CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
49 Minutes 31 Seconds Ago
Breaking Now

ലെസ്റ്റര്‍ അടച്ചുപൂട്ടി മാറ്റ് ഹാന്‍കോക്; 'ലോക്കല്‍' ലോക്ക്ഡൗണ്‍ യുകെയിലെ പുതിയ കേസുകളില്‍ 10% ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്തതോടെ; ഷോപ്പുകളും, സ്‌കൂളും അടച്ചു; നഗരത്തിലേക്കും, പുറത്തേക്കും യാത്രക്ക് വിലക്ക്; പുതിയ ഇളവുകള്‍ ബാധകമാകില്ല!

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നഗരത്തില്‍ 944 പുതിയ പോസിറ്റീവ് കൊവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ലോക്കല്‍ ലോക്ക്ഡൗണ്‍

പുതിയ കൊറോണാവൈറസ് കേസുകള്‍ കുതിച്ചുയര്‍ന്നതോടെ അടിയന്തര ആവശ്യമില്ലാത്ത ഷോപ്പുകളും, സ്‌കൂളുകളും അടച്ച് ലെസ്റ്റര്‍ നഗരത്തില്‍ ലോക്ക്ഡൗണ്‍ തിരികെയെത്തിച്ച് മാറ്റ് ഹാന്‍കോക്. രണ്ടാഴ്ചത്തേക്കെങ്കിലും ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് നഗരത്തില്‍ ലോക്ക്ഡൗണ്‍ നിബന്ധനകള്‍ ദീര്‍ഘിപ്പിച്ചതായി ഹെല്‍ത്ത് സെക്രട്ടറി സ്ഥിരീകരിച്ചു. ജൂണ്‍ 15ന് പുനരാരംഭിച്ച ഷോപ്പുകളാണ് ഇന്ന് മുതല്‍ അടച്ചിടുന്നത്. സ്‌കൂളുകള്‍ വ്യാഴാഴ്ചയും അടയ്ക്കും. 

ഈ ശനിയാഴ്ച രാജ്യവ്യാപകമായി കൂടുതല്‍ ഇളവുകള്‍ നടപ്പാക്കാന്‍ ഇരിക്കവെയാണ് ലെസ്റ്റര്‍ നഗരത്തില്‍ ലോക്ക്ഡൗണ്‍ തിരിച്ചെത്തുന്നത്. പബ്ബുകള്‍, ഹെയര്‍ സലൂണ്‍, റെസ്റ്റൊറന്റുകള്‍ എന്നിവ മറ്റിടങ്ങളില്‍ തുറക്കുമ്പോള്‍ ലെസ്റ്റര്‍ നഗരത്തിന് ഇതിനായി വീണ്ടും കാത്തിരിക്കേണ്ടി വരും. പരമാവധി സാഹചര്യങ്ങളിലെല്ലാം വീടുകളില്‍ തന്നെ തുടരാനാണ് പ്രദേശവാസികള്‍ക്ക് നല്‍കിയിട്ടുള്ള ഉപദേശം. അടിയന്തരമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കാനും മുന്നറിയിപ്പില്‍ നിര്‍ദ്ദേശിക്കുന്നു. ലെസ്റ്ററില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്ന പുതിയ കേസുകളുടെ എണ്ണത്തില്‍ നേരിട്ട കുതിപ്പാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ബ്രിട്ടനില്‍ രേഖപ്പെടുത്തിയ പോസിറ്റീവ് കേസുകളില്‍ 10 ശതമാനവും ഇവിടെ നിന്നായിരുന്നു. 

1 ലക്ഷം പേരില്‍ 135 പേര്‍ക്ക് വീതമാണ് ലെസ്റ്ററിലെ ഇന്‍ഫെക്ഷന്‍ നിരക്ക്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വന്‍തോതില്‍ ഉയര്‍ന്ന് നില്‍ക്കുന്നു, പ്രതിദിനം ആറ് മുതല്‍ 10 വരെയാണ് ഈ നിരക്ക്. 'ലെസ്റ്ററിലെയും, ലെസ്റ്റര്‍ഷയറിലെയും ലോക്കല്‍ ടീമുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ബുദ്ധിമുട്ടേറിയ സുപ്രധാനമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത്. നോണ്‍-എസെന്‍ഷ്യല്‍ റീട്ടെയില്‍ അടയ്ക്കുന്നതിന് പുറമെ മഹാമാരിയുടെ ആഘാതം പ്രധാനമായും ഏറ്റുവാങ്ങിയ കുട്ടികളുടെ സ്‌കൂളുകള്‍ വ്യാഴാഴ്ച മുതല്‍ അടയ്ക്കും. ക്രിട്ടിക്കല്‍ കെയര്‍ ജീവനക്കാരുടെ മക്കള്‍ക്ക് മാത്രമായി സ്‌കൂള്‍ പ്രവര്‍ത്തിക്കും. ലെസ്റ്ററിലെ എല്ലാ ജനങ്ങളോടും വീടുകളില്‍ തുടരാനാണ് നിര്‍ദ്ദേശിക്കുന്നത്. നഗരത്തില്‍ നിന്ന് പുറത്തേക്കും, അകത്തേക്കും യാത്ര ഒഴിവാക്കണം. സാമൂഹിക അകലം പാലിക്കണം. കൂടുതല്‍ നടപടികളില്‍ ആവശ്യമായാല്‍ സ്വീകരിക്കും', മാറ്റ് ഹാന്‍കോക് കോമണ്‍സില്‍ പ്രസ്താവിച്ചു. 

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നഗരത്തില്‍ 944 പുതിയ പോസിറ്റീവ് കൊവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ലോക്കല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മഹാമാരി തുടങ്ങിയ ശേഷം ലെസ്റ്ററില്‍ രേഖപ്പെടുത്തിയ 3216 കേസുകളില്‍ കാല്‍ഭാഗം വരും ഇത്. ആവശ്യമായ സമയത്തില്‍ കൂടുതല്‍ പ്രദേശത്ത് ലോക്ക്ഡൗണ്‍ നീട്ടില്ലെന്നും ഹാന്‍കോക് കൂട്ടിച്ചേര്‍ത്തു. ലെസ്റ്റര്‍ നഗരത്തിന് പുറമെ ഓഡ്ബി, ബര്‍സ്റ്റാള്‍, ഗ്ലെന്‍ഫീല്‍ഡ് ഉള്‍പ്പെടെ പരിസര പ്രദേശങ്ങളും ഈ വിലക്കുകള്‍ ബാധകമാകും. 




കൂടുതല്‍വാര്‍ത്തകള്‍.