CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 35 Minutes 38 Seconds Ago
Breaking Now

'കൊന്ന പാപം, കൈയടിച്ച് തീര്‍ക്കും'; നാളെ എന്‍എച്ച്എസിന് 72-ാം പിറന്നാള്‍; കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന്റെ വീഴ്ചകള്‍ തുറന്ന് കാണിച്ച് കാന്‍ഡില്‍ ലൈറ്റ് വിജിലുമായി ലണ്ടനില്‍ എന്‍എച്ച്എസ് ജീവനക്കാര്‍ തെരുവിലിറങ്ങി; ഞായറാഴ്ച കൈയടിച്ച് പ്രോത്സാഹിപ്പിച്ച് ബ്രിട്ടന്‍ നന്ദിയില്‍ ഒതുക്കും!

കഴിഞ്ഞ മാസം വരെയുള്ള കണക്കുകള്‍ പ്രകാരം 300-ലേറെ എന്‍എച്ച്എസ്, സോഷ്യല്‍ കെയര്‍ ജീവനക്കാരാണ് മഹാമാരിക്ക് ഇടയില്‍ മരിച്ചത്

ഒരുങ്ങാനുള്ള സമയം ലഭിച്ചിട്ടും ആവശ്യത്തിന് തയ്യാറെടുപ്പുകളില്ലാതെയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ കൊറോണാവൈറസ് പ്രതിരോധത്തിന് ഇറങ്ങിയത്. ഇതിന്റെ പരിണിതഫലം ഏറ്റവും കൂടുതല്‍ പ്രതിഫലിച്ചതും, അനുഭവിച്ചതും എന്‍എച്ച്എസ് ജീവനക്കാരും, കെയര്‍ ഹോം ജീവനക്കാരുമാണ്. മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യത്തിന് സുരക്ഷാവസ്ത്രങ്ങളോ, കൈയുറകളോ പോലും ഇല്ലാതെ ചാടിയിറങ്ങിയ പലര്‍ക്കും സ്വന്തം ജീവന്‍ നഷ്ടമായി. ഈ വേദന പങ്കുവെച്ച് കൊണ്ടാണ് എന്‍എച്ച്എസിന്റെ 72-ാം പിറന്നാള്‍ നാളെ ആഘോഷിക്കുന്നതിന് മുന്നോടിയായി ഡസന്‍ കണക്കിന് എന്‍എച്ച്എസ് ജീവനക്കാര്‍ ലണ്ടനില്‍ കാന്‍ഡില്‍ ലൈറ്റ് വിജില്‍ സംഘടിപ്പിച്ചത്.

കൊറോണാവൈറസ് ഇരകളെ സ്മരിക്കുന്നതിനൊപ്പം സര്‍ക്കാര്‍ പ്രതിസന്ധി നേരിടുന്നതില്‍ വരുത്തിയ വീഴ്ചകളിലേക്ക് ശ്രദ്ധ ക്ഷണിക്കാനും കാന്‍ഡില്‍ ലൈറ്റ് വിജില്‍ കൊണ്ട് സാധിച്ചു. ഞായറാഴ്ച എന്‍എച്ച്എസ് വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി എന്‍എച്ച്എസ് ജീവനക്കാര്‍ക്കും, കെയറര്‍മാര്‍ക്കും നന്ദി അറിയിച്ച് കൈയടിച്ച് പാസാക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ വെറും കൈയടികളല്ല പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടതെന്ന് എന്‍എച്ച്എസ് ജീവനക്കാര്‍ പലകുറി സര്‍ക്കാരിനെ അറിയിച്ചിരുന്നു. 

50-ഓളം വരുന്ന എന്‍എച്ച്എസ് ജീവനക്കാരും, ക്യാംപെയിനര്‍മാരുമാണ് കൊറോണാവൈറസ് ബാധിച്ച് മരിച്ച ഓരോ ആയിരം പേര്‍ക്കുമായി ഒരു വിളക്ക് വീതം എടുത്തത്. സെന്റ് തോമസ് ഹോസ്പിറ്റലില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് വെസ്റ്റ്മിന്‍സ്റ്റര്‍ ബ്രിഡ്ജ് കടന്ന് ഡൗണിംഗ് സ്ട്രീറ്റിലേക്ക് നീങ്ങി. 20 മിനിറ്റ് നീണ്ട കാന്‍ഡില്‍ ലൈറ്റ് വിജിലില്‍ വൈറസ് ബാധിച്ച് മരിച്ച സഹജീവനക്കാരുടെ പേരുകള്‍ ഡോക്ടര്‍മാരും, മറ്റ് ആരോഗ്യ പ്രവര്‍ത്തകരും വായിച്ചു. 'ദുഃഖകരമായ അവസ്ഥയാണ്. 72-ാം എന്‍എച്ച്എസ് വാര്‍ഷികത്തിന് ആഘോഷങ്ങള്‍ ഉണ്ടാകും. പക്ഷെ അതിലേറെ പ്രധാനമാണ് സര്‍ക്കാരിന്റെ വീഴ്ച നിരവധി പേരുടെ ജീവന്‍ നഷ്ടമാക്കിയെന്ന വസ്തുത തുറന്ന് കാണിക്കേണ്ടത്. ഈ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നതാണ് വെളിച്ചം കൈയില്‍ പിടിച്ച് നടന്നുകൊണ്ട് ഓര്‍മ്മിപ്പിച്ചത്', സംഘാടകരില്‍ ഒരാളായ പീപ്പിള്‍സ് അസംബ്ലി നാഷണല്‍ ഓര്‍ഗനൈസര്‍ റൊമാന മക്കാര്‍ട്ടിനി പറഞ്ഞു. 

കഴിഞ്ഞ മാസം വരെയുള്ള കണക്കുകള്‍ പ്രകാരം 300-ലേറെ എന്‍എച്ച്എസ്, സോഷ്യല്‍ കെയര്‍ ജീവനക്കാരാണ് മഹാമാരിക്ക് ഇടയില്‍ മരിച്ചത്. എന്നാല്‍ ഇതിലൊന്നും പ്രതികരിക്കാന്‍ തയ്യാറാകാത്ത ബോറിസ് അവസാനമായി ഒരുതവണ കൂടി രാജ്യം എന്‍എച്ച്എസ്, കെയര്‍ ജീവനക്കാര്‍ക്കായി കൈയടിക്കുമെന്ന് അറിയിച്ചു. ഞായറാഴ്ച വൈകുന്നേരം 5 മണിക്കാണ് ചടങ്ങ്. ഇതിന്റെ ഭാഗമായി ഒരു നിമിഷത്തേക്ക് ബ്രോഡ്കാസ്റ്റിംഗ് നിര്‍ത്തിവെച്ച് ആദരവ് അര്‍പ്പിക്കാനും കമ്പനികള്‍ തീരുമാനിച്ചിട്ടുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.