Breaking Now

ബ്രിട്ടനെ ഞെട്ടിച്ച് ഗ്ലാസ്‌ഗോ ഹോട്ടലില്‍ സുഡാന്‍ അഭയാര്‍ത്ഥിയുടെ കത്തിക്കുത്ത് അക്രമം; തടയാനെത്തിയ പോലീസ് ഓഫീസര്‍ കുത്തേറ്റ് ഗുരുതരാവസ്ഥയില്‍; ആറ് പേര്‍ക്ക് കുത്തേറ്റു; 3 പേരുടെ നില ഗുരുതരം; അക്രമിയെ കുതിച്ചെത്തിയ സായുധ പോലീസ് വെടിവെച്ച് കൊന്നു

സംഭവം തീവ്രവാദി അക്രമമാകാന്‍ വഴിയില്ലെന്ന് കുര്‍ദിഷ് കമ്മ്യൂണിറ്റി സ്‌കോട്ട്‌ലണ്ടിലെ അകോ സാദ

ഗ്ലാസ്‌ഗോയിലെ ഹോട്ടലില്‍ അഭയാര്‍ത്ഥിയുടെ കത്തിക്കുത്ത്. ആറ് പേരെ കുത്തിപ്പരുക്കേല്‍പ്പിച്ച അക്രമിയെ കീഴടക്കാന്‍ ഓടിയെത്തിയ പോലീസുകാരന്‍ കുത്തേറ്റ് ഗുരുതരാവസ്ഥയിലാണ്. മറ്റുള്ളവരെ അക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുമ്പോഴാണ് അക്രമി 42-കാരനായ ഡേവിഡ് വൈറ്റിനെ തുടര്‍ച്ചയായി കുത്തിയതെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. സുഡാനില്‍ നിന്നെത്തിയ അക്രമി അഭയാര്‍ത്ഥികള്‍ താമസിക്കുന്ന പാര്‍ക്ക് ഇന്‍ ഹോട്ടലിലാണ് ഭ്രാന്തനെ പോലെ കത്തിയെടുത്ത് അക്രമം അഴിച്ചുവിട്ടത്. വിവരം അറിഞ്ഞ് രണ്ട് മിനിറ്റിനകം സ്ഥലത്തെത്തിയ സായുധ പോലീസ് ഇയാളെ വെടിവെച്ച് കൊന്നതോടെയാണ് ദുരന്തം തടഞ്ഞത്. 

'സ്‌കോട്ട്‌ലണ്ടില്‍ ഇത്തരം സംഭവങ്ങള്‍ അപൂര്‍വ്വമാണെങ്കിലും മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ അപകടത്തിന് നേര്‍ക്ക് ഓടിയെത്തുന്ന പോലീസ് ഓഫീസര്‍മാരുടെ ധൈര്യവും, പ്രൊഫഷണലിസവുമാണ് ഇത് ഓര്‍മ്മിപ്പിക്കുന്നത്. പോലീസ് ഓഫീസര്‍മാര്‍ക്കൊപ്പമാണ് ഈ നിമിഷം നന്ദി അറിയിക്കേണ്ടത്. പ്രത്യേകിച്ച് പൊതുജനങ്ങളെ സുരക്ഷിതമാക്കാന്‍ ശ്രമിച്ച് പരുക്കേറ്റ ഓഫീസര്‍ക്ക്', ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജന്‍ വ്യക്തമാക്കി. 

കൊറോണാവൈറസ് മൂലം ഹോട്ടലിലെ അവസ്ഥ മോശമാകുകയും, പ്രതി 'വളരെ വിശപ്പ്' അനുഭവിക്കുന്നതായി പരാതിപ്പെടുകയും ചെയ്ത ശേഷമാണ് അക്രമം അഴിച്ചുവിട്ടത്. പാര്‍ക്ക് ഇന്‍ ഹോട്ടലില്‍ ദിവസേന 5 പൗണ്ടില്‍ താഴെയാണ് ജീവിക്കാന്‍ അനുവദിക്കുന്നത്. ഈ ഹോട്ടലിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതോടെ മറ്റ് അഭയാര്‍ത്ഥികള്‍ക്ക് എതിരെ അക്രമം നടത്തുമെന്ന് സുഡാന്‍ അഭയാര്‍ത്ഥി ഭീഷണി മുഴക്കിയിരുന്നതായാണ് റിപ്പോര്‍ട്ട്. ഗ്ലാസ്‌ഗോ റോയല്‍ ഇന്‍ഫേര്‍മറി, ക്യൂന്‍ എലിസബത്ത് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ അഞ്ച് പേര്‍ പരുക്കേറ്റ് ചികിത്സയിലുണ്ട്. 

സിയാറ ലിയോണില്‍ നിന്നുള്ള 17 വയസ്സുള്ള ആണ്‍കുട്ടിയും ഇതില്‍ ഉള്‍പ്പെടും. 18, 20, 38, 53 എന്നിങ്ങനെ പ്രായത്തിലുള്ളവരാണ് മറ്റ് ഇരകള്‍. രണ്ട് റിസപ്ഷനിസ്റ്റുകള്‍, മെയിന്റനന്‍സ് ജീവനക്കാരന്‍, ഹോട്ടലില്‍ താമസിച്ചവര്‍ എന്നിവരാണ് ഈ പരുക്കേറ്റവരെന്നാണ് കരുതുന്നത്. കൊറോണ പ്രതിസന്ധിക്കിടെ മുന്നൂറോളം വരുന്ന അഭയാര്‍ത്ഥി അപേക്ഷകരെ ഈ ഹോട്ടലില്‍ ഉള്‍പ്പെടെ ആറ് ഇടങ്ങളിലായാണ് ഗ്ലാസ്‌ഗോയില്‍ പാര്‍പ്പിച്ചിരിക്കുന്നത്. അക്രമം നടക്കുമ്പോള്‍ പാര്‍ക്ക് ഇന്നില്‍ 100 പേര്‍ ഉണ്ടായിരുന്നതായാണ് വിവരം. ജൂണ്‍ 4 മുതല്‍ ഹോട്ടലില്‍ പാര്‍പ്പിച്ച അഭയാര്‍ത്ഥികളുടെ ദുരവസ്ഥയെക്കുറിച്ച് ആക്ടിവിസ്റ്റുകള്‍ മിയേഴ്‌സ് ഗ്രൂപ്പിനെയും, ഹോം ഓഫീസിലും തുടര്‍ച്ചയായി അറിയിച്ചിരുന്നു. 

സംഭവം തീവ്രവാദി അക്രമമാകാന്‍ വഴിയില്ലെന്ന് കുര്‍ദിഷ് കമ്മ്യൂണിറ്റി സ്‌കോട്ട്‌ലണ്ടിലെ അകോ സാദ പറഞ്ഞു. ഹോട്ടലിലെ മോശം സാഹചര്യങ്ങള്‍ വിഷാദത്തിനും, മാനസിക പ്രശ്‌നങ്ങള്‍ക്കും ഇടയാക്കിയിരിക്കാമെന്ന് ഇദ്ദേഹം ചൂണ്ടിക്കാണിച്ചു. 
കൂടുതല്‍വാര്‍ത്തകള്‍.