Breaking Now

കൊറോണ തടസ്സപ്പെടുത്തിയ വിവാഹം ജോലി ചെയ്യുന്ന ആശുപത്രിയില്‍ നടത്തി ലങ്കന്‍ ഡോക്ടറും, ഐറിഷ് നഴ്‌സും; വിവാഹ വേദിയായത് ഇരുവരും കൊറോണ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ലണ്ടന്‍ സെന്റ് തോമസ് ഹോസ്പിറ്റല്‍

സൗത്ത് ലണ്ടനിലെ ടുള്‍സെ ബില്ലില്‍ താമസിക്കുന്ന ഈ ദമ്പതികള്‍ ആഗസ്റ്റില്‍ നടത്താനിരുന്ന ചടങ്ങാണ് ഒഴിവാക്കേണ്ടി വന്നത്

കൊറോണാവൈറസ് സാധാരണ മനുഷ്യ ജീവിതത്തെ തെല്ലൊന്നുമല്ല ബാധിച്ചിട്ടുള്ളത്. വിവാഹങ്ങള്‍ റദ്ദാക്കപ്പെടുകയും, മരിച്ച് മണ്ണടിയുന്ന മനുഷ്യന്റെ അന്ത്യയാത്രയില്‍ പ്രിയപ്പെട്ടവര്‍ക്ക് സാക്ഷ്യം വഹിക്കാന്‍ പോലും കഴിയാത്ത അവസ്ഥയുമുണ്ട്. പക്ഷെ വൈറസിന് ജനക്കൂട്ടം അത്രയേറെ പ്രിയമായത് കൊണ്ട് താല്‍ക്കാലികമായി ഇതില്‍ നിന്നെല്ലാം ഒഴിഞ്ഞ് നിന്നേ മതിയാകൂ എന്നതാണ് അവസ്ഥ. ഇത്തരത്തില്‍ കൊറോണാവൈറസ് മൂലം വിവാഹ ചടങ്ങുകള്‍ റദ്ദാക്കേണ്ടി വന്ന ഒരു ഡോക്ടറും, നഴ്‌സും തങ്ങള്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ കൈപിടിച്ച് ഒന്നായി. 

ഡോക്ടറായ 30-കാരന്‍ അണ്ണാളന്‍ നവരത്‌നം, നഴ്‌സ് 34-കാരി ജാന്‍ ടിപ്പിംഗ് എന്നിവരാണ് കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ നിന്നും ചെറിയ ഇടവേളയെടുത്ത് ലണ്ടന്‍ സെന്റ് തോമസ് ഹോസ്പിറ്റലിലെ ഗ്രേഡ് 2 ലിസ്റ്റിലുള്ള ചാപ്പലില്‍ വെച്ച് വിവാഹിതരായത്. സവിശേഷമായ ഈ കാഴ്ച ദൂരെ നിന്ന് കാണാന്‍ മാത്രമാണ് അതിഥികള്‍ക്ക് സാധിച്ചത്. സാക്ഷികളില്‍ ഒരാള്‍ സര്‍വ്വീസ് ലൈവ് സ്ട്രീം ചെയ്തതോടെയാണ് സുഹൃത്തുക്കള്‍ക്കും, കുടുംബാംഗങ്ങള്‍ക്കും ചടങ്ങ് കാണാന്‍ കഴിഞ്ഞത്. 

സൗത്ത് ലണ്ടനിലെ ടുള്‍സെ ബില്ലില്‍ താമസിക്കുന്ന ഈ ദമ്പതികള്‍ ആഗസ്റ്റില്‍ നടത്താനിരുന്ന ചടങ്ങാണ് ഒഴിവാക്കേണ്ടി വന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ടിലും, ശ്രീലങ്കയില്‍ നിന്നുമുള്ള ഇവരുടെ ബന്ധുക്കള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെയാണ് ഇത്. വിവാഹം മാറ്റിവെയ്ക്കുന്നതിന് പകരം ഇത് നടത്താന്‍ ഇവര്‍ തീരുമാനിച്ചു. ആശുപത്രിയിലെ ചാപ്ലിന്‍ ടീം സ്വകാര്യ വിവാഹ ചടങ്ങിന് പച്ചക്കൊടി കാണിച്ചതോടെയാണ് ചടങ്ങ് നടപ്പായത്. 

'പ്രിയപ്പെട്ടവര്‍ ആരോഗ്യത്തോടെ ഇരിക്കുമ്പോള്‍ ചടങ്ങ് നടത്തണമെന്നാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. അവര്‍ സ്‌ക്രീനില്‍ ചടങ്ങ് കാണേണ്ടി വന്നാലും അതാണ് നല്ലത്', ആംബുലേറ്ററി എമര്‍ജന്‍സി നഴ്‌സായ ടിപ്പിംഗ് പറഞ്ഞു. സെന്റ് തോമസില്‍ ജോലി ചെയ്യുന്നതിനാല്‍ തങ്ങള്‍ ഇരുവര്‍ക്കും ഈ വേദി സുപ്രധാനമാണെന്ന് ടിപ്പിംഗ് കൂട്ടിച്ചേര്‍ത്തു. അക്യൂട്ട് മെഡിക്കല്‍ രജിസ്ട്രാര്‍ ആയ നവരത്‌നം ഒരു വര്‍ഷമായി സെന്റ് തോമസില്‍ ജോലി ചെയ്യുന്നു. ഏപ്രില്‍ 24ന് നടന്ന ചടങ്ങില്‍ ജസ്റ്റ് റവ. മിയാ ഹില്‍ബോണും, രണ്ട് സാക്ഷികളും മാത്രമാണ് പങ്കെടുത്തത്. 

ഡോക്ടറുടെയും, നഴ്‌സിന്റെയും വിവാഹ വാര്‍ത്ത അറിഞ്ഞ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് സ്‌നേഹോഷ്മളമായ പരിപാടിയാണ് നടന്നതെന്ന് പ്രതികരിച്ചു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൊറോണ ബാധിക്കപ്പെട്ടപ്പോള്‍ സെന്റ് തോമസ് ഹോസ്പിറ്റലിലാണ് ചികിത്സ തേടിയത്. 
കൂടുതല്‍വാര്‍ത്തകള്‍.