CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 22 Minutes 46 Seconds Ago
Breaking Now

എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ മകന് സമ്മാനവുമായി നാട്ടിലേക്ക് പുറപ്പെടാനിരുന്ന മലയാളി എയര്‍പോര്‍ട്ടില്‍ കുഴഞ്ഞുവീണു മരിച്ചു ; കോവിഡ് സ്ഥിരീകരിച്ചതോടെ വിദേശത്തു തന്നെ സംസ്‌കാരം

കോവിഡ് സ്ഥിരീകരിച്ചതിനാല്‍ മൃതദേഹം റാസല്‍ഖൈമയില്‍ തന്നെ സംസ്‌കരിച്ചു.

എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ മകന് സമ്മാനവുമായി നാട്ടിലേക്ക് പുറപ്പെടാന്‍ വിമാനത്താവളത്തില്‍ എത്തിയ മലയാളി കുഴഞ്ഞു വീണു മരിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടതോടെ മൃതദേഹം അവിടെ തന്നെ സംസ്‌കരിക്കാന്‍ തീരുമാനിച്ചു.

കുറ്റ്യാടി കായക്കൊടി സ്വദേശി പവിത്രന്‍ ആണ് മകനെ ഒരുനോക്ക് കാണാതെ ലോകം വിട്ടത്. പരീക്ഷയില്‍ വിജയിച്ച മകന്‍ ധനൂപിന് വാങ്ങിവെച്ച സമ്മാനം ഉള്‍പ്പെടെയുള്ള ബാഗേജ് കണ്ണീരോര്‍മയായി റാസല്‍ഖൈമ എയര്‍പോര്‍ട്ടില്‍ തന്നെയുണ്ട്. കെം.എം.സി.സി ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് വിമാനത്തില്‍ ചൊവ്വാഴ്ച രാത്രി നാട്ടിലേക്ക് പുറപ്പെടാന്‍ എത്തിയതായിരുന്നു ഇദ്ദേഹം . കോവിഡ് ടെസ്റ്റിന് കാത്തിരിക്കുന്നതിനിടയിലാണ് നെഞ്ചുവേദന അനുഭവപ്പെട്ട പവിത്രന്‍ കുഴഞ്ഞുവീണു മരിച്ചത്. പെട്ടെന്നുള്ള വിയോഗത്തില്‍ ഞെട്ടലിലാണ് റാസല്‍ഖൈമയിലെ സാമൂഹിക പ്രവര്‍ത്തകരും.

അജ്മാനിലെ ഒരു ജ്വല്ലറിക്ക് ചുവടെ സ്വര്‍ണാഭരണ നിര്‍മാണ ജോലിക്കാരനായിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് മൂന്നു മാസത്തോളമായി ജോലിയില്ല. മകന്‍ ധനൂപിന് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചതില്‍ ഏറെ സന്തോഷത്തിലായിരുന്നു പവിത്രന്‍.

കോവിഡ് സ്ഥിരീകരിച്ചതിനാല്‍ മൃതദേഹം റാസല്‍ഖൈമയില്‍ തന്നെ സംസ്‌കരിച്ചു. പ്രിയപ്പെട്ട മകന് അച്ഛന്‍ അവസാനമായി വാങ്ങിവെച്ച സമ്മാനമടങ്ങിയ ബാഗേജ് സ്‌പൈസ് ജെറ്റ് കമ്പനി നാളെ നാട്ടിലെത്തിക്കും. എന്നിരുന്നാലും ഇനിയൊരു കൂടിക്കാഴ്ച അച്ഛനും മകനും തമ്മിലുണ്ടാകില്ലെന്നത് ഏവരുടേയും ഹൃദയത്തില്‍ വേദനയാകുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.