Breaking Now

മൂര്‍ഖനെ ഉപയോഗിച്ച് ഭാര്യയെ വകവരുത്തിയ ഭര്‍ത്താവിന്റെ കഥ ആഘോഷമാക്കി ബ്രിട്ടീഷ് മാധ്യമങ്ങളും; അണലിയെ കൊണ്ട് കടിപ്പിച്ച് കൊല്ലാന്‍ നോക്കിയിട്ടും പരാജയപ്പെട്ടതോടെ മൂര്‍ഖനെ എറിഞ്ഞ സൂരജിന്റെ ക്രൂരത അന്തര്‍ദേശീയ വാര്‍ത്ത; കേരളത്തില്‍ നിന്നുള്ള നഴ്‌സുമാരുടെ ത്യാഗത്തിനിടെ നാട്ടുകാരന്റെ ക്രൂരത വാര്‍ത്തകളില്‍ നിറയുമ്പോള്‍!

അണലിയെ കൊണ്ട് കടിപ്പിച്ച് കൊല്ലാനുള്ള ശ്രമം പരാജയപ്പെട്ടതോടെ മൂര്‍ഖനെ ഉപയോഗിച്ച് വകവരുത്തിയ 27-കാരന്‍ സൂരജാണ് ഈ വാര്‍ത്തകളിലെ വില്ലന്‍

കേരളത്തില്‍ നിന്നുള്ള നഴ്‌സുമാരും, ആരോഗ്യ പ്രവര്‍ത്തകരും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊറോണാവൈറസിനെതിരായ പോരാട്ടത്തില്‍ മുന്നിലുണ്ട്. യുകെയിലും സ്ഥിതി വ്യത്യസ്തമല്ല. നിരവധി മലയാളി നഴ്‌സുമാരും, ആരോഗ്യ പ്രവര്‍ത്തകരും സജീവമായി തന്നെ എന്‍എച്ച്എസിന്റെ യുദ്ധ മുന്നണിയിലുണ്ട്. നിരവധി പേരുടെ ജീവന്‍ ഇതിനകം തന്നെ നഷ്ടമാകുകയും ചെയ്തു. ഇതിലൂടെ കൊച്ചുകേരളത്തില്‍ നിന്നെത്തുന്ന മലയാളി സമൂഹത്തിന് ബ്രിട്ടനില്‍ അഭിമാനകരമായ സ്ഥാനം അലങ്കരിക്കാന്‍ സാധിക്കുന്നുണ്ട്. 

പക്ഷെ ഇപ്പോള്‍ ബ്രിട്ടനിലെ മാധ്യമങ്ങള്‍ക്ക് ഇതിലും നല്ലൊരു വാര്‍ത്തയാണ് കേരളത്തില്‍ നിന്നും കരാഗതമായിരിക്കുന്നത്. ഭാര്യയെ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് കൊന്ന ഭര്‍ത്താവിന്റെ കഥയാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചത്. ലോകത്ത് മുന്‍പ് കേട്ടിട്ടില്ലാത്ത തരത്തിലുള്ള ക്രൂരകൃത്യം ആയത് കൊണ്ട് തന്നെയാകും ഈ പ്രാധാന്യം. പറഞ്ഞുവരുന്നത് കൊല്ലത്ത് നടന്ന കൊലപാതക കഥയാണ്. ഏതാനും ദിവസങ്ങളായി കൊറോണയേക്കാള്‍ ഏറെ പ്രാധാന്യത്തോടെ കേരളത്തിലെ മാധ്യമങ്ങള്‍ ഈ വാര്‍ത്ത ആഘോഷിച്ച് വരികയാണ്. 

അണലിയെ കൊണ്ട് കടിപ്പിച്ച് കൊല്ലാനുള്ള ശ്രമം പരാജയപ്പെട്ടതോടെ മൂര്‍ഖനെ ഉപയോഗിച്ച് വകവരുത്തിയ 27-കാരന്‍ സൂരജാണ് ഈ വാര്‍ത്തകളിലെ വില്ലന്‍. പാമ്പുപിടുത്തക്കാരുമായി ബന്ധമുണ്ടെന്നും, പതിവായി പാമ്പ് വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ കാണാറുണ്ടായെന്നും ഇയാളുടെ ഫോണ്‍ റെക്കോര്‍ഡുകള്‍ തെളിവ് നല്‍കിയതോടെയാണ് ഒരു സാധാരണ പാമ്പുകടി മരണമായി ഒതുങ്ങേണ്ട വാര്‍ത്ത കൊലപാതകമാണെന്ന് തെളിഞ്ഞത്. മാര്‍ച്ചിലാണ് അണലിയെ ഉപയോഗിച്ചതെങ്കിലും ഭാര്യ ഉത്ര മരണത്തില്‍ നിന്നും രക്ഷപ്പെട്ടു. രണ്ട് മാസത്തോളം ആശുപത്രിയിലായിരുന്നു അവര്‍. 

ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജായി സ്വന്തം വീട്ടില്‍ ആരോഗ്യം വീണ്ടെടുക്കുമ്പോഴാണ് ഒന്നും അറിയാത്ത രീതിയില്‍ ഇവിടെ തങ്ങിയ സൂരജ് വീണ്ടും പണിയൊപ്പിച്ചത്. ഇക്കുറി പാമ്പുപിടുത്തക്കാരനില്‍ നിന്നും മൂര്‍ഖനെയാണ് വാങ്ങിയത്. ഉറങ്ങിക്കിടന്ന ഉത്രയെ മൂര്‍ഖനെ കൊണ്ട് കടിപ്പിച്ചു, ആശുപത്രിയില്‍ എത്തുമ്പോഴേക്കും ഉത്ര മരിച്ചിരുന്നു. എന്നാല്‍ ഭാര്യയുടെ മരണം നടന്ന് ദിവസങ്ങള്‍ക്കകം ഭാര്യയുടെ സ്വത്തില്‍ അവകാശം നേടാന്‍ സൂരജ് ശ്രമിച്ചതാണ് ഉത്രയുടെ രക്ഷിതാക്കളില്‍ സംശയം ജനിപ്പിച്ചത്. 

ഈ ദമ്പതികള്‍ക്ക് ഒരു വയസ്സുള്ള കുഞ്ഞുള്ളപ്പോഴാണ് സൂരജ് ഈ ക്രൂരത പ്രവര്‍ത്തിച്ചത്. 100 പവനും, പുതിയ കാറും, 5 ലക്ഷം രൂപയും സ്ത്രീധനം വാങ്ങിയാണ് സൂരജ് ഉത്രയെ വിവാഹം ചെയ്തത്. വിവാഹമോചനം നേടിയാല്‍ ഇതെല്ലാം തിരികെ നല്‍കേണ്ടി വരുമെന്ന് ഭയന്നാണ് ഭാര്യയെ പാമ്പിനെ ഉപയോഗിച്ച് വകവരുത്തി തലയൂരാന്‍ ശ്രമിച്ചത്. ഇത്തരമൊരു വാര്‍ത്ത പാശ്ചാത്യ മാധ്യമങ്ങളില്‍ അത്ഭുതം സൃഷ്ടിച്ചില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ. 
കൂടുതല്‍വാര്‍ത്തകള്‍.