ ഗവേഷകര്‍ വ്യക്തമാക്കുന്നു. ഇത് രോഗം ഭേദഗമാക്കുമെന്ന തെളിവുകളില്ലാതെയാണ് ഡോക്ടര്‍മാര്‍ ഈ മരുന്ന് ശുപാര്‍ശ ചെയ്യുന്നത്. ഈ മരുന്ന് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാക്കുന്നതാണ്. എന്നാല്‍ മലേറിയ ചികിത്സിക്കാന്‍ ദശകങ്ങളായി ഉപയോഗിക്കുന്നതായതു കൊണ്ട് കുഴപ്പമൊന്നും വരില്ല എന്നാണ് ഡോക്ടര്‍മാര്‍ കരുതുന്നതെന്നും പഠനം പറയുന്നു.

ഫ്രഞ്ച് ഡോക്ടര്‍ ദിദിയെര്‍ റൗള്‍ട്ട് തന്റെ കോവിഡ് രോഗികളെ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗിച്ച് രോഗമുക്തി വരുത്തിയതെന്ന് അവകാശപ്പെട്ടതു മുതല്‍ ഈ മരുന്നിന് ലോകവ്യാപകമായി വലിയ ആവശ്യമാണ് ഉയര്‍ന്നത്. ഇതിനു പിന്നാലെയാണ് ഈ മരുന്ന് രോഗവിമുക്തി ഉണ്ടാക്കുമെന്ന അവകാശവാദവുമായി ട്രംപും രംഗത്തെത്തിയത്.

മലേറിയ ബാധിച്ച രോഗികളെ ചികിത്സിക്കുന്നതില്‍ ഈ മരുന്ന് ഫലപ്രദമായേക്കും. എന്നാല്‍ കോവിഡ്19 എന്നത് പൂര്‍ണമായും വ്യത്യസ്തമായ രോഗമാണെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. ഡിസംബര്‍ 20 മുതല്‍ ഏപ്രില്‍ 14 വരെ ഈ മരുന്ന് ആന്റിബയോട്ടിക്കിന് ഒപ്പമോ അല്ലാതെയോ കഴിച്ച 671 ആശുപത്രികളില്‍ നിന്നുള്ള 96,000 രോഗികളുടെ പരിശോധനാഫലത്തെ അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടത്തിയിട്ടുള്ളത്.

ഈ മരുന്ന് കഴിക്കുന്നവരിലെ മരണസംഖ്യ ഇത് കഴിക്കാത്തവരിലേക്കാള്‍ കൂടുതലാണ് എന്നാണ് പഠനം കണ്ടെത്തിയത് എന്നതാണ് ഏറെ ആശങ്കപ്പെടുത്തുന്ന വസ്തുത. കോവിഡിനെ ചികിത്സിക്കാന്‍ ഈ മരുന്ന് കഴിക്കുന്ന ആറു പേരില്‍ ഒരാള്‍ മരിക്കുന്നു എന്നും ഹൈഡ്രോക്‌സിക്ലോറോക്വിനേക്കാള്‍ കടുപ്പം കൂടിയ ക്ലോറോക്വിന്‍ ആന്റിബയോട്ടിക്കിനൊപ്പം കഴിക്കുന്ന അഞ്ചു പേരില്‍ ഒരാളും ആന്റിബയോട്ടിക്കിനൊപ്പം ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കഴിക്കന്ന നാലില്‍ ഒരാളും മരിക്കുന്നു എന്നാണ് പഠനം പറയുന്നത്. അതേ സമയം, കോവിഡ് ബാധിച്ച രോഗികളില്‍ ഈ മരുന്ന് കഴിക്കാത്തവരിലുള്ള മരണസംഖ്യ 11ല്‍ ഒന്ന് മാത്രമാണ്.

 

ഇതുവരെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടന്നിട്ടില്ല എന്നതിനാലും രോഗം, ലിംഗം, മറ്റ് അസുഖങ്ങള്‍ മുതലയായവും പരിഗണിക്കേണ്ടതുണ്ട് എന്നതിനാല്‍ ഈ ഫലങ്ങള്‍ പൂര്‍ണമായി കൃത്യമാകണമെന്നില്ല എന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. എങ്കില്‍ പോലും ഇത്ര വലിയ വ്യത്യാസം മരണനിരക്കില്‍ ഉണ്ടാകുന്നു എന്നതു കൊണ്ടു തന്നെ മലേറിയയ്ക്കുള്ള മരുന്ന് കോവിഡിനെ പ്രതിരോധിക്കാന്‍ കഴിക്കുന്നത് അപകടകരമാണെന്ന് തന്നെ ഈ പഠനം നടത്തിയ യു.എസ് ഗവേഷകര്‍ വ്യക്തമാക്കുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.