CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 37 Seconds Ago
Breaking Now

ഇംഗ്ലീഷ് ചാനല്‍ കടക്കാന്‍ ശ്രമിച്ച് ദിവസേന പിടിയിലാകുന്നത് 250-ഓളം അനധികൃത കുടിയേറ്റക്കാര്‍; കുടിയേറ്റ പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ റോയല്‍ നേവിയെ രംഗത്തിറക്കാന്‍ പ്രീതി പട്ടേല്‍; ഹോം സെക്രട്ടറി ചൂടിലാണ്?

കുടിയേറ്റക്കാരെ വഹിച്ചുള്ള ചെറിയ ബോട്ടുകള്‍ തടയാന്‍ നേവിയുടെ ബോട്ടുകള്‍ അണിനിരക്കുകയും ചെയ്യും

ബ്രിട്ടനില്‍ അനധികൃതമായി പ്രവേശിക്കുന്ന കുടിയേറ്റക്കാരുടെ എണ്ണം റെക്കോര്‍ഡ് തൊട്ടതോടെ ഇംഗ്ലീഷ് ചാനലില്‍ പട്രോളിംഗിന് റോയല്‍ നേവിയെ ഇറക്കാന്‍ ഒരുങ്ങി ഹോം സെക്രട്ടറി പ്രീതി പട്ടേല്‍. പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ പദ്ധതികള്‍ തയ്യാറാക്കിയ അധികൃതര്‍ ആദ്യമായി മനുഷ്യക്കടത്ത് നടത്തുന്ന ബോട്ടുകളെ തിരിച്ചയയ്ക്കാന്‍ നേവിയുടെ സഹായം തേടുകയാണ്. കഴിഞ്ഞ ദിവസം 250-ഓളം കുടിയേറ്റക്കാരാണ് ഈ വിധം അപകടകരമായ രീതിയില്‍ ചാനല്‍ കടന്നെത്തിയത്. കഴിഞ്ഞ ആഴ്ചയിലെ റെക്കോര്‍ഡ് എണ്ണമായ 202 മറികടന്നതോടെയാണ് ശക്തമായ നടപടികള്‍ വരുന്നത്. 

2019-ല്‍ ആകെ എത്തിയ ആളുകളുടെ ഇരട്ടി ആളുകളാണ് ബ്രിട്ടനിലേക്ക് ഈ വര്‍ഷം ഇതിനകം എത്തിച്ചേര്‍ന്നതെന്നാണ് കണക്കുകള്‍. 2020-ലെ ആദ്യത്തെ 219 ദിവസങ്ങളില്‍ ഏകദേശം 3950 കുടിയേറ്റക്കാരാണ് ചെറിയ ബോട്ടുകളില്‍ രാജ്യത്ത് പ്രവേശിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 1850 ആയിരുന്നു. ചാനല്‍ കടക്കുന്നത് പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ച ഹോം സെക്രട്ടറിക്ക് കനത്ത തിരിച്ചടിയാണ് ഈ അവസ്ഥ. 

ഒടുവില്‍ റെക്കോര്‍ഡ് കുടിയേറ്റക്കാര്‍ എത്തുന്ന സ്ഥിതി വന്നതോടെയാണ് ഹോം സെക്രട്ടറി നേവിയെ തന്നെ ഇറക്കാന്‍ തയ്യാറാകുന്നത്. എന്നാല്‍ ഫ്രഞ്ച് ഭാഗത്ത് നിന്ന് കുടിയേറ്റക്കാരെ തിരിച്ചെടുക്കാനുള്ള നടപടി കൂടി ഉണ്ടായെങ്കില്‍ മാത്രമാണ് ഗുണമെന്ന് ഹോം ഓഫീസ് ശ്രോതസ്സുകള്‍ കൂട്ടിച്ചേര്‍ത്തു. നേവി ബോട്ടുകള്‍ കുടിയേറ്റ ബോട്ടുകളെ തിരിച്ചയയ്ക്കുന്നതില്‍ അന്താരാഷ്ട്ര നിയമലംഘനങ്ങള്‍ ഇല്ലെന്നാണ് പ്രീതി പട്ടേലിന് ലഭിച്ചിട്ടുള്ള നിയമോപദേശം. 

കുടിയേറ്റക്കാരെ വഹിച്ചുള്ള ചെറിയ ബോട്ടുകള്‍ തടയാന്‍ നേവിയുടെ ബോട്ടുകള്‍ അണിനിരക്കുകയും ചെയ്യും. മറ്റ് വഴികളും ഇതിനായി തേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പ്രതിരോധ മന്ത്രാലയത്തിന്റെ കൂടി സഹായത്തോടെ പദ്ധതി നടപ്പാക്കാനാണ് പട്ടേല്‍ ഒരുങ്ങുന്നത്. കൂടാതെ ഫ്രഞ്ച് ആഭ്യന്തര മന്ത്രിയുമായും ചര്‍ച്ച നടത്തും. 




കൂടുതല്‍വാര്‍ത്തകള്‍.