Breaking Now

'മണിക്കിലുക്കവുമായി' സമ്പദ് വ്യവസ്ഥയെ രക്ഷിച്ചെടുക്കാന്‍ ചാന്‍സലര്‍; ഫുഡ് അടിച്ചാല്‍ 10 പൗണ്ട് ഓഫ്; മിനി ബജറ്റില്‍ സുനാക് അവതരിപ്പിച്ചത് ഓഫറുകള്‍; വാറ്റ് 20% നിന്ന് 5%-ലേക്ക് വെട്ടിക്കുറച്ചു; സ്റ്റാമ്പ് ഡ്യൂട്ടി ഇല്ലാതെ വീടുകള്‍ വാങ്ങാം; ഫര്‍ലോംഗ് ചെയ്യാത്ത ജീവനക്കാര്‍ക്കും ഫണ്ട്; പ്രഖ്യാപനങ്ങള്‍ ജനങ്ങള്‍ക്ക് ഗുണം ചെയ്യുമോ?

മൂന്ന് ഘട്ട സാമ്പത്തിക രക്ഷാ പദ്ധതികളില്‍ രണ്ടാമത്തെ പ്രഖ്യാപനമാണ് സുനാക് ഇപ്പോള്‍ നടത്തിയിരിക്കുന്നത്

സാമ്പത്തിക പ്രഖ്യാപനങ്ങള്‍ ജനത്തെ പുറത്തിറക്കി ചെലവ് ചെയ്യിക്കാനുള്ള ഓഫറുകളായി മാറ്റി ഋഷി സുനാകിന്റെ മിനി ബജറ്റ്. പബ്ബിലും, റെസ്റ്റൊറന്റിലും ഭക്ഷണം കഴിച്ചാല്‍ 10 പൗണ്ട് ഓഫ് ലഭിക്കുന്നത് ഉള്‍പ്പെടെയുള്ള ചെലവാക്കല്‍ യത്‌നമാണ് ചാന്‍സലര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. മുന്‍പൊരിക്കലും ഇല്ലാത്ത 500 മില്ല്യണ്‍ മീല്‍ ഡീലിനാണ് സര്‍ക്കാര്‍ ഫണ്ട് ഇറക്കുന്നതെന്ന് സുനാക് പ്രഖ്യാപിച്ചു. 

ആഗസ്റ്റില്‍ തിങ്കള്‍ മുതല്‍ ബുധന്‍ വരെ ദിവസങ്ങളില്‍ പുറത്ത് ഭക്ഷണം കഴിക്കുന്ന എല്ലാവര്‍ക്കും ഈ ഓഫര്‍ ബാധകമാണ്. 'ഈറ്റ് ഔട്ട് ഹെല്‍പ്പ് ഔട്ട്' പ്രോഗ്രാമിലൂടെയാണ് 10 പൗണ്ട് വീതം ഒരു വ്യക്തിക്ക് ഭക്ഷണത്തിന് ലഭിക്കുക. സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന രാജ്യത്തെ തിരിച്ചെത്തിക്കാന്‍ ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് വാറ്റില്‍ 15 ശതമാനം വെട്ടിക്കുറവ് നല്‍കിയാണ് സുനാക് കൈയയച്ച് സഹായിച്ചിരിക്കുന്നത്. ഇതോടെ റെസ്‌റ്റൊറന്റ്, ടേക്ക്എവേ ഭക്ഷണത്തിന്റെ നിരക്ക് വീണ്ടും കുറയും. 

ഭക്ഷണം, അക്കൊമഡേഷന്‍, മറ്റ് വിനോദങ്ങള്‍ എന്നിവയ്ക്കുള്ള വാറ്റ് 20 ശതമാനത്തില്‍ നിന്നാണ് അടുത്ത ബുധനാഴ്ച മുതല്‍ 2021 ജനുവരി വരെ 5% ആയി കുറയുന്നത്. വാറ്റ് ലാഭം ഉപഭോക്താക്കള്‍ക്ക് കൈമാറി ആളുകളെ തിരിച്ചെത്തിക്കാന്‍ ശ്രമിക്കണമെന്ന് സുനാക് ബിസിനസ്സുകളെ ഓര്‍മ്മിപ്പിച്ചു. ടാക്‌സ് മാറ്റിവെയ്ക്കല്‍, ബിസിനസ്സ് ലോണുകള്‍ എന്നിവയ്ക്കായി 123 ബില്ല്യണ്‍ പൗണ്ടും ചാന്‍സലര്‍ മാറ്റിവെച്ചിട്ടുണ്ട്. ജിഡിപിയുടെ 10 ശതമാനം ഇറക്കിയാണ് രാജ്യത്തെ കൊറോണ ആഘാതത്തില്‍ നിന്ന് കരകയറ്റാന്‍ അദ്ദേഹം ശ്രമിച്ചിരിക്കുന്നത്. 

മൂന്ന് ഘട്ട സാമ്പത്തിക രക്ഷാ പദ്ധതികളില്‍ രണ്ടാമത്തെ പ്രഖ്യാപനമാണ് സുനാക് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. മൂന്നാമത്തെ ഘട്ട പ്രഖ്യാപനം ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഓട്ടം സമയത്താകും നടത്തുക. ഭക്ഷണത്തിന് 10 പൗണ്ട് ഡിസ്‌കൗണ്ട് ജനങ്ങള്‍ പലതവണ ഉപയോഗിക്കാനുള്ള സാധ്യതയാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ജെഡി വെതര്‍സ്പൂണും, പിസാ എക്‌സ്പ്രസും ഉള്‍പ്പെടെയുള്ളവര്‍ പദ്ധതിക്ക് നന്ദി പറഞ്ഞു. 

ഫര്‍ലോംഗ് സ്‌കീമില്‍ പെടാത്ത ജീവനക്കാരെ ജോലിയില്‍ നിലനിര്‍ത്തുന്ന സ്ഥാപനങ്ങള്‍ക്ക് 1000 പൗണ്ട് വീതം ലഭ്യമാക്കുന്നതാണ് മറ്റൊരു പദ്ധതി. ഒപ്പം 24 വയസ്സ് വരെയുള്ളവരെ ജോലിക്ക് എടുത്താല്‍ ആറ് മാസത്തെ ഇവരുടെ ശമ്പളം സര്‍ക്കാര്‍ നല്‍കും. 500,000 പൗണ്ട് വരെയുള്ള വീടുകള്‍ 2021 മാര്‍ച്ച് 31 വരെ സ്റ്റാമ്പ് ഡ്യൂട്ടി മുക്തമാകും. ഇതിന് പുറമെ വീടുകളെ എനര്‍ജി എഫിഷ്യന്റായി മാറ്റാന്‍ 5000 പൗണ്ട് എനര്‍ജി സേവിംഗ് ഗ്രാന്റുകളും സര്‍ക്കാര്‍ ലഭ്യമാക്കും. നല്ല ഉദ്ദേശത്തോടെയുള്ള പദ്ധതികള്‍ ചൂഷണം ചെയ്യാനുള്ള സാധ്യതകളും ഏറെയാണെന്നതാണ് പ്രധാന പ്രശ്‌നം. വെട്ടിച്ചുരുക്കലിന്റെയും, ഓഫറുകളുടെയും ഗുണം ജനങ്ങളിലേക്ക് എത്തിക്കാന്‍ ബിസിനസ്സുകള്‍ തയ്യാറായില്ലെങ്കില്‍ പ്രതീക്ഷിച്ച ഫലം ലഭിക്കാതെ പോകും. 
കൂടുതല്‍വാര്‍ത്തകള്‍.